മണ്‍പിലാവ് ഉള്‍വനത്തില്‍ ആദിമ കല്ലറകളും ശിലാലിഖിതങ്ങളും അവഗണനയില്‍

ചിറ്റാര്‍: ആദിമ മനുഷ്യരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്ത കല്ലറകളും പാറകളില്‍ കൊത്തിവെച്ച ചിത്രങ്ങളും കളങ്ങളും ചിറ്റാര്‍ മണ്‍പിലാവ് ഉള്‍വനത്തില്‍ തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്ള ചൂതുപൊരുതാംപാറക്ക് സമീപം വനപാലകര്‍ കണ്ടത്തെിയിട്ടും ഒരു ചരിത്ര ഗവേഷകനും ഇങ്ങോട്ട് എത്തിനോക്കിയിട്ടില്ല. പാറക്കഷണങ്ങള്‍ കീറിയുള്ള കല്ലറകള്‍ക്ക് 1000 വര്‍ഷങ്ങളോളം പഴക്കമുണ്ടെന്ന് വനപാലകര്‍ പറയുന്നു. ചില കല്ലറകള്‍ക്ക് സമീപത്തായി കുത്തിനാട്ടിയ കല്ലുകളില്‍ എന്തോ കൊത്തിവെച്ചതായ അവ്യക്തമായ രൂപങ്ങള്‍ കാണാനാകും. പണ്ടു കാലത്ത് ഇവിടെ ജനവാസ കേന്ദ്രമായിരുന്നതിനുള്ള തെളിവുകളും കാണാം. കല്ലറകള്‍ക്ക് സമീപത്തായുള്ള വിശാലമായ പാറകള്‍ അന്നുണ്ടായിരുന്ന മനുഷ്യര്‍ ഒരുമിച്ച് കൂടിയ സ്ഥലമായിരുന്നു. ആദിമമനുഷ്യര്‍ ചൂതുപോലുള്ള ഒരിനം കളികള്‍ ഈ പാറയുടെ മുകളില്‍ കളിച്ചിരുന്നതിന്‍െറ തെളിവുകളും കാണാം. രാമലക്ഷ്മണന്മാര്‍ വനവാസകാലത്ത് ഇവിടെ വിശ്രമിച്ചതായും അവര്‍ ചൂത് കളിച്ച കളങ്ങളാണ് ഇതെന്നും ചിലര്‍ വിശ്വസിക്കുന്നു. അതിനാലാണ് മണ്‍പിലാവ് പ്രദേശവാസികള്‍ ഈ പാറക്ക് ചൂതുപൊരുതാം പാറയെന്ന് നാമകരണം ചെയ്തതും. വന്യമൃങ്ങള്‍ ചില കല്ലറകള്‍ നശിപ്പിച്ചിട്ടുണ്ട്. പാറക്ക് മുകളിലൂടെ വെള്ളമൊഴുകിയതിനാല്‍ ചില രൂപങ്ങള്‍ മനസ്സിലാക്കിയെടുക്കാന്‍ ബുദ്ധിമുട്ടാണ്. ഈ പ്രദേശത്തുനിന്ന് അരക്കിലോമീറ്ററോളം ഉള്‍വനത്തിലായി മനുഷ്യര്‍ താമസിച്ചിരുന്ന കുടിലുകളുടെ അവശിഷ്ടങ്ങളും കാണാം. കല്ലറകളും പാറയും കാണാനും സൂര്യാസ്തമയം ആസ്വദിക്കാനും കാടിനു നടുവിലുള്ള ഈ വിശാലമായ പാറയില്‍ ദൂരെസ്ഥലങ്ങളില്‍നിന്നുപോലും ധാരാളം ആളുകള്‍ എത്തുന്നു. പാറയോട് ചേര്‍ന്ന് പ്രദേശത്ത് ധാരാളം കാട്ടുഫലവൃക്ഷങ്ങള്‍ നില്‍ക്കുന്നതും ഇവിടെ എത്തുന്നവരെ അതിശയിപ്പിക്കുന്നുണ്ട്. പാറകളില്‍ കൊത്തിവെച്ചിരിക്കുന്ന രൂപങ്ങളും ഏതുതരത്തിലുള്ള ലിപികളാണെന്നും ഇതുവരെയും കണ്ടത്തൊനായിട്ടില്ല. ഇതിനെക്കുറിച്ച് പഠനം നടത്താന്‍ പുരാവസ്തു നിരീക്ഷകരോ ബന്ധപ്പെട്ടവരോ ഇതുവരെയും എത്തിയിട്ടില്ല. മണ്‍പിലാവ്-വില്ലുന്നിപ്പാറ വനസംരക്ഷണ സമിതി നേതൃത്വത്തില്‍ പ്രദേശത്തെ ഇക്കോ ടൂറിസത്തിന്‍െറ ഭാഗമാക്കി മാറ്റണമെന്നാവശ്യപ്പെട്ട് സമിതി പ്രസിഡന്‍റ് ഗോപി പേഴുംകാട്ടിലിന്‍െറ നേതൃത്വത്തില്‍ വനസംരക്ഷണ സമിതി പഠന സര്‍വേ നടത്തി വനംവകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.