പന്തളം ആയുര്‍വേദ ആശുപത്രി ശോച്യാവസ്ഥയില്‍

പന്തളം: കുരമ്പാലയില്‍ പ്രവര്‍ത്തിക്കുന്ന പന്തളം പഞ്ചായത്ത് ആയൂര്‍വേദ ആശുപത്രി ശോച്യാവസ്ഥയില്‍. 1998ല്‍ പഞ്ചായത്ത് പണിത കെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ഇതുവരെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. മഴക്കാലമായാല്‍ ആശുപത്രി മുറികളിലും മുറ്റത്തുമെല്ലാം വെള്ളം കെട്ടും. ചോര്‍ന്നൊലിച്ച കെട്ടിടത്തിന്‍െറ ഭിത്തികള്‍ തകരാറിലാണ്. രോഗികള്‍ക്ക് വിശ്രമിക്കാന്‍ നല്‍കിയിരിക്കുന്ന സ്ഥലത്തിന്‍െറ ചുമരുകള്‍ ഏതുനിമിഷവും നിലംപറ്റാറായ സ്ഥിതിയിലാണ്. തിങ്കളാഴ്ചകളില്‍ 200ന് മുകളിലും മറ്റ് ദിവസങ്ങളില്‍ 150ലേറെ രോഗികളും ഇവിടെ എത്തുന്നു. ഇവര്‍ക്ക് ആശുപത്രി പരിസരത്ത് ഇരിക്കാന്‍ സൗകര്യങ്ങളൊന്നുമില്ല. അത്യാവശ്യഘട്ടത്തില്‍ പ്രാഥമിക ആവശ്യം നിര്‍വഹിക്കാന്‍ പോലും ഇവിടെ സംവിധാനമില്ല. കുടിവെള്ളത്തിന് ഒരു കിലോമീറ്റര്‍ നടന്ന് പുത്തന്‍കാവില്‍ ജങ്ഷനിലോ, കുരമ്പാല ജങ്ഷനിലോ എത്തേണ്ട സ്ഥിതിയാണ്. ആശുപത്രിയിലെ കിണര്‍ ഉപയോഗശൂന്യമാണ്. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം മൂന്നുവരെ ജോലിചെയ്യുന്ന ജീവനക്കാര്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് അയല്‍ വീടുകളെയാണ് സമീപിക്കുന്നത്. ആശുപത്രിയോടുചേര്‍ന്ന മഴവെള്ള സംഭരണി കൊതുകുവളര്‍ത്തല്‍ കേന്ദ്രമായി കാലങ്ങളായിട്ടും പഞ്ചായത്ത് അധികൃതര്‍ക്ക് കുലുക്കമില്ല. പുത്തന്‍കാവില്‍ ക്ഷേത്രം മുതല്‍ ആശുപത്രിപ്പടി വരെ തകര്‍ന്നുകിടക്കുന്ന റോഡില്‍ കോണ്‍ക്രീറ്റ് ഇളകി റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിട്ട് കാലമേറെയായി. ആശുപത്രി അറ്റകുറ്റപ്പണികള്‍ക്കും റോഡിന്‍െറ പുനരുദ്ധാരണത്തിനും മറ്റുമായി ഫണ്ട് അനുവദിക്കാമെന്നിരിക്കെ നാമമാത്രമായ മരുന്ന് വാങ്ങാനുള്ള പദ്ധതിയാണ് എല്ലാവര്‍ഷവും പഞ്ചായത്ത് ഭരണസമിതി വെക്കാറുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.