വളഞ്ഞുവളര്‍ന്ന് കൊമ്പുകള്‍; തീറ്റ എടുക്കാനാകാതെ ‘ജയരാജന്‍’

തിരുവല്ല: കൊമ്പുകള്‍ വളഞ്ഞ് വളര്‍ന്നത് മൂലം തീറ്റ എടുക്കാനാകാതെ ജയരാജന്‍ നിസ്സഹായാവസ്ഥയില്‍. തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ജയരാജന്‍ എന്ന കുട്ടിക്കൊമ്പനാണ് ദുരവസ്ഥയില്‍. കൊമ്പന് തീറ്റ കഴിക്കണമെങ്കില്‍ കൊമ്പുകള്‍ മുറിച്ച് മാറ്റിയേ തീരൂ. നീണ്ടുവളര്‍ന്ന് വളഞ്ഞ കൊമ്പുകള്‍ക്കിടയിലൂടെ ജയരാജന് തീറ്റ യെടുക്കാന്‍ ബുദ്ധിമുട്ടായിട്ട് മാസങ്ങളായി. കൊമ്പ് മുറിച്ചു നീക്കുന്നതിനുള്ള അനുമതി തേടി ഒരു വര്‍ഷത്തിന് മുമ്പ് തിരുവല്ല ദേവസ്വം സബ്ഗ്രൂപ് അധികൃതര്‍ ഡെപ്യൂട്ടി കമീഷണര്‍ക്ക് കത്ത് നല്‍കിയിരുന്നു. അതില്‍ നടപടി ഇല്ലാതായതോടെ മൂന്നു മാസങ്ങള്‍ക്ക് മുമ്പ് വീണ്ടും അപേക്ഷ നല്‍കി. തീരുമാനം എടുക്കേണ്ട ദേവസ്വം ബോര്‍ഡും അനുമതി നല്‍കേണ്ട വകുപ്പുകളും കാട്ടുന്ന അനാസ്ഥ ജയരാജനെ വലക്കുകയാണ്. മദപ്പാട് കണ്ടുതുടങ്ങിയതിനാല്‍ ഒരു മാസത്തിനുള്ളില്‍ ആനയെ തളക്കേണ്ടതുണ്ട്. പിന്നീട് അഴിക്കണമെങ്കില്‍ നാലു മാസമെങ്കിലുമെടുക്കും. ഈ സമയം പാപ്പാനെപ്പോലും ആന അടുപ്പിക്കാറില്ല. കൊമ്പുകള്‍ മുറിക്കാന്‍ കാലതാമസം നേരിട്ടാല്‍ വളര്‍ന്ന കൊമ്പുകളുമായി തീറ്റ എടുക്കാന്‍ കഴിയാതെ ജയരാജന് മദപ്പാടുകാലം കഴിക്കേണ്ടിവരും. ഇത് ആനയുടെ ആരോഗ്യത്തിനുതന്നെ ഭീഷണിയാകാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പത്തനംതിട്ട ദേവസ്വം ഡെപ്യൂട്ടി കമീഷണര്‍ക്ക് വകുപ്പുകളുടെ അനുമതി ലഭിച്ചതായും മദപ്പാട് ആരംഭിക്കും മുമ്പുതന്നെ കൊമ്പുകള്‍ മുറിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും തിരുവല്ല സബ്ഗ്രൂപ് ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.