ആറന്മുളയില്‍ വിമാനത്താവള ഭൂമിയുടെ പോക്കുവരവ്: കലക്ടറുടെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകം

പത്തനംതിട്ട: ആറന്മുളയില്‍ വിമാനത്താവള നിര്‍മാണത്തിനായി വാങ്ങിക്കൂട്ടിയ പുഞ്ചപ്പാടത്തിന്‍െറ പോക്കുവരവ് റദ്ദാക്കുന്നത് സംബന്ധിച്ച് ഹൈകോടതി ഉത്തരവ് നടപ്പാക്കാത്ത കലക്ടറുടെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകം. വിമാനത്താവള നിര്‍മാണത്തിനായി കെ.ജി.എസ് ആറന്മുള ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട് കമ്പനി കെ.ജെ. എബ്രഹാമില്‍നിന്ന് വാങ്ങിയ ഭൂമി നേരത്തേ റവന്യൂ അധികൃതര്‍ പോക്കുവരവ് ചെയ്ത് നല്‍കിയിരുന്നു. ഈ നടപടി കലക്ടര്‍ ആയിരുന്ന വി.എന്‍. ജിതേന്ദ്രന്‍ മൂന്നു വര്‍ഷം മുമ്പ് റദ്ദുചെയ്തു. ഇതിനെതിരെ കെ.ജി.എസ് ഹൈകോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. തുടര്‍ന്ന് ഹരജിക്കാരനെയും ബന്ധപ്പെട്ട മറ്റ് കക്ഷികളെയും കേട്ടശേഷം മൂന്നു മാസത്തിനകം തീരുമാനം എടുക്കണമെന്ന് ചൂണ്ടിക്കാട്ടി 2013 മാര്‍ച്ച് ഏഴിന് ഹൈകോടതി ഉത്തരവ് വന്നു. ഇതേ തുടര്‍ന്ന് ഹരജിക്കാരനായ കെ.ജി.എസ് കമ്പനിയും മറ്റ് ബന്ധപ്പെട്ട കക്ഷികളെയും വിളിച്ചുവരുത്തി കലക്ടര്‍ 2013 ജൂണ്‍ 17ന് മൊഴിയെടുത്തിരുന്നു. എന്നാല്‍, വര്‍ഷം രണ്ടു കഴിഞ്ഞിട്ടും കലക്ടര്‍ കോടതിവിധിയില്‍ തീരുമാനമെടുത്തിട്ടില്ല. ഇത് നീതിന്യായ വ്യവസ്ഥയോടുള്ള കടുത്ത വെല്ലുവിളിയാണെന്നും ഒരാഴ്ചക്കകം ഇത് സംബന്ധിച്ച് നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് ഇടശേരിമല ചൈതന്യയില്‍ പി.പി. ചന്ദ്രശേഖരന്‍ നായര്‍ കലക്ടര്‍ക്ക് പരാതി നല്‍കി. പോക്കുവരവ് റദ്ദാക്കുകയല്ലാതെ മറ്റ് നിവൃത്തിയില്ലാത്തതിനാല്‍ കമ്പനിയെ സഹായിക്കാനാണ് കലക്ടര്‍ തീരുമാനം വൈകിക്കുന്നതെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തുന്നു. ഭൂമി മുഴുവന്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ചത് കമ്പനിയുടെ ഭാഗം കേള്‍ക്കാതെ ആയതിനാല്‍ മാത്രമാണ് കമ്പനിയെ കേള്‍ക്കണമെന്ന് ഹൈകോടതി നിര്‍ദേശിച്ചത്. പരിധിയില്‍ കവിഞ്ഞ് ഭൂമി കൈവശംവെച്ചതിന് കമ്പനിക്ക് ന്യായങ്ങള്‍ ഒന്നും പറയാനില്ല എന്നിരിക്കെ പോക്കുവരവ് റദ്ദാക്കുകയല്ലാതെ മറ്റ് തീരുമാനം ഒന്നും എടുക്കാനാവില്ല. പോക്കുവരവ് റദ്ദാക്കപ്പെട്ടാല്‍ വിമാനത്താവളം സ്ഥാപിക്കാനുള്ള കമ്പനിയുടെ മോഹങ്ങള്‍ പാടെ തകരും. അതൊഴിവാക്കാനാണ് കലക്ടര്‍ തീരുമാനം എടുക്കാതെ ഉരുണ്ട് കളിക്കുന്നതെന്നാണ് സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.