പാറമടകളില്‍ അനധികൃതമായി സൂക്ഷിക്കുന്നത് വന്‍ സ്ഫോടക ശേഖരം

വടശേരിക്കര: പാറമടകളില്‍ അനധികൃതമായി സൂക്ഷിക്കുന്നത് ജില്ലയെ ഭസ്മമാക്കാന്‍ ശേഷിയുള്ള സ്ഫോടകവസ്തു ശേഖരമെന്ന് ആശങ്ക. ജില്ലയിലെ പാറമടകളുമായി ബന്ധപ്പെട്ട് വന്‍തോതില്‍ സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നതായി ആശങ്കയുണ്ടെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നു. പാറപൊട്ടിക്കാനുള്ള സ്ഫോടക വസ്തുക്കള്‍ നാമമാത്രമായി കൈവശം വെക്കാനുള്ള അനുമതിയുടെ മറവില്‍ നിരോധിത രാസവസ്തുക്കളും ഡിറ്റനേറ്ററും വന്‍തോതില്‍ തമിഴ്നാട്ടില്‍നിന്നും മറ്റും കടത്തിക്കൊണ്ടുവരുന്നതായും ആരോപണമുണ്ട്. സുരക്ഷാ സംവിധാനങ്ങളൊന്നും ഒരുക്കാതെയാണ് പാറമടകളിലും തൊഴിലാളികളുടെ വീട്ടിലും മറ്റ് സാധ്യമായ സ്ഥലങ്ങളിലുമൊക്കെ സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചു വെച്ചിരിക്കുന്നത്. ഉഗ്രശേഷിയുള്ള നിരോധിത സ്ഫോടക വസ്തുക്കളുള്‍പ്പെടെ പാറമടകളില്‍ അനധികൃതമായി ഉപയോഗിക്കുന്നുണ്ടെന്നുള്ളത് രഹസ്യമായ കാര്യമല്ളെങ്കിലും ബന്ധപ്പെട്ട വകുപ്പുകള്‍ക്കൊന്നും പാറമടലോബിയെ തൊടാന്‍ ധൈര്യമില്ലാത്തതിനാല്‍ ഇത്രയധികം സ്ഫോടക വസ്തുക്കള്‍ ഏതുവഴി വരുന്നെന്ന് ബന്ധപ്പെട്ടവരാരും അന്വേഷിക്കാറുമില്ല. രാഹുല്‍ ആര്‍. നായര്‍ ജില്ലാ പൊലീസ് മേധാവിയായിരുന്ന കാലത്താണ് ഏറ്റവുമൊടുവില്‍ രണ്ടു കേസ് ചാര്‍ജുകള്‍ ചെയ്ത് പാറമടകളില്‍നിന്ന് അനധികൃത സ്ഫോടക ശേഖരം പിടികൂടിയത്. എന്നാല്‍, കാര്യമായ കേടുപാടില്ലാതെ ക്വാറി ഉടമകള്‍ തടിയൂരിപ്പോവുകയും ചെയ്തു. തമിഴ്നാട്ടില്‍നിന്ന് കേരളത്തിലെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് കടത്തിക്കൊണ്ടുവരുന്ന അനധികൃത സ്ഫോടക വസ്തുക്കള്‍ ഒരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ഓട്ടോകളിലും കാറിലുമൊക്കെയാണ് പാറമടലോബിയുടെ രഹസ്യ കേന്ദ്രങ്ങളിലേക്ക് കൊണ്ടുവരുന്നതെന്ന് പറയപ്പെടുന്നു. ഇത്തരത്തില്‍ സ്ഫോടകവസ്തുക്കള്‍ കടത്തുന്നതായി റവന്യൂ വകുപ്പിനും പൊലീസിനുമൊക്കെ അറിയാമെങ്കിലും പാറമടകളുടെ പിന്നില്‍ വമ്പന്മാരായതിനാല്‍ നിയമം നോക്കുകുത്തിയാകും. ജില്ലയിലെ വടശേരിക്കരയില്‍നിന്നും അടൂര്‍ മണ്ണടിയില്‍നിന്നുമാണ് അടുത്തകാലത്ത് പൊലീസ് അനധികൃതമായി സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തത്. കലഞ്ഞൂരില്‍ പ്രവര്‍ത്തിക്കുന്ന പാറമടയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന സ്ഫോടക ശേഖരം അധികൃതരെ കാട്ടിക്കൊടുത്തതിന്‍െറ പേരില്‍ പരിസ്ഥിതി പ്രവര്‍ത്തകരെ പൊലീസ് കേസില്‍ കുടുക്കിയ സംഭവവും അടുത്തകാലത്ത് ഉണ്ടായിട്ടുണ്ട്. ചെമ്പന്‍മുടി പാറമടവിരുദ്ധസമരം നടക്കുന്ന സമയത്ത് അനധികൃത സ്ഫോടകവസ്തുക്കള്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച വാഹനം സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചെങ്കിലും അന്നത്തെ വടശേരിക്കര സി.ഐ സമരക്കാര്‍ക്കെതിരെ ഭീഷണി മുഴക്കി വാഹനം സുരക്ഷിത സ്ഥലത്തേക്ക് കൊണ്ടുപോകാനുള്ള സൗകര്യം ഒരുക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്. ജില്ലയിലെ പാറമടകളില്‍ നിയമവിരുദ്ധമായി സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നതായും സൂക്ഷിക്കുന്നതായും ചൂണ്ടിക്കാട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ളോസീവ്, കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ളോസീവ് ചെന്നൈ എന്നിവിടങ്ങളില്‍ പരാതി നല്‍കിയെങ്കിലും വന്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് അവയുടെ നടപടി തടഞ്ഞുവെന്നും അന്വേഷണത്തിന് വന്ന ചില ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടില്‍ തെറ്റായ സ്ഥലം രേഖപ്പെടുത്തി പാറമടലോബിയെ സഹായിച്ചുവെന്നും പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ പ്രസിഡന്‍റ് അവിനാഷ് പള്ളീനഴികത്ത് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.