കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോഴും അധികൃതര്‍ക്ക് മെല്ലപ്പോക്ക് നയം

തിരുവല്ല: വിവിധ ഇടങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോഴും അധികൃതര്‍ മെല്ലപ്പോക്ക് നയം തുടരുന്നു. അപ്പര്‍കുട്ടനാടന്‍ പ്രദേശങ്ങളില്‍ ശുദ്ധജലക്ഷാമം രൂക്ഷമായി തുടരുമ്പോഴും ജലവിതരണ വകുപ്പിന്‍െറ നെടുമ്പ്രം ഡിവിഷനില്‍ വേണ്ടത്ര ജീവനക്കാര്‍ ഇല്ലാത്തത് പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കുന്നു. വാട്ടര്‍ അതോറിറ്റിയുടെ നെടുമ്പ്രം ഡിവിഷന്‍െറ കീഴിലാണു നിരണം, കടപ്ര, നെടുമ്പ്രം, പെരിങ്ങര, കുറ്റൂര്‍, തിരുവന്‍വണ്ടൂര്‍ എന്നീ പഞ്ചായത്തുകള്‍. ഇവിടത്തെ അസി. എന്‍ജിനീയര്‍ ഒരു മാസമായി അവധിയിലുമാണ്. പകരം തിരുവല്ല എ.ഇക്കാണു ചുമതല. എ.ഇയെക്കൂടാതെ രണ്ടു ഓവര്‍സിയര്‍മാര്‍ മാത്രമാണ് ഡിവിഷനിലുള്ളത്. വേനല്‍ കടുത്തതോടെ ദിവസവും ലഭിക്കുന്ന പരാതികള്‍ പരിശോധിക്കാന്‍പോലും ആവശ്യത്തിനു ജീവനക്കാരില്ലാത്ത സ്ഥിതിയാണ്. ഇതുമൂലം വിവിധ ഇടങ്ങളിലെ കുടിവെള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണല്‍ വഴിമുട്ടി. പെരിങ്ങര, നിരണം പഞ്ചായത്തുകളിലാണ് കുടിവെള്ള പ്രശ്നങ്ങള്‍ രൂക്ഷമായിരിക്കുന്നത്. രണ്ടിടത്ത് ജലസംഭരണികള്‍ സ്ഥാപിച്ചെങ്കിലും പ്രവര്‍ത്തനം തുടങ്ങാത്ത അവസ്ഥയാണുള്ളത്. പെരിങ്ങരയില്‍ വിതരണ പൈപ്പുകള്‍ വലിക്കുന്നതില്‍ ഉള്ളകാലതാമസമാണ് ഇപ്പോള്‍ പ്രശ്നങ്ങള്‍ക്ക് കാരണമായത്. നിരണത്തെ 10, 11, 12 വാര്‍ഡുകളിലാണ് കുടിവെള്ളപ്രശ്നം രൂക്ഷം. പൈപ്പ് വെള്ളത്തിനു വേണ്ടിയുള്ള കാത്തിരിപ്പിന് അഞ്ചു വര്‍ഷമായി. തേവരിയില്‍ വലിയ പുത്തന്‍പുരയില്‍ കുര്യന്‍ പി. എബ്രഹാം, നിരണം വെസ്റ്റില്‍ ചാത്തങ്കേരില്‍ സി.എ. കുര്യന്‍ ഇവരുടെ രണ്ടു പേരുടെയും വീട്ടിലെ വറ്റാത്ത കിണര്‍ മാത്രമാണ് നൂറോളം കുടുംബങ്ങളുടെ ആശ്രയം. ഇവിടെയുള്ള സംഭരണിയുടെ അപര്യാപ്തതയാണ് പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് മുഖ്യകാരണം. തിരുവല്ല സംഭരണിയില്‍നിന്ന് കടപ്ര ആലംതുരത്തിയില്‍ എത്തുന്ന വെള്ളം ബൂസ്റ്റര്‍ പമ്പ് ഉപയോഗിച്ചു നിരണം തൃക്കപാലീശ്വരം ക്ഷേത്രത്തിനു സമീപമുള്ള സംഭരണിയില്‍ നിറച്ചാണ് നിരണത്ത് വിതരണം ചെയ്യുന്നത്. രണ്ടര ലക്ഷം ലിറ്റര്‍ ശേഷി മാത്രമാണ് സംഭരണിക്കുള്ളത്. ഈ സംഭരണിയില്‍നിന്നുള്ള പൈപ്പ് ലൈനിന്‍െറ അവസാനഭാഗത്താണ് തേവേരി പ്രദേശം. 12 ദിവസം കൂടുമ്പോഴാണ് വാട്ടര്‍ അതോറിറ്റി ഈ പ്രദേശത്തേക്ക് വെള്ളം തുറന്നുവിടുന്നത്. പൈപ്പ് ലൈനിന്‍െറ അവസാനഭാഗമായതിനാല്‍ ഈ ഭാഗത്തു എത്തുമ്പോഴേക്കും വെള്ളം തീരും. വീണ്ടും സംഭരണി നിറച്ചു വിതരണം ചെയ്താലും ഈ ഭാഗത്ത് എത്താറില്ളെന്നു നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ക്ക് പ്രതീക്ഷയേകി നിരണം വെസ്റ്റില്‍ പുതിയ ജലസംഭരണി നിര്‍മിച്ച് പരീക്ഷണ നിറക്കലും കഴിഞ്ഞു കിടക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉദ്ഘാടനം നടത്താനാകാതെ സംഭരണി വെറുതെ കിടക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.