വല്ലന കൊറ്റനാട് മലയില്‍ വീണ്ടും മണ്ണെടുപ്പ്

കോഴഞ്ചേരി: വല്ലന കൊറ്റനാട് മല ഇടിച്ചുനിരത്തി മണ്ണ് കടത്തുന്നത് വീണ്ടും സജീവമായി. പാരിസ്ഥിതിക പ്രാധാന്യമുള്ള മലയില്‍നിന്ന് മണ്ണെടുപ്പ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ സമരത്തിലായിരുന്നു. സമരത്തിലേക്ക് പരിസരവാസികളും പഞ്ചായത്തിന്‍െറ ഇതരഭാഗങ്ങളില്‍നിന്ന് ബഹുജനങ്ങള്‍ പിന്തുണയുമായി രംഗത്തുവന്നു. ജില്ലാ പ്രതിരോധസമിതി പൂര്‍ണപിന്തുണ അറിയിച്ചു. വല്ലന നിവാസികളുടെ പ്രത്യക്ഷ സമരപരിപാടികള്‍ ജില്ലാ പ്രതിരോധ സമിതി ജില്ലാ സെക്രട്ടറി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം ആറന്മുള ഗ്രാമപഞ്ചായത്ത് ഭരണസമിതിയും സമരത്തിന് പിന്തുണ നല്‍കി. നിര്‍ത്തിവെക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി കലക്ടര്‍ക്കും ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന ജിയോളജി ഓഫിസര്‍ക്കും നല്‍കിയിരുന്നു. ഇതിനിടെ മണ്ണെടുക്കുന്ന സ്ഥലത്തേക്ക് വന്ന ലോറി സ്ത്രീ സമരക്കാര്‍ തടഞ്ഞു. വിവരമറിയിച്ചതിനെതുടര്‍ന്ന് ആറന്മുള എസ്.ഐ സ്ത്രീകളില്‍ ഒമ്പതുപേരെ കസ്റ്റഡിയിലെടുത്തു. എല്‍.ഡി.എഫ് നേതാക്കള്‍ സ്റ്റേഷനിലത്തെി ചര്‍ച്ചചെയ്ത് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. പിറ്റേദിവസം പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ ആറന്മുളയിലെ ജിയോളജി ഓഫിസ് ഉപരോധിച്ചു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ജിയോളജി വകുപ്പ് താല്‍ക്കാലികമായി മണ്ണെടുപ്പ് നിര്‍ത്തിവെക്കാന്‍ ഉത്തരവുനല്‍കി. നാലുദിവസം മണ്ണെടുപ്പ് നിര്‍ത്തിവെച്ചു. മണ്ണെടുപ്പ് സംഘം കോടതിയെ സമീപിച്ചു. ജിയോളജി വകുപ്പിന്‍െറ ഉത്തരവ് കോടതി സ്റ്റേ ചെയ്തു. മൂന്നുദിവസമായി വീണ്ടും മണ്ണെടുപ്പ് ആരംഭിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഇവിടെ മണ്ണെടുപ്പ് സജീവമാണ്. പുനരാരംഭിച്ചപ്പോള്‍ പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ മണ്ണ് കടത്താന്‍ വന്ന ലോറി തടഞ്ഞു. എട്ട് സ്ത്രീ സമരക്കാരെ ആറന്മുള എസ്.ഐ വീണ്ടും കസ്റ്റഡിയിലെടുത്ത് പിന്നീട് ജാമ്യത്തില്‍ വിട്ടു. ലോറി തടയാന്‍ പ്രതിരോധ സമരസമിതി അംഗങ്ങള്‍ വഴിയില്‍ വേലികെട്ടി. ഇതിനെ തുടര്‍ന്ന് മണ്ണെടുപ്പ് മാഫിയ പൊലീസില്‍ വിവരം അറിയിച്ചു. ആറന്മുള എസ്.ഐ സ്ഥലം സന്ദര്‍ശിച്ച് മടങ്ങിപ്പോയി. വ്യാഴാഴ്ച രാവിലെ 11ന് കോഴഞ്ചേരി സി.ഐയുടെ നേതൃത്വത്തില്‍ പൊലീസത്തെി വേലി പൊളിച്ചുകടന്നു. താല്‍ക്കാലികമായി മണ്ണുകടത്തല്‍ പുനരാരംഭിച്ചതിനുശേഷം 25 ലോഡ് മണ്ണ് ഇവിടെനിന്ന് കടത്തി. ഇന്നലെ കെട്ടിയ വേലി പൊളിച്ചതിനുശേഷം നാല് ലോഡ് മണ്ണ് കടത്തിയിട്ടുണ്ട്. വിദേശത്തായിരുന്ന സ്ഥലം ഉടമ നല്‍കിയ പവര്‍ ഓഫ് അറ്റോര്‍ണിയുടെ പിന്‍ബലത്തില്‍ ആയിരുന്നു ഇതുവരെ മണ്ണു കടത്തിയിരുന്നതെങ്കില്‍ ഉടമ സ്ഥലത്തത്തെി നേരിട്ടാണ് ഇപ്പോള്‍ മണ്ണ് കടത്തല്‍ നിയന്ത്രിക്കുന്നത്. മണ്ണ് കടത്തല്‍ നിര്‍ത്തുന്നതുവരെ ലോറികള്‍ തടയുമെന്നും അതിനുള്ള തയാറെടുപ്പിലാണ് സമരസമിതിയെന്നും കണ്‍വീനര്‍ സലീംറാവുത്തര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.