മല്ലപ്പള്ളി: മല്ലപ്പള്ളി, ആനിക്കാട് പഞ്ചായത്തുകളും കോട്ടാങ്കല്‍ പഞ്ചായത്തിലെ ആറു വാര്‍ഡുകളും ഉള്‍പ്പെടുത്തിയുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടമായ കിണറും ശുദ്ധീകരണ പ്ളാന്‍റും സ്ഥാപിക്കും. ഇതിനായി എട്ടു കോടിയുടെ പണി ടെന്‍ഡര്‍ ചെയ്തു. അടുത്തമാസം 17നാണ് ടെന്‍ഡര്‍ പരിശോധിക്കുന്നത്. 18 മാസകാലാവധിയാണ് പണിക്കായി നല്‍കുന്നത്. മന്ത്രി പി.ജെ. ജോസഫിന് നല്‍കിയ നിവേദനത്തിന്‍െറ അടിസ്ഥാനത്തില്‍ 34.33 കോടിയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയായിരുന്നു. ഇതിന്‍െറ ആദ്യ ഘട്ടമായാണ് എട്ടുകോടിയുടെ പദ്ധതികള്‍ ടെന്‍ഡര്‍ ചെയ്തിരിക്കുന്നത്. മണിമലയാറ്റില്‍നിന്ന് വെള്ളം ശേഖരിച്ച് ആനിക്കാട് പഞ്ചായത്തിലെ പുളിക്കാമലയില്‍ സ്ഥാപിക്കുന്ന ട്രീറ്റ്മെന്‍റ് പ്ളാന്‍റില്‍ എത്തിച്ച് ദിവസം ഒരു കോടി ലിറ്റര്‍ വെള്ളം ശുദ്ധീകരിച്ച് മൂന്നു പഞ്ചായത്തുകളിലും എത്തിക്കുന്നതാണ് പദ്ധതി. ട്രീറ്റ്മെന്‍റ് പ്ളാന്‍റിന് ആവശ്യമായ 75 സെന്‍റ് സ്ഥലം മൂന്നു പഞ്ചായത്തുകളും പൊതുജനങ്ങളുടെ സഹകരണത്തോടെ വാട്ടര്‍ അതോറിറ്റിക്ക് കൈമാറി. ഇതില്‍ 49 സെന്‍റ് സ്ഥലം മലയില്‍ ജോര്‍ജ്കുട്ടി സൗജന്യമായി നല്‍കിയതാണ്. നിലവിലുള്ള കരിക്കാമല, കൈപ്പറ്റ, ഹനുമാന്‍കുന്ന്, പരയ്ക്കത്താനം എന്നീ ടാങ്കുകള്‍ക്ക് പുറമെ പൊരിക്കുമ്പാറ, നാരകത്താനി, തൃച്ചേര്‍പ്പുറം എന്നിവിടങ്ങളിലും പുതിയ ടാങ്കുകള്‍ പണിയും. നാരകത്താനിയില്‍ കാഞ്ഞിരത്തിങ്കല്‍ അമ്മിണി ജോര്‍ജ് ദാനമായി നല്‍കിയ സ്ഥലത്താണ് ടാങ്ക് പണിയുന്നത്. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുമായി മല്ലപ്പള്ളി പഞ്ചായത്ത് ഹാളില്‍ കൂടിയ യോഗം ആന്‍േറാ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസ് അധ്യക്ഷതവഹിച്ചു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. റെജി തോമസ്, ആനിക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് സോഫിയാമ്മ ജോസഫ്, കുഞ്ഞുകോശി പോള്‍, കെ.ജി. സാബു, എം.എസ്. ശ്രീദേവി, ബിന്ദുചന്ദ്രമോഹന്‍, ബിന്ദു ചാത്തനാട്ട്, വി.ടി. ചാക്കോ, റെജി പണിക്കമുറി, സാംപട്ടേരില്‍, അഡ്വ. പ്രസാദ് ജോര്‍ജ്, എം.ജെ. മാത്യു, സി.എസ്. പിള്ള, ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സി. സജീവ്, അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍മാരായ എസ്.ജി. കാര്‍ത്തിക, എസ്. സുനില്‍ എന്നിവര്‍ പദ്ധതി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.