പഴവങ്ങാടി പഞ്ചായത്തിലെ മാലിന്യ പ്രശ്നത്തിന് നഗരസഭാ മോഡല്‍ പരിഷ്കാരം

റാന്നി: പഴവങ്ങാടി പഞ്ചായത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കാന്‍ സ്വകാര്യ സ്ഥാപനത്തിന്‍െറ സഹകരണത്തോടെ ‘എന്‍െറ പഴവങ്ങാടി വൃത്തിയുള്ള പഴവങ്ങാടി’ പദ്ധതി നടപ്പാക്കുന്നു. 2015-16 ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതിക്കായി തിരുവല്ല, പത്തനംതിട്ട നഗരസഭകളില്‍ മാലിന്യമുക്ത പദ്ധതി നടപ്പാക്കുന്ന ക്രിസ് ഗ്ളോബല്‍ ട്രേഡേഴ്സ് എന്ന സ്ഥാപനവുമായി കരാര്‍ ഒപ്പുവച്ചു. ടൗണിലെ എല്ലാ വ്യാപാര ധനകാര്യ സ്ഥാപനങ്ങളുടെയും ചെറുകിട കച്ചവടക്കാരുടെയും പൂര്‍ണ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ ടൗണിന്‍െറ വിവിധ ഭാഗങ്ങളില്‍ വ്യാപാരികളും ചെറുകിട കച്ചവടക്കാരും പൊതുജനങ്ങളും വലിച്ചെറിയുന്ന മാലിന്യം പഞ്ചായത്ത് വാഹനത്തില്‍ ശേഖരിച്ച് വരികയാണ് ചെയ്യുന്നത്. പിന്നീട് അവ ഒരു സ്ഥലത്തത്തെിച്ച് മണ്ണെടുത്ത് കുഴിച്ചുമൂടുകയാണ്. ഇതിനിടെ ബസ്സ്റ്റാന്‍ഡ് പരിസരത്ത് മാസങ്ങളായി സംസ്കരിക്കാതെയും നീക്കാതെയും കെട്ടിക്കിടന്ന മാലിന്യം കൂമ്പാരത്തെ കുറിച്ച് പരാതിയേറുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്ത സാഹചര്യത്തിലാണ് പഴവങ്ങാടി പഞ്ചായത്ത് കമ്മിറ്റി ചീഞ്ഞുനാറുന്ന ടൗണിനെ മാലിന്യമുക്തമാക്കാന്‍ തീരുമാനമെടുത്ത് മുന്നിട്ടിറങ്ങിയത്. കാലങ്ങളായി പഴവങ്ങാടി പഞ്ചായത്ത് നേരിടുന്ന പ്രശ്നം പരിഹരിക്കാന്‍ പഞ്ചായത്ത് കമ്മിറ്റി ഒറ്റക്കെട്ടായി ആലോചിച്ചെടുത്ത തീരുമാനമാണിതെന്ന് പ്രസിഡന്‍റ് ഷേര്‍ലി ജോര്‍ജ് പറഞ്ഞു. പദ്ധതി നടപ്പാക്കാന്‍ വൈസ് പ്രസിഡന്‍റ് അജു വളഞ്ഞംതുരുത്തിലാണ് മുന്‍കൈ എടുത്തത്. മാലിന്യം അതിന്‍െറ ഉറവിടത്തില്‍ തന്നെ തരംതിരിച്ചുവെക്കുകയും അതത് ദിവസം തന്നെ സ്വകാര്യ ഏജന്‍സി ജീവനക്കാര്‍ ശേഖരിച്ച് പ്ളാന്‍റില്‍ കൊണ്ടുവന്ന് വീണ്ടും തരംതിരിച്ച് നിര്‍മാര്‍ജനം ചെയ്യുന്ന പ്രക്രിയയാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. പ്ളാസ്റ്റിക് മാലിന്യം, ജൈവ മാലിന്യം എന്നിങ്ങനെ മാലിന്യങ്ങളെ വിവിധ തരങ്ങളായി തിരിച്ചാണ് നിര്‍മാര്‍ജനം ചെയ്യുക. അതത് വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ക്ക് മാലിന്യത്തിന്‍െറ തോത് അനുസരിച്ച് തുകയും ഈടാക്കും. തുക സ്വകാര്യ ഏജന്‍സി നേരിട്ടാണ് വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് ഈടാക്കുക. ഇതില്‍ പഞ്ചായത്ത് അധികൃതരുടെ ഇടപെടലുകള്‍ ഒഴിവാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.