തെരഞ്ഞെടുപ്പ് ചൂടിനിടെ കുന്നും മലകളും അപ്രത്യക്ഷമാകുന്നു

പന്തളം: തെരഞ്ഞെടുപ്പ് പ്രചാരണ കോലാഹലങ്ങള്‍ക്കിടെ കുന്നും മലകളും അപ്രത്യക്ഷമാകുന്നു. പന്തളം നഗരസഭ, കുളനട, പന്തളം തെക്കേക്കര പഞ്ചായത്തുകളിലെയും സമീപ പഞ്ചായത്തായ പള്ളിക്കലെയും ഉയര്‍ന്ന പ്രദേശങ്ങള്‍ മണ്ണ് മാഫിയ തുരന്നെടുക്കുകയാണ്. ഇടക്കാലത്ത് അപ്രത്യക്ഷമായിരുന്ന മാഫിയകള്‍ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് വീണ്ടും സജീവമായത്. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി രാഷ്ട്രീയപാര്‍ട്ടികളുടെ പ്രാദേശിക നേതാക്കളെയും പണംനല്‍കി സഹായിക്കുന്ന മാഫിയ വലിയ കുന്നുകളും മലകളും മൂന്നോ നാലോ ദിവസം കൊണ്ടാണ് അപ്രത്യക്ഷമാക്കുന്നത്. തെരഞ്ഞെടുപ്പായതിനാല്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും നിശ്ശബ്ദരാകുകയാണ്. വീട്ടുടമസ്ഥരെ മുന്നില്‍നിര്‍ത്തിയാണ് മാഫിയകള്‍ മണ്ണെടുപ്പ് തടയാനത്തെുന്നവരെ പ്രതിരോധിക്കുക. തെരഞ്ഞെടുപ്പിന്‍െറ മറവില്‍ വ്യാപകമായ പെര്‍മിറ്റാണ് ജിയോളജി വകുപ്പ് കഴിഞ്ഞ ഒരാഴ്ചയായി നല്‍കിയിരിക്കുന്നത്. ആറന്മുളയിലെ ജില്ലാ ജിയോളജി ഓഫിസ് മണ്ണുമാഫിയയുടെ നിയന്ത്രണത്തിലാണെന്ന് ആക്ഷേപമുണ്ട്. ജിയോളജി വകുപ്പ് നല്‍കിയ പാസുമായി കുരമ്പാല മൈലാടുംകുളത്തിനുസമീപം കഴിഞ്ഞദിവസം മണ്ണെടുക്കാനത്തെിയത് ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് മണ്ണ് മാഫിയയും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടാക്കുന്ന സാഹചര്യം വരെയത്തെി. ആവശ്യപ്പെട്ട പണം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തടയുന്നതെന്ന പ്രചാരണം മാഫിയകള്‍ നടത്തുന്നുമുണ്ട്. വീടുവെക്കാന്‍ അഞ്ചുമുതല്‍ 10 സെന്‍റുവരെ മേല്‍മണ്ണ് നീക്കം ചെയ്യാമെന്ന നിയമത്തെ ഉപയോഗപ്പെടുത്തിയാണ് വലിയ കുന്നുകള്‍ ഇടിച്ചുനിരത്തുന്നത്. നാലോ അഞ്ചോ അടി മേല്‍മണ്ണ് നീക്കം ചെയ്യാനാണ് ജിയോളജി വകുപ്പ് പാസ് നല്‍കുക. ടിപ്പര്‍ ലോറികളില്‍ അനുവദനീയമായതിലും കൂടുതല്‍ മണ്ണ് കയറ്റുന്നുണ്ട്. ഇതും നിയമവിരുദ്ധമാണ്. ബന്ധപ്പെട്ട റവന്യൂ പൊലീസ് അധികാരികളും ഇത് പരിശോധിക്കാറില്ല. ജിയോളജി വകുപ്പ് അനുവദിക്കുന്ന പാസില്‍ അനുമതി കൊടുക്കുന്ന സ്ഥലത്തു നിന്ന് എടുക്കുന്ന മണ്ണ് സര്‍ക്കാര്‍ മരാമത്ത് പണികള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിഷ്കര്‍ഷിക്കുന്നത്. ആലപ്പുഴ ജില്ലയിലെ മരാമത്ത് പ്രവൃത്തികളുടെ ഉത്തരവ് ഹാജരാക്കിയാണ് മാഫിയകള്‍ ജിയോളജി വകുപ്പില്‍നിന്ന് അനുമതി കരസ്ഥമാക്കുന്നത്. 1000 മുതല്‍ 1500 രൂപ വരെ വീട്ടുടമസ്ഥര്‍ക്ക് നല്‍കുന്ന മാഫിയ 12000രൂപക്ക് മുകളിലാണ് ഒരു ലോഡ് പച്ചമണ്ണ് തീരദേശമേഖലയില്‍ വില്‍ക്കുന്നത്. ദൂരം കൂടുന്നതനുസരിച്ചും ആവശ്യക്കാര്‍ ഏറുന്നതനുസരിച്ചും ഈ തുക പിന്നെയും വര്‍ധിക്കും. വ്യാപക മണ്ണെടുപ്പ് ഗ്രാമപ്രദേശങ്ങളിലെ റോഡുകളും തകര്‍ക്കുകയാണ്. ടണ്‍ കണക്കിന് ഭാരവുമായി ഗ്രാമീണ റോഡുകളിലൂടെ ടിപ്പറുകള്‍ ചീറിപ്പായുന്നതോടെ റോഡുകള്‍ പലതും തകര്‍ന്നുതുടങ്ങി. മണ്ണെടുത്തുകഴിഞ്ഞാല്‍ എല്ലാം ശരിയാക്കാമെന്ന് പറയുന്ന മാഫിയ പിന്നീട് ഇവിടേക്ക് എത്താറില്ല. ഗ്രാമപ്രദേശങ്ങളിലെ മിക്ക റോഡുകളും കോണ്‍ക്രീറ്റ് ചെയ്തവയാണ്. അമിതഭാരം കയറ്റുന്നതോടെ ഇവ പൊട്ടിപ്പൊളിയുന്നു. ഇങ്ങനെ തകരുന്ന റോഡുകള്‍ പഞ്ചായത്തോ നഗരസഭയോ അറ്റകുറ്റപ്പണി നടത്താറുമില്ല. ഗ്രാമീണ റോഡുകളിലൂടെ കടുത്തവേനലില്‍ ടിപ്പറുകള്‍ മണ്ണുമായി ചീറിപ്പായുന്നതോടെ പൊടിശല്യവും അതിരൂക്ഷമാണ്. ടിപ്പറുകള്‍ അമിതവേഗതയില്‍ ചീറിപ്പായുമ്പോള്‍ കാല്‍നടയാത്രക്കാരും ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുന്നവരും സമീപ വീടുകളില്‍ താമസിക്കുന്നവരും അമിതമായി പൊടി ശ്വസിക്കുന്നതോടെ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് അടിമകളാകുന്നതായും പറയുന്നു. അമിതമായ മണ്ണെടുപ്പ് രൂക്ഷമായ കുടിവെള്ളക്ഷാമത്തിനും കാരണമാകുന്നു. അമിതമായ തോതില്‍ വ്യാപകമായി മണ്ണെടുക്കുന്നത് നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.