റാന്നി: വനമേഖലയോടുചേര്‍ന്ന ഭാഗങ്ങളില്‍ കാട്ടുമൃഗങ്ങള്‍ കാടുവിട്ട് നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. കൃഷിക്ക് സംരക്ഷണമില്ലാതെ കര്‍ഷകര്‍ അധികൃതരുടെ കനിവു തേടുന്നു. പണ്ടുകാലങ്ങളില്‍ കാട്ടാന മാത്രമാണ് നാട്ടിലിറങ്ങി കര്‍ഷകരുടെ കൃഷി നശിപ്പിച്ചിരുന്നത്. ഇപ്പോള്‍ കാട്ടുപന്നിയും കുരങ്ങുമെല്ലാം കര്‍ഷകന്‍െറ അധ്വാന ഫലത്തെ കാര്‍ന്നെടുത്തു നശിപ്പിക്കുമ്പോള്‍ ഗത്യന്തരമില്ലാതെ കണ്ണീരും കൈയുമായി കഴിയുകയാണ് കര്‍ഷക കുടുംബങ്ങള്‍. കോന്നി, റാന്നി വനംമേഖലയോടുചേര്‍ന്ന പ്രദേശങ്ങളില്‍ കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നു. വേനല്‍ക്കാലമായതോടെ മൃഗങ്ങള്‍ നാടിറങ്ങുമ്പോള്‍ കര്‍ഷകരാണ് ആശങ്കയിലായിരിക്കുന്നത്. താലൂക്കിലെ ഒട്ടുമിക്ക പഞ്ചായത്ത് പ്രദേശങ്ങളുടെയും അതിര്‍ത്തി മേഖലകളില്‍ വനമാണ്. ചെറുകോല്‍, വെച്ചൂച്ചിറ, അയിരൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ വനമില്ളെങ്കിലും വനത്തില്‍നിന്നുള്ള കാട്ടുപന്നിയും കുരങ്ങും ഉള്‍പ്പെടെയുള്ളവ ഈ മേഖലയിലും കര്‍ഷകര്‍ക്കു ഭീഷണി സൃഷ്ടിക്കുന്നു. കിലോമീറ്ററുകള്‍ താണ്ടിയാണ് കാട്ടുപന്നി എത്തുന്നത്. പൊന്തന്‍പുഴ വനത്തില്‍നിന്നുള്ള കാട്ടുപന്നി അങ്ങാടി, കൊറ്റനാട്, കോട്ടാങ്ങല്‍ പഞ്ചായത്ത് പ്രദേശങ്ങളിലുള്ളവര്‍ക്ക് ഭീഷണിയാകുന്നു. ശബരിമല വനം പെരുന്തേനരുവിക്ക് സമീപം വരെയുള്ളത് വെച്ചൂച്ചിറ പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് ഭീഷണിയാണ്. ഇതോടൊപ്പം എരുമേലി റൂട്ടില്‍ ചതുപ്പു ഭാഗത്തുനിന്നാരംഭിക്കുന്ന വനത്തിലും കാട്ടുമൃഗങ്ങളെക്കൊണ്ട് കര്‍ഷകര്‍ പൊറുതിമുട്ടുന്നു. അങ്ങാടി, പഴവങ്ങാടി, നാറാണംമൂഴി, പെരുനാട്, വടശ്ശേരിക്കര, ചിറ്റാര്‍, സീതത്തോട് പഞ്ചായത്തുകളുടെ അതിര്‍ത്തികളിലെല്ലാം വനമുണ്ട്. വനത്തോടു ചേര്‍ന്ന ഹെക്ടര്‍ കണക്കിനു തേക്ക് ഇതര പ്ളാന്‍േറഷനുകളുമുണ്ട്. കാട്ടുപന്നിയും കുരങ്ങും ഉള്‍പ്പെടെയുള്ളവയുടെ സൈ്വര്യ വിഹാരവും ഇതിലൂടെയാണ്. മരച്ചീനി, ചേന, ചേമ്പ്, കാച്ചില്‍, ഏത്തവാഴ, കുടിവാഴ, തെങ്ങിന്‍ തൈകള്‍ എന്നിവയെല്ലാം കാട്ടുമൃഗങ്ങളാല്‍ നശിപ്പിക്കപ്പെടുന്നുണ്ട്. ഇതോടൊപ്പം അതിര്‍ത്തി പ്രദേശങ്ങളിലെ കര്‍ഷകര്‍ കൃഷിചെയ്യുന്ന റബര്‍ മരങ്ങളും ആനകളും കാട്ടുപന്നികളും നശിപ്പിക്കുന്നു. കിഴക്കന്‍ മേഖലകളിലെ കോലിഞ്ചി കൃഷിക്കുവരെ കാട്ടുപന്നികള്‍ ഭീഷണിയാണെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ടിന്‍ ഷീറ്റുകളും വലയും കൊണ്ടു നിര്‍മിച്ച വേലികള്‍ക്കും കാട്ടുമൃഗങ്ങളില്‍നിന്ന് കൃഷിയെ സംരക്ഷിക്കാനാകുന്നില്ല. ഏത്തവാഴ വിത്ത് നട്ടാല്‍ അത് കിളിര്‍ക്കുന്നതിനു മുമ്പു തന്നെ പന്നികള്‍ അത് ആഹാരമാക്കും. മറ്റ് നടീല്‍ വസ്തുക്കളുടെ സ്ഥിതിയും ഇതുതന്നെ. കര്‍ഷകര്‍ കെട്ടുന്ന വേലികളും വലകളും തുണി വേലികളും തകര്‍ത്ത് കാട്ടുമൃഗങ്ങള്‍ ഉള്ളില്‍ കടന്ന് കൃഷികള്‍ വ്യാപകമായി നശിപ്പിക്കുന്ന കാഴ്ചയാണിന്നുള്ളത്. കാട്ടുമൃഗങ്ങളുടെ ശല്യം മൂലം ചെറുകിട കര്‍ഷകരൊക്കെ കൃഷി ഉപേക്ഷിച്ചുതുടങ്ങി. സഹകരണ ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത് കൃഷി ആരംഭിച്ചവര്‍ക്കെല്ലാം അതിപ്പോള്‍ നഷ്ടക്കച്ചവടമായി മാത്രം മാറിക്കഴിഞ്ഞിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.