ചൂടിനൊപ്പം വേനല്‍ക്കാല രോഗങ്ങളും

പന്തളം: വേനല്‍ കടുത്തതോടെ വേനല്‍ക്കാല രോഗങ്ങളും എത്തിത്തുടങ്ങി. പലയിടത്തും താപനില 35 ഡിഗ്രിയില്‍ കൂടുതലായതോടെ വയറിളക്കവും മഞ്ഞപ്പിത്തവും ചിക്കന്‍പോക്സും വിവിധ ത്വഗ്രോഗങ്ങളും റിപ്പോര്‍ട്ടുചെയ്ത് തുടങ്ങിയതായി ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ദിനംപ്രതി ചൂട് വര്‍ധിക്കുന്നതിനാല്‍ രോഗപ്രതിരോധത്തിന് മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ കഴിയാതെ ആരോഗ്യപ്രവര്‍ത്തകരും കുഴയുന്നു. രോഗത്തെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകള്‍ നിര്‍ദേശിക്കാന്‍ മാത്രമാണ് കഴിയുന്നത്. കര്‍ശനമായി നടപ്പാക്കാനും കടമ്പകളേറെയാണ്. ശുദ്ധജലത്തിന്‍െറ ദൗര്‍ലഭ്യം രൂക്ഷമായതോടെ ടാങ്കര്‍ ജലത്തെയാണ് ആളുകള്‍ ആശ്രയിക്കുന്നത്. കഴിഞ്ഞദിവസം തുമ്പമണ്ണില്‍ വിതരണം നടത്തിയ കുടിവെള്ളത്തില്‍ ബാക്ടീരിയയുടെ അളവ് ക്രമാതീതമായി വര്‍ധിച്ചിരുന്നതായി കണ്ടത്തെിയിരുന്നു. ഈ കുടിവെള്ളം ഉപയോഗിക്കുന്നത് വയറിളക്കംപോലെയുള്ള രോഗങ്ങള്‍ക്ക് കാരണമാകും. ചൂടുവര്‍ധിച്ചതോടെ വ്യാപകമാകുന്ന രോഗമാണ് ചിക്കന്‍പോക്സ്. പലരും ആയുര്‍വേദചികിത്സ തേടുന്നതിനാലും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതിനാലും എത്രപേര്‍ക്ക് രോഗം ഉണ്ടെന്ന കൃത്യമായ വിവരം നല്‍കാനും ആരോഗ്യവകുപ്പിന് ആകുന്നില്ല. ചിക്കന്‍പോക്സ് വരുന്ന കൂടുതല്‍ രോഗികളും വീട്ടില്‍ വിശ്രമിക്കുകയും പരമ്പരാഗത ചികിത്സാരീതികള്‍ അവലംബിക്കുകയുമാണ് പതിവ്. രോഗമുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയാണ് ചെയ്യുന്നത്. ചിക്കന്‍പോക്സ് കൂടുതലായി ബാധിക്കുന്നത് കുട്ടികളെയാണെന്നാണ് ലഭിക്കുന്ന വിവരം. ഈ ചൂടുകാലത്ത് പനി വ്യാപകമായില്ളെന്ന പ്രത്യേകതകൂടിയുണ്ട്. വേനല്‍ക്കാല രോഗങ്ങള്‍ ഏറെയും ശ്രദ്ധിച്ചാല്‍ വേഗത്തില്‍ നിയന്ത്രണവിധേയമാക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു. കുടിവെള്ളമാണ് രോഗങ്ങളുടെ പ്രഭവകേന്ദ്രം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന കര്‍ശന നിര്‍ദേശം. കുടലിലെ അണുബാധയാണ് വയറിളക്കത്തിന് കാരണമാകുന്നത്. തുടക്കത്തില്‍തന്നെ ചികിത്സതേടുന്നതാണ് ഗുണകരം. അല്ലാത്തപക്ഷം ശരീരത്തിലെ ജലാംശവും സോഡിയവും നഷ്ടപ്പെട്ട് രോഗം മാരകമാകുന്നതിന് കാരണമാവുകയും ചെയ്യുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു. ജീവിതക്രമത്തില്‍ സൂക്ഷ്മത പുലര്‍ത്തുന്നതും ഭക്ഷണവും വെള്ളവും സൂക്ഷിച്ച് ഉപയോഗിക്കുകയും ചെയ്താല്‍ വേനല്‍ക്കാലരോഗങ്ങള്‍ പ്രതിരോധിക്കാം. ഒരുദിവസം കുറഞ്ഞത് പത്തുഗ്ളാസ് വെള്ളമെങ്കിലും കുടിക്കണം. സൂര്യപ്രകാശം ശരീരത്തില്‍ നേരിട്ടടിക്കുന്ന ജോലികള്‍ ഒഴിവാക്കുക. ദിവസവും രണ്ടുനേരമെങ്കിലും കുളിക്കുക, ശുദ്ധിയുള്ള ആഹാരം കഴിക്കുക, വെയിലത്ത് നടക്കുമ്പോള്‍ പരമാവധി കുട ഉപയോഗിക്കുക തുടങ്ങിയവയാണ് പ്രധാന പ്രതിരോധ മാര്‍ഗങ്ങളെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.