പന്തളത്തുനിന്ന് ശബരിമലക്കുള്ള പ്രധാന പാതയുടെ നിര്‍മാണം അനിശ്ചിതത്വത്തില്‍

പന്തളം: മണ്ഡലകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ പന്തളത്തുനിന്ന് ശബരിമലക്കുള്ള പ്രധാനപാതയുടെ നിര്‍മാണപ്രവര്‍ത്തനം ഈ മണ്ഡലകാലത്തെങ്കിലും പൂര്‍ത്തിയാകുമോ എന്ന് ആശങ്ക. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ ശ്രമഫലമായി ശബരിമലയുടെ സ്പെഷല്‍ റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 2013-14 വര്‍ഷം അനുവദിച്ച ആറുകോടിയുടെ നിര്‍മാണപ്രവര്‍ത്തനമാണ് ആശങ്കയിലായത്. റാന്നി ആസ്ഥാനമായ വിഗോറ എന്ന കണ്‍സ്ട്രഷന്‍ കമ്പനിയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പന്തളം ജങ്ഷന്‍ മുതല്‍ കൈപ്പട്ടൂര്‍ വരെ ഒമ്പതു കിലോമീറ്റര്‍ ബി.എം ആന്‍ഡ് ബി.സി പ്രകാരമുള്ള ടാറിങ്ങാണ് നടത്തേണ്ടത്. ഇതിനിടെ 350 മീറ്റര്‍ ഓടയുടെ നിര്‍മാണവും പൂര്‍ത്തിയാക്കേണ്ടതുണ്ട്. കൂടാതെ മൂന്നു കലുങ്കാണ് പണിയേണ്ടത്. ഇതില്‍ കടക്കാട് ഫാം ജങ്ഷന്‍, തുമ്പമണ്‍ എന്നിവിടങ്ങളിലെ കലുങ്ക് നിര്‍മാണം പൂര്‍ത്തിയായി. പന്തളത്ത് ഇന്ത്യന്‍ ബാങ്കിന് സമീപമുള്ള കലുങ്ക് നിര്‍മാണം ഇതുവരെ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. അഞ്ചര മുതല്‍ ഏഴുമീറ്റര്‍ വരെ വ്യത്യസ്ത അളവിലാണ് റോഡ് നിര്‍മാണം നടക്കുന്നത്. കാലാവസ്ഥ പ്രതികൂലമായാല്‍ ഈ തീര്‍ഥാടന കാലത്തിനുമുമ്പ് പണി പൂര്‍ത്തിയാക്കാനാകുമോ എന്ന ആശങ്കയിലാണ് ബന്ധപ്പെട്ടവര്‍. അങ്ങനെയായാല്‍ പന്തളത്തുനിന്ന് ശബരിമലക്കുള്ള യാത്ര ഇത്തവണയും ദുരിതപൂര്‍ണമാകും. ഇപ്പോള്‍ തന്നെ റോഡ് പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.