പന്തളം 33 കെ.വി സബ് സ്റ്റേഷന്‍ നിര്‍മാണം പുരോഗമിക്കുന്നു

പന്തളം: പന്തളത്ത് അടിക്കടി ഉണ്ടാകുന്ന വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരമായി 33 കെ.വി സബ് സ്റ്റേഷന്‍ നിര്‍മാണം ചിറമുടിയില്‍ പുരോഗമിക്കുന്നു. ഏറെക്കാലത്തെ തര്‍ക്കങ്ങള്‍ക്കുശേഷമാണ് റവന്യൂ വകുപ്പ് കെ.എസ്.ഇ.ബിക്ക് നല്‍കിയ 75 സെന്‍റ് സ്ഥലത്ത് സബ് സ്റ്റേഷന്‍ നിര്‍മാണം ആരംഭിക്കാനായത്. അഞ്ചുകോടി 40 ലക്ഷം രൂപ ചെലവുപ്രതീക്ഷിച്ച സബ് സ്റ്റേഷന്‍െറ നിര്‍മാണപ്രവൃത്തി തര്‍ക്കങ്ങളില്‍പെട്ട് നിര്‍മാണം നീണ്ടതോടെ എസ്റ്റിമേറ്റ് തുകയിലും വര്‍ധനയുണ്ടായി. പുതുക്കിയ എസ്റ്റിമേറ്റ് ചീഫ് എന്‍ജിനീയര്‍ക്ക് നല്‍കി അനുമതിക്കായി കാത്തിരിക്കുകയാണ് കെ.എസ്.ഇ.ബി അധികൃതര്‍. ആറുകോടിക്ക് മുകളിലാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്ന നിര്‍മാണ ചെലവ്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ഐ.പി.ഡി.എഫില്‍ (ഇന്‍റര്‍ഗ്രേറ്റ് പവര്‍ ഡെവലപ്മെന്‍റ് സ്കീം) ഉള്‍പ്പെടുത്തിയ പദ്ധതിയാണ് ഇത്. ഇതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ 75 ശതമാനം നിര്‍മാണച്ചെലവ് കേന്ദ്രവിഹിതമായി ലഭിക്കും. ബാക്കി തുകമാത്രമാണ് കെ.എസ്.ഇ.ബിക്ക് മുടക്കേണ്ടിവരിക. ചിറയായിരുന്ന ഭൂമിയാണ് കെ.എസ്.ഇ.ബിക്ക് സബ് സ്റ്റേഷനായി റവന്യൂ വകുപ്പില്‍നിന്ന് ലഭിച്ചത്. ഈ ഭൂമി മണ്ണിട്ടുനികത്തി നാല് അതിര്‍ത്തികളും കരിങ്കല്‍ ഉപയോഗിച്ച് കെട്ടുന്ന നിര്‍മാണപ്രവൃത്തിയാണ് പുരോഗമിക്കുന്നത്. കരിങ്കല്‍ കെട്ടിന്‍െറ പണി പൂര്‍ത്തിയാക്കാന്‍ ഉടന്‍ ബാക്കി ഭാഗം കൂടി മണ്ണിടുന്ന പ്രവൃത്തിയും പൂര്‍ത്തീകരിക്കും. തുടര്‍ന്ന് മഴക്കാലത്തിനുശേഷം മാത്രമേ ശേഷിച്ച നിര്‍മാണജോലി ആരംഭിക്കൂ. മണ്ണിട്ട് തറ നിരപ്പാക്കിയതിനുശേഷം ട്രാന്‍സ്മിഷന്‍ കണ്‍സ്ട്രക്ഷന്‍ വിഭാഗത്തിലെ ഉന്നതസംഘം ഭൂമിയുടെ ഉറപ്പുപരിശോധിച്ച് ബോധ്യപ്പെടുത്തണം. രണ്ടുവര്‍ഷമാണ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ സമയം. 2018ഓടെ നിര്‍മാണജോലി പൂര്‍ത്തീകരിച്ച് സബ് സ്റ്റേഷന്‍ കമീഷന്‍ ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ഇ.ബി അധികൃതര്‍. പത്തനംതിട്ട ട്രാന്‍സ്മിഷന്‍ കണ്‍സ്ട്രക്ഷന്‍ വിഭാഗത്തിനാണ് സബ് സ്റ്റേഷന്‍െറ നിര്‍മാണ മേല്‍നോട്ടം. കോഴഞ്ചേരിയിലെ ട്രാന്‍സ്മിഷന്‍ കണ്‍സ്ട്രക്ഷന്‍ സെക്ഷനാണ് നിര്‍മാണ പ്രവൃത്തി നടത്തുന്നത്. ഇടപ്പോണ്‍ 220 കെ.വി സബ് സ്റ്റേഷനില്‍നിന്നാണ് പന്തളത്തെ സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കാന്‍ ലക്ഷ്യമിടുന്നത്. പത്തനംതിട്ട ട്രാന്‍സ്മിഷന്‍ കണ്‍സ്ട്രക്ഷന്‍ വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ. സുരേഷും അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പ്രസീത എന്നിവര്‍ക്കാണ് മേല്‍നോട്ടച്ചുമതല. നാലുവര്‍ഷം മുമ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ശ്രമം നടത്തിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഇത് മുടങ്ങുകയായിരുന്നു. പിന്നീട് തര്‍ക്കങ്ങള്‍ക്ക് പരിഹാരമായാണ് സബ് സ്റ്റേഷന്‍െറ നിര്‍മാണം ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. അടൂര്‍, ഇടപ്പോണ്‍ സബ് സ്റ്റേഷനുകളില്‍നിന്നാണ് ഇപ്പോള്‍ പന്തളത്തേക്ക് വൈദ്യുതി എത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.