സി.പി.എം-ബി.ജെ.പി സംഘര്‍ഷം: മൂന്നുപേര്‍ അറസ്റ്റില്‍

പന്തളം: അഷ്ടമിരോഹിണി ആഘോഷത്തിനിടെ പന്തളത്തും സമീപപ്രദേശങ്ങളിലുമുണ്ടായ സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സി.പി.എം പ്രവര്‍ത്തകരായ തോന്നല്ലൂര്‍ ഉളമയില്‍ ഷഫീഖ് (18), കടക്കാട് കാക്കുഴിയില്‍ റസാഖ് (48), ആര്‍.എസ്.എസ് പ്രവര്‍ത്തകനായ മങ്ങാരം പ്ളാവ് നില്‍ക്കുന്നതില്‍ അരുണ്‍ (35) എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. പന്തളം എസ്.ഐ അയൂബ്ഖാന്‍െറ നേതൃത്വത്തില്‍ കഴിഞ്ഞദിവസം രാത്രിയാണ് ഇവരെ പന്തളം ജങ്ഷന്‍ ഭാഗത്തുനിന്ന് പിടികൂടിയത്. കൊടിയും തോരണങ്ങളും കൊടിമരങ്ങളും തകര്‍ത്തെന്ന് ആരോപിച്ച് സി.പി.എം-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെയാണ് പരസ്പരം ആക്രമണങ്ങള്‍ അരങ്ങേറിയത്. തുടര്‍ന്നുണ്ടായ ഭീകരാന്തരീക്ഷത്തില്‍നിന്ന് പന്തളം സാധാരണനിലയിലേക്ക് എത്തി. ഏറെ പ്രശ്നങ്ങള്‍ ഉണ്ടായ മുട്ടാര്‍ ജങ്ഷനില്‍ ഇപ്പോഴും കനത്ത പൊലീസ് കാവല്‍ തുടരുന്നു. സംഘര്‍ഷത്തിനിടെ അഡീ. എസ്.ഐയെ ആക്രമിച്ചവര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.