മല്ലപ്പള്ളിയില്‍ പാര്‍ക്കിങ് നടുറോഡില്‍

മല്ലപ്പള്ളി: മല്ലപ്പള്ളി ടൗണിലും തിരുവല്ല-കോട്ടയം റോഡുകളിലും അനധികൃത പാര്‍ക്കിങ്ങും ഗതാഗതക്കുരുക്കും പതിവുകാഴ്ചയാകുന്നു. തിരുവല്ല-മല്ലപ്പള്ളി റോഡിലും വണ്‍വേ ഭാഗത്തും കോട്ടയം റോഡിന്‍െറ വശങ്ങളും സ്വകാര്യ വാഹനങ്ങള്‍ക്ക് വിശ്രമകേന്ദ്രങ്ങളാകുകയാണ്. ഒരു മാനദണ്ഡവും പാലിക്കാതെയാണ് ചിലരുടെ പാര്‍ക്കിങ്. റോഡില്‍ വാഹനങ്ങള്‍ ഇടുന്നതുമൂലം ഗതാഗതക്കുരുക്കും നിത്യസംഭവമാണ്. കത്താത്ത ട്രാഫിക് ലൈറ്റും താറുമാറായ ഉദ്യോഗസ്ഥ സംവിധാനവും ചന്ത ദിവസങ്ങളിലെ വഴിയോര കച്ചവടവും വളവും തിരിയുന്ന ഭാഗങ്ങളിലെ ഫ്ളക്സ് ബോര്‍ഡുകളും ഗതാഗതതടസ്സങ്ങള്‍ക്ക് ആക്കംകൂട്ടുകയാണ്. വാഹന നിയന്ത്രണത്തിന് നിയമപാലകരില്ല. ആവശ്യത്തിന് ഹോം ഗാര്‍ഡുകളില്ല. ആകെയുള്ള ഒരാള്‍ ഉച്ചയാകുമ്പോള്‍ ജോലി മതിയാക്കി പോകുന്നതോടെ റോഡ് വാഹനങ്ങള്‍ കൈയടക്കുകയാണ്. വീതി കുറവായി റോഡുകള്‍ ഇരുവശവും സ്വകാര്യ വാഹനങ്ങള്‍ കൈയേറുന്നതോടെ അത്യാവശ്യക്കാര്‍ മണിക്കൂറുകള്‍ പെരുവഴിയില്‍ കുടുങ്ങുന്നു. ടൗണിന്‍െറ ഹൃദയഭാഗത്തുള്ള ട്രാഫിക് സിഗ്നല്‍ ലൈറ്റ് അകാല ചരമമടഞ്ഞിട്ട് വര്‍ഷം തികഞ്ഞിട്ടും നന്നാക്കാന്‍ നടപടിയില്ല. രാത്രിയായാല്‍ വഴിവിളക്കുകളും കത്താതാകുന്നതോടെ പത്തനംതിട്ടയുടെ സിരാകേന്ദ്രങ്ങളിലൊന്നായ മല്ലപ്പള്ളി താലൂക്ക് ആസ്ഥാനത്തിന്‍െറ അവസ്ഥ ദയനീയമാണ്. ദിനേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ടൗണിന്‍െറ ഗതികേടാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.