ജാതി-മത-സമുദായ പിന്തുണകളെച്ചൊല്ലി വാക്പോര്

പത്തനംതിട്ട: ആറന്മുളയുടെ മണ്ണ് മതനിരപേക്ഷതയുടേതാണെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വീണ ജോര്‍ജ്. ഏതെങ്കിലും സമുദായ പിന്തുണയോടെ ആറന്മുളയില്‍ ജയിച്ചു കയറാമെന്ന് കരുതിയാല്‍ നടക്കില്ളെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. ശിവദാസന്‍ നായര്‍. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ജാതി-മത-വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമം നടക്കുന്നുണ്ടെന്ന് ആറന്മുളയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി എം.ടി. രമേശ്. പത്തനംതിട്ട പ്രസ്ക്ളബ് നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ജനഹിതം 2016’ ആറന്മുള നിയോജക മണ്ഡലം സ്ഥാനാര്‍ഥി സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മൂവരും. ആറന്മുളയില്‍ സാമുദായിക ധ്രുവീകരണമുണ്ടെന്ന് കരുതുന്നില്ളെന്നായിരുന്നു വീണയുടെ അഭിപ്രായം. സമുദായ താല്‍പര്യം ആറന്മുളയില്‍ നടക്കില്ല. ആ രീതിയിലുള്ള വോട്ടുപിടിത്തം ശരിയല്ല. അങ്ങനെ ചെയ്യാന്‍ പാടില്ല. താന്‍ ഒരു വിഭാഗത്തിന്‍െറയും പ്രതിനിധിയല്ളെന്നും വീണ പറഞ്ഞു. താന്‍ ജാതിമത ചിന്തകള്‍ക്ക് അതീതമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ശിവദാസന്‍ നായര്‍ പറഞ്ഞു. മണ്ഡലത്തിലെ ജനങ്ങളെ നന്നായി തനിക്കറിയാം. ഏതെങ്കിലും സമുദായത്തിന്‍െറ പേരില്‍ ജയിച്ചുകയറാമെന്ന് വിചാരിച്ച് ആരെങ്കിലും വന്നാല്‍ നടപ്പാകില്ല. ജാതി മതത്തിന്‍െറ പേരില്‍ ചില സ്വാര്‍ഥ മോഹികള്‍ മുമ്പും വന്നിട്ടുണ്ടെങ്കിലും അവര്‍ ഇളിഭ്യരായി പോയ ചരിത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുടനീളം വര്‍ഗീയ ധ്രുവീകരണം നടക്കുന്നുവെന്ന് എം.ടി. രമേശ് പറഞ്ഞു. ജാതി-മത-വര്‍ഗീയ-സാമ്പത്തിക വിഷയങ്ങള്‍ ബോധപൂര്‍വം കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. മുമ്പ് ഇത് യു.ഡി.എഫ് മാത്രമായിരുന്നു. ഇക്കുറി എല്‍.ഡി.എഫിലും അതുണ്ടായി എന്നും അദ്ദേഹം പറഞ്ഞു. വീണ ജോര്‍ജ് (എല്‍.ഡി.എഫ്) സംസ്ഥാനത്ത് ശക്തമായ മത്സരം നടക്കുന്ന ഒരു മണ്ഡലമാണ് ആറന്മുള. മണ്ഡലത്തില്‍ നിലനില്‍ക്കുന്ന വികസന മുരടിപ്പാണ് പ്രധാന വിഷയം. കെ.കെ. നായരുടെ കാലത്തുള്ള വികസനം മാത്രമേ കാണാന്‍ കഴിയൂ. ജില്ലാ ആസ്ഥാനം വികസന കാര്യത്തില്‍ ഏറ്റവും പിന്നിലാണ്. ശബരിമലയുടെ ഹബ് ആയിട്ടും ഒരു വികസനവും ഇല്ലാതെ കിടക്കുന്നു. ശബരിമല തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാന്‍ ഒരു സൗകര്യവും ഇല്ലാത്ത സ്ഥിതിയാണ്. ആറന്മുളയില്‍ ഒരു ഇടത്താവളം ഇനിയും ആയിട്ടില്ല. വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. മുണ്ടുകോട്ടക്കല്‍ കോളനി, തോട്ടപ്പുഴശേരി തുടങ്ങി വിവിധ സ്ഥലങ്ങളില്‍ കുടിവെള്ളക്ഷാമം നിലനില്‍ക്കുന്നു. കോഴഞ്ചേരിയില്‍ സമാന്തര പാലവും റോഡും ആയിട്ടില്ല. കുമ്പഴ ഉപനഗരം വികസനം നടപ്പായില്ല. നഗരസഭ മാലിന്യസംസ്കരണ പ്ളാന്‍റ്, ആധുനിക മത്സ്യ മാര്‍ക്കറ്റ് ഇവയൊക്കെ നഷ്ടമായി. മല്ലപ്പുഴശേരി ലക്ഷം വീട് കോളനിയില്‍ ചാരായവും കഞ്ചാവും സുലഭമായിട്ടും ഇത് തടയാന്‍ നടപടിയെടുത്തില്ല. ജനറല്‍ ആശുപത്രിയില്‍ കുടിവെള്ളമില്ലാതെ ജനം നരകിക്കുന്നു. ഡയാലിസിസ് യൂനിറ്റ് പ്രവര്‍ത്തനരഹിതമാണ്. മരുന്നുകള്‍പോലും ലഭ്യമല്ല. വാര്യാപുരം വളവ് നിവര്‍ത്താന്‍പോലും കഴിഞ്ഞിട്ടില്ല. ആറന്മുള മതനിരപേക്ഷ സമൂഹമാണ്. ആറന്മുളയുടെ സംസ്കാരം സവിശേഷമാണ്. ഒരു പ്രത്യേക വിഭാഗത്തിന്‍െറ പ്രതിനിധിയായി തന്നെ ചിത്രീകരിക്കാന്‍ ശ്രമിച്ചതായും വീണ ജോര്‍ജ് പറഞ്ഞു. അഡ്വ. കെ. ശിവദാസന്‍ നായര്‍ (യു.ഡി.എഫ്) കേരളത്തില്‍ ഇത്രയേറെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയ സര്‍ക്കാര്‍ ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ആറന്മുള മണ്ഡലത്തില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. കെ.എസ്.ആര്‍.ടി.സി കെട്ടിട സമുച്ചയം, ജനറല്‍ ആശുപത്രിയിലെ വിവിധ പദ്ധതികള്‍, ജില്ലാ സ്റ്റേഡിയം നിര്‍മാണപ്രവര്‍ത്തനങ്ങള്‍, സുബല പാര്‍ക്ക്, റോഡുകളുടെ അറ്റകുറ്റപ്പണി, സ്കൂള്‍ കെട്ടിടങ്ങള്‍ തുടങ്ങി നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇലന്തൂരില്‍ ഗവ. കോളജ്, ആറന്മുള എന്‍ജിനീയറിങ് കോളജ് ഇവയൊക്കെ യു.ഡി.എഫ് കാലത്താണ് ആരംഭിച്ചത്. കുടിവെള്ള പ്രശ്നത്തിന് മഴവെള്ളം സംഭരിക്കുന്ന പദ്ധതികള്‍ കൂടുതല്‍ പ്രയോജനം ചെയ്യും. ആറന്മുള വിമാനത്താവള പദ്ധതി നടപ്പാക്കാന്‍ തന്നെ താന്‍ പരിശ്രമിക്കും. യാതൊരു അര്‍ഥാശങ്കക്കും ഇടനല്‍കാതെ ഇതില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണ്. എല്‍.ഡി.എഫ് പദ്ധതി അട്ടിമറിക്കുകയായിരുന്നു. എം.ടി. രമേശ് (എന്‍.ഡി.എ) മണ്ഡലത്തിലെ വികസന മുരടിപ്പിന് ഇരുമുന്നണിയും ഒരേപോലെ ഉത്തരവാദികളാണ്. ഇവര്‍ ഇതിന്‍െറ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കണം. എല്‍.ഡി.എഫും യു.ഡി.എഫും കണ്ണുകെട്ടിക്കളി നടത്തുകയാണ്. ഒരേ കള്ളനാണയത്തിന്‍െറ രണ്ടു വശങ്ങളാണ് എല്‍.ഡി.എഫും യു.ഡി.എഫും. നാട്ടിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തലാണ് വികസനം. ഭാവനയുള്ള നേതൃത്വം മണ്ഡലത്തിലില്ല. പ്രധാന പ്രശ്നം കുടിവെള്ള പ്രശ്നമാണ്. പാടശേഖരങ്ങളുടെ സംരക്ഷണത്തിന് ഒരു പദ്ധതിയും ഇല്ല. എന്‍.ആര്‍.ഐക്കാരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ഒരു പദ്ധതിയും ഇല്ല. കേന്ദ്ര സര്‍ക്കാറിന്‍െറ സഹായത്തോടെയുള്ള പദ്ധതികള്‍ മാത്രമേ നടന്നിട്ടുള്ളൂ. ആറന്മുള വിമാനത്താവളം അവിടുത്തെ പൈതൃകം തകര്‍ക്കുന്നതായിരുന്നു. സാമ്പത്തിക ശക്തികള്‍ക്കുവേണ്ടി നാട് നശിപ്പിക്കാന്‍ വേണ്ടിയുള്ളതായിരുന്നു വിമാനത്താവളമെന്നും എം.ടി. രമേശ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മതത്തെയും സമുദായത്തെയുമൊക്കെ കൊണ്ടുവരുന്നത് അപകടം ഉണ്ടാക്കുന്നതാണ്. സ്ഥാനാര്‍ഥികളില്‍ പലരും അതി സമ്പന്നന്മാര്‍ ആണ്. വോട്ടുകള്‍ ധ്രുവീകരിക്കാന്‍ ഇരുമുന്നണിയും ശ്രമിക്കുന്നതായും എം.ടി. രമേശ് ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.