പത്തനംതിട്ട നഗരത്തില്‍ ഗതാഗത സംവിധാനം താറുമാറായി

പത്തനംതിട്ട: നഗരത്തില്‍ ഗതാഗത സംവിധാനം താറുമാറായി. അബാന്‍ ജങ്ഷനിലെ സിഗ്നല്‍ ലൈറ്റ് തകരാറിലായിട്ട് മാസങ്ങളായി. സിഗ്നല്‍ ഇല്ലാതായതോടെ അപകടങ്ങളും ഇവിടെ പതിവായി. ഗതാഗതം നിയന്ത്രിക്കാന്‍ ഒരു പൊലീസുകാരനെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഒരു പ്രയോജനവും ഇല്ല. ഇതോടെ വാഹനങ്ങളുടെ കൂട്ടയിടിയും ഈ ഭാഗത്ത് തുടരെയുണ്ടാകുന്നു. നഗരത്തില്‍ ഏറ്റവും കൂടുതല്‍ ഗതാഗത തിരക്ക് അനുഭവപ്പടുന്ന ജങ്ഷനാണിത്. എന്നിട്ടും സിഗ്നല്‍ തകരാര്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല. നഗരത്തിലൂടെ ലക്കും ലഗാനും ഇല്ലാതെയാണ് വാഹനങ്ങള്‍ പായുന്നത്. അധികൃതരുടെ കണ്‍മുന്നില്‍ നിയമ ലംഘനം നടന്നാലും അവര്‍ കണ്ട ഭാവം നടിക്കുന്നില്ല. ടൗണില്‍ ടി.കെ റോഡില്‍ വണ്‍വേ തെറ്റിച്ച് വാഹനങ്ങള്‍ കടന്നുപോകുന്നത് പതിവായിക്കഴിഞ്ഞു. സെന്‍ട്രല്‍ ജങ്ഷന്‍ ഭാഗത്തും ഗതാഗത നിയന്ത്രണത്തിന് പൊലീസുകാരെ കാണാനേയില്ല. ഇവിടെ ഗതാഗതക്കുരുക്ക് പതിവാണ്. ജനറല്‍ ആശുപത്രി ജങ്ഷന്‍ മുതല്‍ സെന്‍ട്രല്‍ ജങ്ഷന്‍വരെയാണ് ടി.കെ റോഡില്‍ വണ്‍വേ ഏര്‍പ്പെടുത്തിയിട്ടുള്ളത്. സെന്‍ട്രല്‍ ജങ്ഷന്‍ ഭാഗത്തുനിന്ന് നേരെ ജനറല്‍ ആശുപത്രി ഭാഗത്തേക്ക് വണ്‍വേ തെറ്റിച്ച് വാഹനങ്ങള്‍ കടന്നുപോകുന്നു. കൂടുതലും ഇരുചക്ര വാഹനങ്ങളാണ് ഇങ്ങനെ നിയമ ലംഘനം നടത്തുന്നത്. മിക്കപ്പോഴും ഈ റോഡില്‍ അപകടങ്ങളും സംഭവിക്കുന്നു. തിങ്കളാഴ്ച കാര്‍ഷിക വികസന ബാങ്കിന് മുന്നില്‍ കെ.എസ്.ആര്‍.ടി.സി ജനുറം ബസ് സെന്‍ട്രല്‍ ജങ്ഷന്‍ ഭാഗത്തുനിന്ന് വണ്‍വേ തെറ്റിച്ചത് അപകടത്തിന് കാരണമായിരുന്നു. വൈകുന്നേരം മൂന്നോടെ പത്തനംതിട്ട ടൗണില്‍നിന്നും വണ്‍വേ തെറ്റിച്ചുവന്ന ചങ്ങനാശേരി ഡിപ്പോയിലെ ജനുറം ബസാണ് അപകടത്തില്‍പെട്ടത്. ആലുക്കാസിന് സമീപം ജനുറം ബസിടിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭാരവാഹി മോഹന്‍കുമാറിന്‍െറ സ്കൂട്ടര്‍ തകര്‍ന്നു. ഒരു നിയന്ത്രണവുമില്ലാതെ അമിത വേഗത്തിലാണ് മിക്ക വാഹനങ്ങളും ഇത് വഴി കടന്നുപോകുന്നത്. ഏറെ നാളായി ജില്ലാ ആസ്ഥാനത്തെ ഗതാഗത നിയന്ത്രണസംവിധാനം നിര്‍ജീവമായ അവസ്ഥയിലാണ്. ആര്‍ക്കും എവിടെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്ന അവസ്ഥയാണ്. നോ പാര്‍ക്കിങ് മേഖലകള്‍ കൈയടക്കിയാണ് വാഹന പാര്‍ക്കിങ്. റോഡ് സൈഡുകള്‍ വാഹനങ്ങളെക്കൊണ്ട് നിറയുന്നു. മിനിസിവില്‍ സ്റ്റേഷന്‍പടി മുതല്‍ അബാന്‍ ജങ്ഷന്‍വരെ റോഡിന് ഇരുവശവും വാഹന പാര്‍ക്കിങ് യാത്രക്കാര്‍ക്ക് ഏറെ ദുരിതമുണ്ടാക്കുന്നു. ഇവിടെ തിയറ്ററിന് മുന്നിലെ വാഹന പാര്‍ക്കിങ് കാരണം ഗതാഗതക്കുരുക്കും പതിവാണ്. പഴയ നഗരസഭ ബസ്സ്റ്റാന്‍ഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് നഗരസഭ ഫീസ് ഈടാക്കി തുടങ്ങിയതോടെ ഇവിടെ പാര്‍ക്കിങ് കുറഞ്ഞു. പണം നല്‍കി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനോട് ആളുകള്‍ക്ക് താല്‍പര്യമില്ല. റോഡരുകില്‍ തോന്നുംപോലെ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ളപ്പോള്‍ എന്തിനാണ് കാശുമുടക്കി പാര്‍ക്ക് ചെയ്യുന്നതെന്നാണ് വാഹന ഉടമകള്‍ ചോദിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.