സാന്ത്വനം അഗതിമന്ദിരത്തിലെ കൊലപാതകം: പ്രതിയെ പൊലീസ് തിരയുന്നു

പത്തനംതിട്ട: ഓമല്ലൂരിലെ സാന്ത്വനം അഗതിമന്ദിരത്തിലെ അന്തേവാസിയായ സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ പൊലീസ് തിരയുന്നു. അഗതിമന്ദിരത്തിലെ മുന്‍ കാവല്‍ക്കാരന്‍ എരുമേലി സ്വദേശി സജിയാണ് കുത്തിയതെന്നാണ് നിഗമനം. ഇയാള്‍ക്കായി ചൊവ്വാഴ്ച പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും സൂചനകളൊന്നും കിട്ടിയില്ല. അക്രമം നടന്ന വിവരം യഥാസമയം പൊലീസില്‍ അറിയിക്കാതിരുന്നതാണ് പ്രതിയെ പിടികൂടുന്നതിന് തടസ്സമായത്. കുത്തേറ്റ സ്ത്രീയെ ജനറല്‍ ആശുപത്രിയില്‍ കൊണ്ടുചെല്ലുമ്പോള്‍ അവിടെ ചികിത്സയിലുണ്ടായിരുന്ന പൊലീസുകാരാണ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്. അപ്പോള്‍ തന്നെ പൊലീസ് തിരച്ചില്‍ തുടങ്ങിയെങ്കിലും ചൊവ്വാഴ്ച വൈകിയും തുമ്പ് കിട്ടിയിട്ടില്ല. അഗതിമന്ദിരത്തെ ചുറ്റിപ്പറ്റി ഏറെ ദുരൂഹതകള്‍ ഉള്ളതായി നാട്ടുകാര്‍ പറയുന്നു. 55ന് മുകളില്‍ പ്രായമുള്ള വനിതകളെയും ശാരീരികമായും മാനസികമായും പ്രശ്നങ്ങളുള്ള ഏതുപ്രായത്തില്‍പെട്ട സ്ത്രീകളെയും സംരക്ഷിക്കാനുമാണ് സ്ഥാപനത്തിന് സാമൂഹിക ക്ഷേമവകുപ്പില്‍നിന്ന് ലൈസന്‍സ് നല്‍കിയിട്ടുള്ളത്. എന്നാല്‍, ഇവിടെ താമസിക്കുന്നതിലേറെയും ചെറുപ്പക്കാരികളാണെന്ന് സമീപവാസികള്‍ പറയുന്നു. ജില്ലാ സാമൂഹിക ക്ഷേമ ഓഫിസറും സംഘവും ചൊവ്വാഴ്ച സ്ഥലം സന്ദര്‍ശിച്ച് പൊലീസിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ചാല്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന് കൈമാറും. വത്സലയെ കൊന്ന് താന്‍ ജീവനൊടുക്കുമെന്ന് സജി നേരത്തേ പറഞ്ഞിരുന്നതായി സാന്ത്വനം ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ സീനത്ത് അറിയിച്ചു. ആറു മാസം മുമ്പാണ് സജി ഇവിടെ ജോലിക്ക് ചേര്‍ന്നത്. മൂന്നു മാസം മുമ്പൊരു ദിവസം താന്‍ പുറത്തു പോയിട്ട് വരുമ്പോള്‍ വത്സല ക്ഷീണിതയായി കാണപ്പെട്ടു. അവരുടെ ചുണ്ട് ആരോ കടിച്ചു മുറിച്ചതു പോലെ ഇരുന്നു. കാരണം ചോദിച്ചപ്പോള്‍ സജി തന്നെ ആക്രമിച്ചെന്നും മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നും പറഞ്ഞു. അന്നു തന്നെ ഇയാളെ സ്ഥാപനത്തില്‍നിന്ന് പറഞ്ഞ് അയച്ചതായി സീനത്ത് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മൈലപ്രക്ക് അടുത്ത് വീട് വാടകക്കെടുത്ത് സീനത്ത്, രമണി എന്നീ സ്ത്രീകള്‍ ചേര്‍ന്നാണ് സാന്ത്വനം തുടങ്ങിയത്. നേരത്തേ എട്ടുവയസ്സുള്ള ഒരു പെണ്‍കുട്ടി ഇവിടുത്തെ പീഡനം സഹിക്കാതെ നിലവിളിച്ച് നാട്ടിലൂടെ ഓടിയതോടെ മൈലപ്രയിലെ സാന്ത്വനം അടച്ചു പൂട്ടിച്ചിരുന്നു. പിന്നീട് മാത്തൂര്‍ സ്വദേശിനിയായ ജെസിയുടെ പിതാവ് നല്‍കിയ സ്ഥലത്ത് പുതിയ കെട്ടിടം പണിതാണ് സാന്ത്വനം തുടങ്ങിയത്. ട്രെയിന്‍ അപകടത്തില്‍ ഇരുകാലും നഷ്ടപ്പെട്ട ജെസിയെക്കൂടി സംരക്ഷിക്കാമെന്ന ഉറപ്പിലാണ് അവരുടെ പിതാവ് സാമുവല്‍ സീനത്തിന് കെട്ടിടംവെക്കാന്‍ സ്ഥലം വിട്ടുകൊടുത്തത്. യുവതികള്‍ ധാരാളമുള്ള സ്ഥാപനത്തില്‍ കാവലിന് യുവാക്കളെയാണ് നിയോഗിച്ചിരുന്നത്. ഓമല്ലൂര്‍ മാത്തൂരിലെ അനാഥ മന്ദിരത്തില്‍ അന്തേവാസി കൊല്ലപ്പെട്ട സംഭവത്തിലെ ദുരൂഹത നീക്കണമെന്നും ഇവിടത്തെ പ്രവര്‍ത്തനത്തെപ്പറ്റി കൂടുതല്‍ അന്വേഷിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.