കൊടുംചൂടില്‍ ജില്ല വെന്തുരുകുന്നു

പത്തനംതിട്ട: തുടര്‍ച്ചയായി അനുഭവപ്പെടുന്ന കൊടുംചൂട് കാരണം ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതി. പകലത്തെ കൊടും ചൂടില്‍നിന്ന് രാത്രിയിലും മോചനമില്ലാതെ ജനം വെന്തുരുകുകയാണ്. വ്യാഴാഴ്ചയും ജില്ലയില്‍ കനത്തചൂടാണ് അനുഭവപ്പെട്ടത്. പലര്‍ക്കും ശാരീരികമായ അസ്വസ്ഥതകളും രോഗങ്ങളും വര്‍ധിച്ചിട്ടുണ്ട്. ജില്ലയിലെ നദികളും കിണറുകളും വറ്റിവരണ്ടതോടെ കുടിവെള്ളക്ഷാമം രൂക്ഷമായി. ഇടക്ക് വേനല്‍മഴ ലഭിച്ചെങ്കിലും ചൂടിന് ഒരു ശമനവും ഇല്ലാത തുടരുന്നു. വരുംദിവസങ്ങളിലും സ്ഥിതി തുടര്‍ന്നാല്‍ ജില്ലയിലെ അവസ്ഥ അതിഭീകരമാകും. ഇപ്പോള്‍ തന്നെ കുടിവെള്ളത്തിനായി ജനങ്ങള്‍ പരക്കം പായുകയാണ്. വ്യാഴാഴ്ച വൈകീട്ട് ചില സ്ഥലങ്ങളില്‍ മഴ ലഭിച്ചു. എങ്കിലും ചൂടിന് ശമനമായിട്ടില്ല. സൂര്യാതപം ഏല്‍ക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. പൊരിവെയിലത്ത് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കാണ് സൂര്യാതപം ഏല്‍ക്കുന്നത്. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെ വെയിലത്തുള്ള ജോലി ഉപേക്ഷിക്കണമെന്ന് അറിയിപ്പുണ്ടെങ്കിലും ഒരിടത്തും ഇത് പാലിക്കപ്പെടുന്നില്ല. ക്വാറി മേഖലകളിലും കെട്ടിട നിര്‍മാണ മേഖലകളിലും കനത്ത ചൂടിലും ജോലിക്കാര്‍ പണിചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ്. കേബ്ള്‍ കുഴിയെടുപ്പും പൊള്ളുന്ന ചൂടിലാണ് നടക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളാണ് ഇത്തരം ജോലികളില്‍ കൂടുതലും ഏര്‍പ്പെട്ടിട്ടുള്ളത്. ചെറിയതോതില്‍ പലര്‍ക്കും പൊള്ളല്‍ ഏല്‍ക്കുന്നുണ്ടെങ്കിലും പ്രാരാബ്ധങ്ങള്‍ നിമിത്തം അതു വകവെക്കാതെ പണിയെടുക്കേണ്ട അവസ്ഥയിലാണ് തൊഴിലാളികള്‍. നദികളിലും കിണറുകളിലും വെള്ളമില്ലാതെ വന്നതോടെ ജനങ്ങള്‍ കുടിവെള്ളത്തിനായി ഏറെ ബുദ്ധിമുട്ടുന്നു. മലയോര മേഖലകളിലുള്ളവരാണ് ഏറെ നരകിക്കുന്നത്. ചൂട് വര്‍ധിച്ചതോടെ ജില്ലയിലെ വൈദ്യുതി ഉപയോഗം ഗണ്യമായി കൂടിയിട്ടുണ്ട്. ഫാന്‍, എ.സി ഇവയുടെ ഉപയോഗം കൂടിയതാണ് പ്രധാനകാരണം. ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ് താണത് വൈദ്യുതി ഉല്‍പാദനത്തില്‍ പ്രതിസന്ധിക്കും ഇടയാക്കിയിട്ടുണ്ട്. എല്ലാവര്‍ക്കും ഇരട്ടിയോളം തുകയുടെ വൈദ്യുതി ബില്ലാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ ഓഫിസുകളില്‍ വൈദ്യുതി ദുരുപയോഗം ചെയ്യുന്നതായും പരാതിയുണ്ട്. ഓഫിസ് സമയം കഴിഞ്ഞ് ഫാനും ലൈറ്റുകളും ഓഫാക്കാതെ കിടക്കുന്നതും പരാതിക്കിടയാക്കിയിട്ടുണ്ട്. കനത്ത ചൂട് തെരഞ്ഞെടുപ്പ് പ്രചാരണത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ചൂടത്തെ പ്രചാരണം കാരണം സ്ഥാനാര്‍ഥികളില്‍ പലരും പോസ്റ്ററുകളിലെ പടവുമായി സാമ്യമില്ലാതെ ആകെ വാടിക്കറുത്ത് രൂപംമാറിയ നിലയിലാണ്. പലരുടെയും മുഖസൗന്ദര്യം നഷ്ടപ്പെട്ടു. ഇവരെ കണ്ടാല്‍ വോട്ടര്‍മാര്‍ക്ക് തിരിച്ചറിയാന്‍ പോലും പ്രയാസമായിട്ടുണ്ട്. ചൂടിനെ നേരിടാന്‍ തയാറെടുത്താണ് സ്ഥാനാര്‍ഥികള്‍ പലരും പ്രചാരണരംഗത്ത് നില്‍ക്കുന്നത്. ഉച്ചസമയത്തെ പ്രചാരണം കഴിവതും ഒഴിവാക്കാനും വൈകീട്ട് കൂടുതല്‍ സമയം കണ്ടത്തൊനും ശ്രമിക്കുന്നുണ്ട്. ചൂടുകാരണം പ്രചാരണ പ്രവര്‍ത്തനങ്ങളില്‍നിന്ന് പലരും ഒഴിഞ്ഞുനില്‍ക്കാന്‍ ശ്രമിക്കുന്നത് ചിലയിടങ്ങളില്‍ പ്രചാരണത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. പൊതുയോഗങ്ങളില്‍ ആളുകള്‍ കുറയുന്നതായും പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.