മികച്ച ആശുപത്രി-ലാബ് സൗകര്യം ജനജീവിതം മെച്ചപ്പെടുത്തും –സ്പീക്കര്‍

പത്തനംതിട്ട: മികച്ച ആശുപത്രി-ലാബ് സൗകര്യം ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് നിയമസഭാ സ്പീക്കര്‍ എന്‍. ശക്തന്‍ പറഞ്ഞു. പത്തനംതിട്ട നഗരസഭാ എന്‍.യു.എച്ച്.എം ലബോറട്ടറിയുടെയും അലോപ്പതി ആശുപത്രി മാറ്റി സ്ഥാപിക്കുന്നതിന്‍െറയും ഉദ്ഘാടനം ടൗണ്‍ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവരെ സഹായിക്കുന്നതിന് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച നഗരസഭാ ചെയര്‍മാന്‍ എ. സുരേഷ് കുമാര്‍ പറഞ്ഞു. നഗരസഭാ പരിധിയിലുള്ളവര്‍ക്ക് അലോപ്പതി ആശുപത്രി-ലാബ് എന്നിവിടങ്ങളില്‍നിന്ന് സൗജന്യ രോഗ പരിശോധന, ചികിത്സ, മരുന്ന് എന്നിവ ലഭിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ആനി സജി, സ്ഥിരം സമിതി അധ്യക്ഷരായ എം.സി. ഷരീഫ്, കുഞ്ഞൂഞ്ഞമ്മ വര്‍ഗീസ്, എസ്. റഷീദബീവി, കെ.ആര്‍. അരവിന്ദാക്ഷന്‍ നായര്‍, കെ. ജാസിംകുട്ടി, കൗണ്‍സിലര്‍മാരായ സുഗന്ധ സുകുമാരന്‍, കെ. അനില്‍കുമാര്‍, ഡി.എം.ഒ (ആരോഗ്യം) ഡോ. ഗ്രേസി ഇത്താക്ക്, എന്‍.യു.എച്ച്.എം ഡി.പി.എം ഡോ.പി.എന്‍. വിദ്യാധരന്‍, എന്‍.യു.എച്ച്.എം കോഓഡിനേറ്റര്‍ ജ്യോതി ആനന്ദ് എന്നിവര്‍ സംസാരിച്ചു. ഹാജി സി. മീരാസാഹിബ് സ്മാരക ബസ്സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന എന്‍.യു.എച്ച്.എം അലോപ്പതി ആശുപത്രി പഴയ നഗരസഭാ ഓഫിസ് കെട്ടിടത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. ഇതോടനുബന്ധിച്ച് ലാബ് സൗകര്യവും ഒരുക്കി. നഗരസഭാ പരിധിയിലുള്ളവര്‍ക്ക് അലോപ്പതി ആശുപത്രിയുടെയും ലാബിന്‍െറയും സേവനം സൗജന്യമായി ലഭിക്കും. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് നാലുവരെ ലാബ് പ്രവര്‍ത്തിക്കും. ഉച്ചക്ക് രണ്ടു മുതല്‍ രാത്രി എട്ടുവരെ ഡോക്ടറുടെ സേവനം ലഭിക്കും. എല്ലാ വ്യാഴാഴ്ചയും രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെ ജീവിത ശൈലീരോഗ നിര്‍ണയ ക്യാമ്പ് നടക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നഗരസഭാ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ രോഗപ്രതിരോധ കുത്തിവെപ്പ് ക്യാമ്പും നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.