തിരുവല്ലയില്‍ റെയില്‍വേ സ്റ്റേഷന്‍ പ്ളാറ്റ്ഫോമുകള്‍ തുറന്നുകൊടുത്തു

തിരുവല്ല: റെയില്‍വേ പാത ഇരട്ടിപ്പിക്കലിന്‍െറ ഭാഗമായി അടച്ചിട്ടിരുന്ന തിരുവല്ലയിലെ പ്ളാറ്റ് ഫോമുകള്‍ ചൊവ്വാഴ്ച തുറന്നുകൊടുത്തു. ചൊവ്വാഴ്ച വൈകീട്ട് 6.10ന് ശബരി എക്സ്പ്രസാണ് മൂന്നാം പ്ളാറ്റ് ഫോമില്‍ ആദ്യമത്തെിയത്. റെയില്‍വേ സ്റ്റേഷനിലെ ഒന്നും രണ്ടും പ്ളാറ്റ്ഫോമുകളിലെ പാളങ്ങള്‍ മാറ്റി സ്ഥാപിക്കുന്ന പണി ഇതോടൊപ്പം പൂര്‍ത്തിയായി. ഒന്ന്, രണ്ട്, മൂന്ന് പ്ളാറ്റ് ഫോമുകളിലാണ് യാത്രാ വണ്ടി എത്തുന്നത്. നാലാം പ്ളാറ്റ്ഫോമില്‍ ചരക്ക് വണ്ടികള്‍ കടന്നുപോകുന്ന വിധത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. തിരുവല്ല-ചെങ്ങന്നൂര്‍ ഇരട്ടപ്പാതയുടെ നിര്‍മാണം അടുത്ത ആറുമാസത്തിനകം പണി പൂര്‍ത്തിയാക്കി തുറന്നുകൊടുക്കാനുള്ള നീക്കത്തിലാണ് റെയില്‍വേ. തിരുവല്ലക്കടുത്തുള്ള തീപ്പനി മേല്‍പ്പാലം, കല്ലിശ്ശേരി ഗര്‍ഡര്‍ സ്ഥാപിക്കുന്ന ജോലി എന്നിവ നടന്നുവരികയാണ്. തിരുവല്ല-ചെങ്ങന്നൂര്‍ പാത അടുത്ത ആറുമാസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിച്ച് ഇരട്ടപ്പാത ഗതാഗതത്തിന് ഉപയോഗിക്കാനുള്ള വിധത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. തിരുവല്ലക്കും ചെങ്ങന്നൂരിനുമിടയിലുള്ള നാല് റെയില്‍വേ ക്രോസുകള്‍ ഇല്ലാതാക്കി അടിപ്പാതകള്‍ നിര്‍മിക്കുന്നതും പുരോഗമിച്ചുവരികയാണ്. ഈ അടിപ്പാതകളുടെ നിര്‍മാണം ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്. തൈമറവുംകരയിലെ അടിപ്പാത നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. തിരുവല്ല സ്റ്റേഷനോടനുബന്ധിച്ചുള്ള പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായെങ്കിലും നാലാം പ്ളാറ്റ്ഫോമിനോടനുബന്ധിച്ചുള്ള തിരുവല്ല സ്റ്റേഷന്‍െറ വികസന കാര്യങ്ങള്‍ എത്താകുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ഈ ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നാലു സ്വകാര്യ വ്യക്തികള്‍ കോടതി ഉത്തരവ് നേടിയിരുന്നു. എന്നാല്‍, ഇതിനെതിരെ റെയില്‍വേ സമര്‍പ്പിച്ചിരുന്ന കേസില്‍ ഹൈകോടതി ഫുള്‍ ബെഞ്ച് റെയില്‍വേക്ക് അനുകൂലമായി അടുത്തിടെ വിധിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.