കൊറ്റനാട് മലയിലെ മണ്ണെടുപ്പ് സ്ത്രീകളടക്കം 34പേര്‍ക്കെതിരെ നല്ലനടപ്പിന് കേസ്

കോഴഞ്ചേരി: വല്ലന കൊറ്റനാട് മലയിലെ മണ്ണെടുപ്പിനെതിരെ സമരം ചെയ്ത സ്ത്രീകളടക്കം 34പേര്‍ക്ക് നല്ലനടപ്പിന് കേസെടുത്തു. സി.ആര്‍.പി.സി 107 വകുപ്പ് അനുസരിച്ച് നല്ലനടപ്പിന് കേസെടുത്ത് അടൂര്‍ ആര്‍.ഡി.ഒ 34പേര്‍ക്ക് സമന്‍സ് അയച്ചു. 21 പുരുഷന്മാര്‍ക്കും 13 സ്ത്രീകള്‍ക്കുമാണ് സമന്‍സ് ലഭിച്ചത്. മേയ് മൂന്നിന് ആര്‍.ഡി.ഒ ഓഫിസില്‍ ഹാജരാകണമെന്ന് സമന്‍സില്‍ പറയുന്നു. 107ന് പുറമെ മറ്റ് ചില വകുപ്പുകളും ചാര്‍ജ് ചെയ്തിട്ടുണ്ട്. നല്ലനടപ്പിന് കേസെടുത്താല്‍ പ്രതികള്‍ എല്ലാമാസവും എക്സിക്യൂട്ടിവ് മജിസ്ട്രേറ്റായ ആര്‍.ഡി.ഒക്ക് മുന്നില്‍ ഹാജരാകണം. ഡിവൈ.എസ്.പി നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ചാണ് ആര്‍.ഡി.ഒ നല്ലനടപ്പിന് കേസെടുത്തത്. ആര്‍.ഡി.ഒ ഓഫിസില്‍ നിയമപരമായ ഉപദേശം തേടിയതിനുശേഷമേ ഹാജരാകുകയുള്ളൂ എന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. മണ്ണെടുപ്പ് സംഘത്തിന് നേരത്തേ നല്‍കിയ പാസിന്‍െറ കാലാവധി തീര്‍ന്നതിനെതുടര്‍ന്ന് കുറച്ചുദിവസം മണ്ണെടുപ്പ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. അതുകൊണ്ട് സമരസമിതി പ്രവര്‍ത്തകര്‍ തെല്ല് ആശ്വാസത്തിലുമായിരുന്നു. എന്നാല്‍, ഇവര്‍ ജിയോളജി വകുപ്പില്‍ പുതിയ പാസിനുവേണ്ടി അപേക്ഷനല്‍കി നീക്കം നടത്തിക്കൊണ്ടിരിക്കുകയുമാണ്. ജിയോളജി വിഭാഗത്തിലെ അധികൃതര്‍ സമരസമിതി പ്രവര്‍ത്തകരോട് പറഞ്ഞത് മണ്ണെടുക്കുന്നതിനുള്ള അപേക്ഷ പരിഗണിക്കുമെന്നും തടയാന്‍ നിയമപരമായ സാധ്യത ഇല്ളെന്നുമാണ്. അതുകൊണ്ട് സമരസമിതി സമരം ശക്തിപ്പെടുത്താനുള്ള തീരുമാനത്തിലാണ്. 107ാം വകുപ്പിന്‍െറ ദുരുപയോഗമാണ് വല്ലനയില്‍ നടന്നതെന്ന് നിയമവിദഗ്ധര്‍ പറയുന്നു. ആര്‍.ഡി.ഒയുടെയും ഡിവൈ.എസ്.പിയുടെയും നടപടിയെ ഹൈകോടതിയില്‍ ചോദ്യംചെയ്താല്‍ സമരക്കാര്‍ക്ക് നീതി ലഭിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ജനകീയ പ്രശ്നത്തിന്‍െറ പേരില്‍ സമരംചെയ്യുന്ന ആളുകളെ നല്ലനടപ്പ് ജാമ്യത്തിന്‍െറപേരില്‍ ഭീഷണിപ്പെടുത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ബാര്‍ അസോ. ജില്ലാ പ്രസിഡന്‍റ് അഡ്വ. പീലിപ്പോസ് തോമസ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഇത്തരം മാര്‍ഗങ്ങളിലൂടെ ജനകീയ സമരങ്ങളെ തകര്‍ക്കാനാവില്ല. കടുത്ത വരള്‍ച്ച നേരിടുന്ന സമയത്ത് കുന്നും മലകളുമെല്ലാം ഇടിച്ച് നിരപ്പാക്കാനുള്ള ശ്രമങ്ങളെ മുഴുവന്‍ ജനങ്ങളും എതിര്‍ക്കേണ്ടതാണ്. പൊലീസിന്‍െറ നടപടി കടുത്ത നിയമലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.