അവസരം മുതലെടുത്ത് ശീതളപാനിയ വില്‍പനക്കാരും പഴവര്‍ഗ വ്യാപാരികളും

പത്തനംതിട്ട: കൊടുംചൂട് മുതലെടുത്ത് ശീതളപാനിയ വില്‍പനക്കാരും പഴവര്‍ഗ വ്യാപാരികളും കൊള്ളവില ഈടാക്കാന്‍ തുടങ്ങിയിട്ടുണ്ട്. തോന്നിയവിലയാണ് കച്ചവടക്കാര്‍ വാങ്ങുന്നതെന്ന പരാതി വര്‍ധിച്ചുവരികയാണ്. ഒരു കടയിലും വിലനിലവാരം പ്രദര്‍ശിപ്പിച്ചിട്ടില്ല. പത്തനംതിട്ട നഗരത്തിലെ പഴക്കടകളിലും ശീതളപാനിയം വില്‍പന കടകളിലും വലിയ കൊള്ളയാണ് നടക്കുന്നത്. പൊതുജനങ്ങള്‍ പരാതിപ്പെട്ടാലും അധികൃതര്‍ നടപടിക്ക് തയാറെടുക്കുന്നില്ല. തെരഞ്ഞെടുപ്പായതിനാലാണ് നടപടിക്ക് തയാറാകാത്തതെന്നും ആക്ഷേപമുണ്ട്. ഏതെങ്കിലും നടപടിക്ക് തുനിഞ്ഞാല്‍ വോട്ടുകുറയുമോ എന്ന ഭയമാണ് ബന്ധപ്പെട്ടവര്‍ക്കുള്ളത്. നാരങ്ങാവെള്ളം, മുന്തിരി, ആപ്പ്ള്‍, പൈനാപ്പ്ള്‍, ഷാര്‍ജ ജ്യൂസുകള്‍ എന്നിവക്ക് തോന്നുംപടിയാണ് വില ഈടാക്കുന്നത്. ഫ്രഷ് ജ്യൂസുകള്‍ക്കും ഷാര്‍ജ ജ്യൂസുകള്‍ക്കും 60 രൂപവരെ പത്തനംതിട്ട പുതിയ ബസ് സ്റ്റാന്‍ഡിലെയും ടൗണിലെയും ബേക്കറികളിലും ജ്യൂസ് കടകളിലും ഈടാക്കുന്നു. പല കടകളിലും ചീഞ്ഞ മുന്തിരിയും ആപ്പ്ളും പൈനാപ്പ്ളും ജ്യൂസ് നിര്‍മാണത്തിന് ഉപയോഗിക്കുന്നതായും പരാതിയുണ്ട്. പത്തനംതിട്ട സെന്‍ട്രല്‍ ജങ്ഷനിലെ അടക്കം പഴക്കച്ചവടക്കാര്‍ പഴവര്‍ഗങ്ങള്‍ക്ക് തോന്നുംപടി വിലയീടാക്കുന്നുവെന്ന് പരാതി വ്യാപകമായിട്ടും നഗരസഭയോ മറ്റ് അധികൃതരോ നടപടിക്ക് തയാറായിട്ടില്ല. വലിയ ജാറുകളിലെ കുടിവെള്ള വിതരണവും ജില്ലയില്‍ വര്‍ധിച്ചിട്ടുണ്ട്. ഒരു ഗുണനിലവാര പരിശോധനകളും നടത്താതെയാണ് കുടിവെള്ളം വില്‍ക്കുന്നത്. മാലിന്യം കലര്‍ന്ന കുടിവെള്ളവും ഇത്തരത്തില്‍ വില്‍പന നടത്തുന്നതായി പരാതിയുണ്ട്. വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന സോഡാ ഫാക്ടറികളുടെ പ്രവര്‍ത്തനങ്ങളും പരിശോധിക്കാന്‍ ആളില്ലാത്ത സ്ഥിതിയാണിപ്പോള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.