ശതോത്തര സുവര്‍ണജൂബിലി പ്രൗഢിയില്‍ രാമറാവുവിന്‍െറ കോന്നി തേക്ക്

കോന്നി: 15 ദശാബ്ദത്തിന്‍െറ പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുകയാണ് വനംവകുപ്പിന്‍െറ കോന്നി തേക്കുതോട്ടം. സംസ്ഥാനത്തിനകത്തും പുറത്തും ലക്ഷണമൊത്ത തേക്കുതടികള്‍ ലഭിക്കാന്‍ കോന്നി വനംഡിവിഷനിലെ നടുവത്ത്മൂഴി, കോന്നി റെയ്ഞ്ചുകളിലെ തേക്കുതോട്ടങ്ങളില്‍ എത്തണം. തിരുവിതാംകൂറിലെ ആദ്യത്തെ തേക്ക് പ്ളാന്‍േറഷനായ അരുവാപ്പുലം തേക്കുതോട്ടം ആരംഭിച്ചിട്ട് 150വര്‍ഷം പിന്നിടുന്നു. ഒൗഷധവൃക്ഷമായ സിങ്കോണകൃഷിക്ക് പകരം തേക്കിന്‍തോട്ടങ്ങള്‍ നിര്‍മിക്കാന്‍ അന്നത്തെ ദിവാന്‍ ടി. മാധവറാവു കൊണ്ടുവന്ന ആശയം തിരുവിതാംകൂര്‍ റെസിഡന്‍റായിരുന്ന ഫിഷര്‍ തേക്കുതോട്ട നിര്‍മാണത്തിന് അനുമതി നല്‍കി. 1866ല്‍ അരുവാപ്പുലത്തെ 38 ഏക്കര്‍ സ്ഥലത്ത് തേക്കിന്‍ തൈകള്‍ നട്ടുപിടിപ്പിച്ചു. നട്ടുവളര്‍ത്തിയ ലക്ഷണമൊത്ത തേക്കുകള്‍ 80 വര്‍ഷത്തിനുശേഷം തീര്‍ത്ത്വെട്ട് നടത്തി. ഇതിനുശേഷം 1946ല്‍ വെച്ചുപിടിപിച്ച തേക്കുകള്‍ക്ക് പ്രായം 70 ആയി. എന്നിട്ടും വനംവകുപ്പ് തേക്കുകള്‍ തീര്‍ത്ത് വെട്ടാതെ സംരക്ഷിക്കുകയാണ്. തേക്കുമായി ബന്ധപ്പെട്ട് കോന്നി വനത്തിന് ഒട്ടേറെ പെരുമകളുണ്ട്. വനസംരക്ഷണത്തിന്‍െറ ഭാഗമായി കേരളത്തില്‍ ആദ്യമായി റിസര്‍വ് വനം അനുമതിയായത് കോന്നിയിലാണ്. ഈ അനുമതിക്കുശേഷം വനത്തിനുള്ളില്‍ കയറുന്നതും മൃഗങ്ങളെ വേട്ടയാടുന്നതും നിരോധിച്ച് 1888ല്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ തുടങ്ങിയതോടെയാണ് കോന്നിയിലെ തേക്കുതോട്ടങ്ങള്‍ സംരക്ഷിക്കപ്പെടുന്നത്. ലക്ഷണമൊത്ത നല്ല കാതലുള്ള തേക്ക് മരങ്ങള്‍ ലഭിക്കുന്നതിനാല്‍ ‘കോന്നി തേക്ക്’ എന്ന പെരുമയുണ്ട്. പ്രധാന ക്ഷേത്രങ്ങളിലെ കൊടിമരങ്ങളും ശ്രീകോവില്‍ നിര്‍മാണത്തിനും തേക്കുമരങ്ങള്‍ കൊണ്ടുപോകുന്നത് കോന്നിയില്‍നിന്നാണ്. ശബരിമല സന്നിധാനത്ത് പുതിയ കൊടിമരത്തിന് തേക്കുതടി കൊണ്ടുപോയത് കോന്നി നടുവത്തുമൂഴി റെയ്ഞ്ചിലെ വയക്കരയില്‍നിന്നാണ്. തൃപ്പൂണിത്തുറ പൂര്‍ണത്രൈയേശ്വര ക്ഷേത്രത്തിന്‍െറ ശ്രീകോവില്‍ നിര്‍മാണത്തിന് ആവശ്യമായ മുഴുവന്‍ തേക്കിന്‍ തടികളും ഇതേ റെയ്ഞ്ചിലെ കുമ്മണ്ണൂരില്‍നിന്നാണ് കൊണ്ടുപോയത്. ‘കേരളത്തിലെ പുഷ്പിക്കുന്ന സസ്യങ്ങള്‍’ പുസ്തകമെഴുതിയ കണ്‍സര്‍വേറ്റര്‍ രാമറാവുവിന്‍െറ പേരിലാണ് നടുവത്തുമൂഴിയിലെ തേക്കുതോട്ടം അറിയപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.