പത്തനംതിട്ട: കലക്ടര്‍ എസ്. ഹരികിഷോര്‍ വ്യാഴാഴ്ച ഒരു സുപ്രധാന തീരുമാനമെടുത്തു. ഭാര്യ ഗൗരിയെ പാട്ട് പഠിപ്പിക്കും. ജില്ലയിലെ പോളിങ് ശതമാനം വര്‍ധിപ്പിക്കുന്നതിനുള്ള വോട്ടര്‍ ബോധവത്കരണ പരിപാടിയായ സ്വീപ്പിന്‍െറ ഭാഗമായി പുറത്തിറക്കിയ ഓഡിയോ സീഡിയില്‍ ഭാര്യ പാടിയ പാട്ട് കേട്ടശേഷമായിരുന്നു തീരുമാനം. കലക്ടറേറ്റില്‍ നടന്ന സീഡി പ്രകാശന ചടങ്ങില്‍ നിറഞ്ഞ സദസ്സിനു മുന്നില്‍ പാട്ട് പാടിയ ഗൗരിക്ക് കിട്ടിയ കൈയടി കലക്ടറെ അമ്പരപ്പിക്കുകയും ചെയ്തു. കെ.എസ്.ഇ.ബി പത്തനംതിട്ട ഇലക്ട്രിക്കല്‍ ഡിവിഷന്‍ അസി. എന്‍ജിനീയര്‍ കൂടിയായ ഗൗരി ഗായികയായതിനെക്കുറിച്ച് കലക്ടര്‍ പറഞ്ഞു. ‘സീഡി പുറത്തിറക്കാന്‍ തീരുമാനിച്ചപ്പോള്‍ ഏത് ഗായികയെക്കൊണ്ട് പാടിക്കുമെന്ന് സ്വീപ്പിന്‍െറ പ്രവര്‍ത്തകര്‍ക്ക് സംശയമുണ്ടായി. വീട്ടില്‍ ചില പാട്ടുകളൊക്കെ കേള്‍ക്കാറുണ്ടെന്നും വേണമെങ്കില്‍ പരീക്ഷിക്കാമെന്നും ഞാന്‍ പറഞ്ഞു. അങ്ങനെ സ്റ്റുഡിയോയില്‍ കൊണ്ടുപോയി പാടിച്ചു. നന്നായിരിക്കുന്നുവെന്ന് എല്ലാവരും പറഞ്ഞു.’ ആദ്യമായി വേദിയില്‍ പാടുന്നതിന്‍െറ ടെന്‍ഷനുണ്ടായിരുന്നുവെന്ന് പ്രകാശന ചടങ്ങിനുശേഷം ഗൗരി പറഞ്ഞു. നിരവധി വേദികളില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്രയും ടെന്‍ഷനോടെയിരുന്ന മറ്റൊരു ചടങ്ങില്ല എന്നായിരുന്നു കലക്ടറുടെ കമന്‍റ്. ‘ബീപ്... ബീപ്... ബീപ്... ഇതാണെന്‍ സംഗീതം, ബീപ്... ബീപ്... ബീപ്.. ഇതിന്ത്യ തന്‍ സംഗീതം, ജനാധിപത്യത്തിന്‍ സംഗീതം വോട്ടു ചെയ്യൂ... വോട്ടു ചെയ്യൂ....എന്ന ഗാനമാണ് ഗൗരി ആലപിച്ചത്. ബീപ് എന്നു പേരിട്ടിരിക്കുന്ന സീഡിയില്‍ ഗൗരിക്കു പുറമെ അനീഷ്, ബിജില ഖാന്‍ എന്നിവര്‍ പാടിയിരിക്കുന്നു. ഇതിന്‍െറ വിഡിയോ സീഡിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. പത്തനംതിട്ട സ്വീപ് സെല്ലാണ് സീഡി നിര്‍മിച്ചത്. എ. ഷിബുവിന്‍േറതാണ് ആശയവും രചനയും. സംവിധാനം ബി.വി. ധനുഷ്. ചന്തുമിത്രയാണ് സംഗീതം. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഐ. അബ്ദുല്‍ സലാമിന് നല്‍കി കലക്ടര്‍ എസ്. ഹരികിഷോര്‍ സീഡി പ്രകാശനം ചെയ്തു. സ്വീപ് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നടത്തിയ വിവിധപ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച പുസ്തകം ഡെപ്യൂട്ടി കലക്ടര്‍ അനു എസ്. രാജിന് നല്‍കി കലക്ടര്‍ പ്രകാശനം ചെയ്തു. എ.ഡി.എം എം. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍ അതുല്‍ സ്വാമിനാഥ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കിരണ്‍ റാം, സ്വീപ് അസി. നോഡല്‍ ഓഫിസര്‍മാരായ രാരാരാജ്, ജയിംസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.