വേനല്‍ച്ചൂട് മുതലെടുത്ത് പഴങ്ങള്‍ക്ക് വിലകുതിക്കുന്നു; ജ്യൂസിനും തോന്നിയവില

പന്തളം: വേനല്‍ച്ചൂട് തിളച്ചുമറിയുമ്പോള്‍ പഴവര്‍ഗങ്ങളുടെ വിലയും കുതിക്കുന്നു. വേനല്‍ കടുത്തതോടെ ആവശ്യക്കാരേറിയതും ഇന്ത്യന്‍ വിപണിയില്‍ പഴവര്‍ഗങ്ങളുടെ സീസണ്‍ അവസാനിച്ചതുമാണ് പഴങ്ങള്‍ക്ക് വിലകുതിക്കാന്‍ കാരണമായത്. 100 രൂപക്ക് നാലുകിലോ ഓറഞ്ച് രണ്ടുമാസം മുമ്പ് വഴിയോരങ്ങളില്‍ സുലഭമായി ലഭിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ ഒരുകിലോ ഓറഞ്ചിന് 120 മുതല്‍ 160 രൂപ വരെയാണ് വിപണിവില. ഇതില്‍ ഇറക്കുമതിയായി വരുന്ന ഓറഞ്ചിന് ഗുണനിലവാരം കുറവാണെന്നും ഗുണഭോക്താക്കള്‍ അഭിപ്രായപ്പെടുന്നു. നാലുകിലോ 100 രൂപക്ക് ലഭിച്ചിരുന്ന ഓറഞ്ചിനേക്കാള്‍ രുചിക്കുറവുള്ളതും പുളി കൂടുതലുള്ളതുമായ ഓറഞ്ചാണിപ്പോള്‍ വിപണിയില്‍ ലഭിക്കുന്നത്. 60 രൂപമുതല്‍ ലഭിച്ചിരുന്ന ആപ്പിളിനും തീപിടിച്ച വിലയാണ്. 160രൂപ മുതല്‍ 240രൂപ വരെയാണ് വിപണിവില. ഇന്ത്യന്‍ ആപ്പിള്‍ ലഭ്യമല്ല. ഇറ്റലി, അമേരിക്ക, ഫ്രാന്‍സ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതി ആപ്പിളാണ് ലഭിക്കുന്നത്. ഭക്ഷണപദാര്‍ഥങ്ങളില്‍ സ്റ്റിക്കര്‍ പതിക്കാന്‍ പാടില്ളെന്ന നിയമവും ഇറക്കുമതി ചെയ്യുന്ന പഴങ്ങളില്‍ ലംഘിക്കപ്പെടുന്നു. ഓറഞ്ചിലും ആപ്പിളിലും സ്റ്റിക്കര്‍ പതിച്ചവയാണ് വിപണിയില്‍ സുലഭമായി ലഭിക്കുന്നത്. ഈ പഴങ്ങള്‍ ദിവസങ്ങളോളം കേടുകൂടാതെ ഇരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 40രൂപ വിലക്ക് ലഭിച്ചിരുന്ന മുന്തിരിയുടെ വിലയും ഇരട്ടിയിലേറെയായി. 80 രൂപ മുതല്‍ 140 രൂപ വരെയാണ് ഇപ്പോഴത്തെ വിപണിവില. ദാഹമകറ്റാന്‍ സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന തണ്ണിമത്തന്‍െറ വിലയിലും നേരിയ വര്‍ധനവുണ്ടായി. 15 രൂപ മുതല്‍ വിലയുണ്ടായിരുന്ന തണ്ണിമത്തന് 25 രൂപയാണ് വേനല്‍ കടുത്തപ്പോഴത്തെ വിപണിവില. നേന്ത്രപ്പഴത്തിനും ഇരട്ടിയിലേറെ രൂപയുടെ വര്‍ധനയാണ് വിപണിയില്‍ ഉണ്ടായത്. 30 രൂപ ഉണ്ടായിരുന്ന നേന്ത്രപ്പഴത്തിന്‍െറ വില 60 രൂപയായി ഉയര്‍ന്നു. തമിഴ്നാട് വിപണിയില്‍നിന്ന് നേന്ത്രപ്പഴം ബോംബെ വിപണിയിലേക്ക് കയറ്റുമതി ചെയ്തതാണ് നേന്ത്രപ്പഴത്തിന് വിലവര്‍ധനക്ക് കാരണമായതെന്നും വ്യാപാരികള്‍ പറയുന്നു. മറ്റു പഴങ്ങള്‍ക്കും ക്രമാതീതമായ വര്‍ധനയാണ് കഴിഞ്ഞ ഒരുമാസക്കാലമായി ഉണ്ടായത്. പഴവര്‍ഗങ്ങള്‍ക്ക് വിലവര്‍ധിക്കുമ്പോള്‍ ജ്യൂസിനും വില കൂടുകയാണ്. വേനല്‍ കടുക്കുമ്പോള്‍ ശരീരതാപനില നിയന്ത്രിക്കാന്‍ സാധാരണക്കാരും പഴങ്ങളുടെ ജ്യൂസുകള്‍ കഴിക്കാന്‍ തുടങ്ങിയതോടെയാണ് ജ്യൂസുകള്‍ക്കും വിലവര്‍ധിച്ചത്. 10 രൂപ വരെയുള്ള വര്‍ധനയാണ് ജ്യൂസ് ഇനങ്ങള്‍ക്ക് ഉണ്ടായത്. വിലയെത്ര കൂടിയാലും ചുട്ടുപൊള്ളുന്ന വെയിലില്‍ ദിവസവും മൂന്നും നാലും തവണ ജ്യൂസും അതിലേറെ വെള്ളവുമാണ് സാധാരണക്കാരടക്കം കുടിക്കുന്നതെന്നതാണ് വ്യാപാരികള്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.