ബാലറ്റ് പേപ്പറും പെട്ടിയും ഇനി ഓര്‍മ; പകരം മള്‍ട്ടിപോസ്റ്റ് ഇലക്ട്രോണിക് വോട്ടുയന്ത്രം

പത്തനംതിട്ട: പോളിങ് ബൂത്തില്‍ ചെല്ലുമ്പോള്‍, ബാലറ്റ് പേപ്പര്‍ കിട്ടുമ്പോള്‍ എന്ന് തുടങ്ങിയ മുദ്രാവാക്യങ്ങളും ബാലറ്റ് പെട്ടി പൊട്ടിക്കുന്നതുള്‍പ്പെടെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗങ്ങളിലെ മുദ്രാവാക്യങ്ങളും ഒരിക്കല്‍ സജീവമായിരുന്നു. ബാലറ്റ് പെട്ടിയും ബാലറ്റ് പേപ്പറും ഈ മുദ്രാവാക്യങ്ങള്‍ക്കൊപ്പം ഇനി ഓര്‍മ മാത്രമാവുകയാണ്. വോട്ടര്‍ പട്ടികയില്‍ പുതുതായി പേരുചേര്‍ത്ത കന്നി വോട്ടര്‍മാര്‍ക്ക് പോളിങ് ബൂത്തിലത്തെിയാലും ബാലറ്റുപെട്ടി കാണാനാവില്ല. കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ വരെ ഉപയോഗിച്ചിരുന്ന ബാലറ്റ് പേപ്പറും ബാലറ്റ് പെട്ടിയും ഓര്‍മയാവുമ്പോള്‍ തല്‍സ്ഥാനത്ത് മള്‍ട്ടിപോസ്റ്റ് ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങള്‍ ഇടംപിടിക്കുകയാണ്. അസംബ്ളി, പാര്‍ലമെന്‍റ്, നഗരസഭാ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ചുവരുന്ന വോട്ടുയന്ത്രം ആദ്യമായാണ് സംസ്ഥാനത്ത് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത്. ജില്ലാ, ബ്ളോക്, ഗ്രാമപഞ്ചായത്തുകളില്‍ മൂന്നുവീതം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ചിടത്ത് യന്ത്രം എത്തുന്നതോടെ വോട്ടെടുപ്പും എണ്ണി ഫലം പ്രഖ്യാപിക്കുന്നതും എളുപ്പമാവും. ത്രിതല സംവിധാനത്തിലുള്ള തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനായി മൂന്ന് ബാലറ്റ് യൂനിറ്റും ഒരു കണ്‍ട്രോള്‍ യൂനിറ്റും അടങ്ങുന്ന മള്‍ട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടുയന്ത്രമാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. പുതിയ വോട്ടുയന്ത്രത്തില്‍ ഓരോ ഡിറ്റാച്ചബില്‍, ഇന്‍ബില്‍ഡ് മെമ്മറി യൂനിറ്റുകളുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മെമ്മറി യൂനിറ്റുകള്‍ മാത്രമേ ഇനി മുതല്‍ വോട്ടെണ്ണലിന് ആവശ്യമുള്ളൂ. ഏതെങ്കിലും സാഹചര്യത്തില്‍ വോട്ടുയന്ത്രത്തിന് തകരാര്‍ സംഭവിച്ചാല്‍ അതുവരെ പോള്‍ ചെയ്ത് വോട്ടുകള്‍ രേഖപ്പെടുത്തിയ മെമ്മറി കാര്‍ഡ് മറ്റൊരു മെഷീനില്‍ ഘടിപ്പിച്ചാല്‍ വോട്ടിങ് നടത്താം. ഇ-വോട്ടിങ് മെഷീനുകള്‍ വ്യാപമാകുമ്പോഴും പോസ്റ്റല്‍ വോട്ടിനുവേണ്ടി ഇത്തവണയും നാമമാത്രമായി ബാലറ്റ് പെട്ടിയും പേപ്പറുകളും ഉപയോഗിക്കേണ്ടിവരും. ജില്ലയില്‍ ഉപയോഗിക്കുന്ന വോട്ടുയന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന കലക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗത്തിന്‍െറ നേതൃത്വത്തില്‍ ഇലക്ഷന്‍ സ്ട്രോങ് റൂമില്‍ പൂര്‍ത്തിയായി. കലക്ടര്‍ എസ്. ഹരികിഷോര്‍ പരിശോധന വിലയിരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.