സൂര്യാതപം: ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ

പത്തനംതിട്ട: അന്തരീക്ഷ താപം വളരെ ഉയര്‍ന്നതിനാല്‍ എല്ലാവരും സൂര്യാതപം ഏല്‍ക്കാതെ ശ്രദ്ധിക്കണമെന്ന് ഡി.എം.ഒ ഡോ. ഗ്രേസി ഇത്താക്ക് അറിയിച്ചു. ഒരു പരിധിക്കപ്പുറം അന്തരീക്ഷ താപം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനം തകരാറിലാകുകയും ശരീരത്തിലെ താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും തുടര്‍ന്ന് തലച്ചോറ്, വൃക്ക, ഹൃദയം എന്നീ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യാതപം. നാലു വയസ്സുവരെയുള്ള കുട്ടികള്‍, 65നു മുകളില്‍ പ്രായമുള്ളവര്‍, പനിയുള്ളവര്‍, ഹൃദ്രോഗമുള്ളവര്‍, മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്നവര്‍ തുടങ്ങിയവര്‍ക്കാണ് സൂര്യാതപമേല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ളത്. വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട് ചുവന്ന് ചൂടായ ശരീരം, നേര്‍ത്ത വേഗത്തിലുള്ള നാഡിമിടിപ്പ്, ശക്തിയായ തലവേദന, തലകറക്കം എന്നിവയാണ് സൂര്യാതപത്തിന്‍െറ ലക്ഷണങ്ങള്‍. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: ചൂടിന് കാഠിന്യം കൂടുമ്പോള്‍ ധാരാളം വെള്ളം കുടിക്കുക. ദാഹം തോന്നുന്നില്ളെങ്കില്‍പോലും ഓരോ മണിക്കൂറിലും 2-4 ഗ്ളാസ് വെള്ളം കുടിക്കുക, വെയിലത്ത് പണി ചെയ്യേണ്ടിവരുന്നവര്‍ ജോലി സമയം ക്രമീകരിക്കുക. ഉച്ചക്ക് 12 മുതല്‍ മൂന്നുവരെയുള്ള സമയം വിശ്രമിക്കുക, ശക്തിയായ വെയിലത്ത് ജോലി ചെയ്യുമ്പോള്‍ ഇടക്കിടെ തണലിലേക്ക് മാറി നില്‍ക്കുകയും വെള്ളം കുടിക്കുകയും ചെയ്യുക, കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്, ത്വക്കിലും ശരീരത്തിലും അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ വെയിലത്തുനിന്ന് മാറിനില്‍ക്കുക, തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക, കൈകാലുകളും മുഖവും കഴുകുക, കുളിക്കുക, വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ വിട്ടിട്ട് പോകരുത്, കട്ടികുറഞ്ഞ വെളുത്തതോ ഇളംനിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക, വായു സഞ്ചാരം കൂടുന്നതിന് കെട്ടിടങ്ങളുടെ ജനലുകളും വാതിലുകളും തുറന്നിടുക. സൂര്യാതപത്തിന്‍െറ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഏറ്റവും അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്ന് ഡി.എം.ഒ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.