കനത്ത ചൂടില്‍ നാട് പുകയുന്നു; ചിക്കന്‍പോക്സ് ഭീഷണിയും

റാന്നി: ഇടക്ക് പെയ്ത വേനല്‍ മഴയും പരിഹാരമായില്ല. അന്തരീക്ഷ താപനിലയും പകല്‍ച്ചൂടും ദിവസംതോറും ഉയരുന്നു. നീരാവിയെക്കാള്‍ പുകച്ചില്‍ കാരണം രാത്രിയില്‍ ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് തദ്ദേശവാസികള്‍. ശരീരത്ത് ജലാംശം നഷ്ടമാകുന്ന സ്ഥിതിയില്‍ മനുഷ്യനും മൃഗങ്ങളും ക്ളേശിക്കുന്നു. പുരയിടങ്ങളിലെയും പുറത്ത് നിര്‍മാണ മേഖലയിലെയും തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് പകലിന്‍െറ ചൂട് ഏറെ ഏല്‍ക്കേണ്ടിവരുന്നത്. കന്നുകാലികളെപ്പോലും കൂട്ടില്‍ നിന്നഴിച്ച് വെളിയില്‍ കെട്ടാന്‍ കഴിയുന്നില്ല. പരീക്ഷ കഴിഞ്ഞതിനാല്‍ കുട്ടികള്‍ക്ക് കളികളില്‍ ഏര്‍പ്പെടാന്‍ പകലത്തെ കത്തുന്ന ചൂട് ഭീഷണിയാകുന്നു. മനുഷ്യര്‍ക്കെന്നപോലെ വളര്‍ത്തുമൃഗങ്ങള്‍ക്കും കുടിവെള്ളം കിട്ടാക്കനിയാകുന്നു. നാല്‍ക്കാലികളെ കുളിപ്പിക്കുന്നതിനും മറ്റും വെള്ളമില്ല. തോടുകള്‍ വറ്റിയ സ്ഥിതിയിലാണ്. നദികളിലെ ഒഴുക്കുനിലച്ച് കെട്ടിക്കിടക്കുന്നിടത്ത് മാത്രമാണ് വെള്ളം മനുഷ്യര്‍ കുളിക്കാനും വസ്ത്രം കഴുകാനും ഉപയോഗിക്കുന്ന വെള്ളത്തില്‍ മൃഗങ്ങളെ കുളിപ്പിക്കാന്‍ കഴിയുന്നില്ല. വേനല്‍ ചൂട് ഉയരുന്നതിനാല്‍ നാട് പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. ഇപ്പോള്‍തന്നെ ചിക്കന്‍പോക്സ് പോലെയുള്ള പകര്‍ച്ച രോഗങ്ങള്‍ മിക്ക സ്ഥലങ്ങളിലുമുണ്ട്. പകര്‍ച്ചവ്യാധിയെന്ന നിലയില്‍ ആളുകള്‍ പ്രത്യേകിച്ചും പിഞ്ചുകുട്ടികളുള്ള മാതാപിതാക്കള്‍ ഏറെ ഭയപ്പെടുന്ന രോഗമാണിത്. വേനല്‍ കടുക്കുന്ന അവസ്ഥയിലാണ് ഈ രോഗം നാട്ടില്‍ കണ്ടുവരുന്നത്. രോഗം തനിയെ ഉണ്ടാകുകയില്ളെന്നും പുറത്തുനിന്ന് പകര്‍ന്നാണ് സാധാരണ രോഗം എത്തുന്നതെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറയാറുണ്ട്. സര്‍ക്കാര്‍വക ഹോമിയോ ക്ളിനിക്കുകളില്‍ ചിക്കന്‍പോക്സിനെതിരായ പ്രതിരോധ മരുന്നുകള്‍ ലഭ്യമാണ്. വേനല്‍ചൂട് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കുമെന്നതുപോലെ സസ്യങ്ങള്‍ക്കും കാര്‍ഷിക വിളകള്‍ക്കും കനത്ത നാശമാണ് വരുത്തിവെച്ചുകൊണ്ടിരിക്കുന്നത്. മലയോര കര്‍ഷകരുടെ വാഴകൃഷിക്ക് വന്‍ ഭീഷണിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഏത്തവാഴയും മറ്റും ജലാംശമില്ലാതെ ഒടിഞ്ഞുവീണ് പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമാണ് വാഴ കര്‍ഷകര്‍ക്കുണ്ടായി കൊണ്ടിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.