പാലിയില്‍ തോട്ടിലെ മാലിന്യം കിണറുകളിലേക്ക്

തിരുവല്ല: പാലിയില്‍ തോട്ടില്‍ കെട്ടിക്കിടക്കുന്ന മാലിന്യം കുടിവെള്ളം മലിനപ്പെടുത്തുന്നതായി പരാതി. മുല്ളേലി തോടിന്‍െറ കൈവഴിയായി മതില്‍ഭാഗം വഴി ഒഴുകുന്ന തോട്ടിലെ മാലിന്യമാണ് സമീപകിണറുകളിലെ ജലം മലിനമാക്കുന്നത്. പാലിയില്‍ പാലത്തിന്‍െറ പുനര്‍നിര്‍മാണത്തിന് തോടിന് കുറുകെ മണല്‍ചാക്ക് ഉപയോഗിച്ച് നിര്‍മിച്ച തടയണ പൊളിച്ചു നീക്കാതിരുന്നതാണ് തോട്ടില്‍ മാലിന്യം അടിഞ്ഞുകൂടാന്‍ ഇടയാക്കിയത്. പാലം നിര്‍മാണത്തിനുശേഷം പൊളിച്ചുനീക്കാതിരുന്ന തടയണ കഴിഞ്ഞ വെള്ളപ്പൊക്കത്തോടെ തകര്‍ന്നിരുന്നു. നിര്‍മാണത്തിന് ഉപയോഗിച്ച പ്ളാസ്റ്റിക് ചാക്കും മണ്ണും പാലത്തിന്‍െറ സമീപങ്ങളില്‍ അടിഞ്ഞുകൂടി തോട് നികന്നതാണ് നീരൊഴുക്ക് തടസ്സപ്പെടാന്‍ കാരണം. നീരൊഴുക്ക് നിലച്ചതോടെ പാലത്തിന് സമീപത്ത് മാലിന്യം കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുകയാണ്. ആശുപത്രി മാലിന്യം നഗരത്തിലെ ഓടകള്‍ വഴി എത്തുന്നതും ഇവിടേക്കാണ്. മാലിന്യം പാലിയില്‍ തോട്ടില്‍ കെട്ടിക്കിടക്കുന്നതാണ് കിണറുകള്‍ അടക്കമുള്ള സമീപ ജലസ്രോതസ്സുകള്‍ മലിനമാക്കുന്നത്. കിണറുകളിലെ ചുവപ്പ് നിറത്തിലുള്ള വെള്ളത്തിന് ഇടക്കിടെ ദുര്‍ഗന്ധം അനുഭവപ്പെടുന്നതായി സമീപവാസികള്‍ പറയുന്നു. കുളിക്കാനും മറ്റ് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുമായി തോട്ടിലെ ജലം ഉപയോഗിച്ചിരുന്ന നാട്ടുകാര്‍ ഇന്ന് ഇറങ്ങാന്‍ പോലും മടിക്കുകയാണ്. തോട്ടില്‍ ഇറങ്ങിയാല്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ട്. പ്രദേശത്ത് കൊതുകുശല്യവും രൂക്ഷമായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.