പകര്‍ച്ചവ്യാധി നിയന്ത്രണം: വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കണം

പത്തനംതിട്ട: പകര്‍ച്ചവ്യാധി നിയന്ത്രണത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കണമെന്ന് ആറന്മുള നിയോജക മണ്ഡലം പകര്‍ച്ചവ്യാധി നിയന്ത്രണ അവലോകന യോഗത്തില്‍ കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ നിര്‍ദേശിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ജില്ല ഏറെ മുന്നിലാണ്. ജനപ്രതിനിധികളുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവര്‍ത്തനം വേണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തനം നടത്തണമെന്ന് എം.എല്‍.എ പറഞ്ഞു. വാര്‍ഡുതല ആരോഗ്യ ശുചിത്വ സമിതികളിലൂടെ ജനങ്ങളിലേക്ക് ആരോഗ്യ സന്ദേശങ്ങള്‍ എത്തിക്കാനും ശുചിത്വ മിഷന്‍െറയും ഗ്രാമപഞ്ചായത്തുകളുടെയും ഫണ്ടുകള്‍ സമയബന്ധിതമായി സമിതികള്‍ക്ക് ലഭ്യമാക്കാനും യോഗത്തില്‍ തീരുമാനമായി. പകര്‍ച്ചവ്യാധി നിയന്ത്രണം ഊര്‍ജിതമാക്കാന്‍ നഗരസഭ പ്രദേശത്ത് ഒരു മെഡിക്കല്‍ ഓഫിസറെ നിയമിക്കുകയോ ഇലന്തൂര്‍ സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ക്ക് പ്രത്യേക ചുമതല നല്‍കുകയോ ചെയ്യണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ജില്ലയില്‍ രോഗ സാധ്യതാ മേഖലകള്‍ കൂടുതലായതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ ഡോ.ഗ്രേസി ഇത്താക്ക് പറഞ്ഞു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എല്‍. അനിതകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇലന്തൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഏലിയാമ്മ യോഹന്നാന്‍, കോയിപ്രം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ജിജി ജോണ്‍ മാത്യു, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ അഡ്വ. എന്‍. രാജീവ്, പത്തനംതിട്ട നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ആനി സജി, എല്‍.സി. ജോസഫ്, ഗ്രേസി ശാമുവേല്‍, ആനി ജോസഫ്, കെ.എസ്. പാപ്പച്ചന്‍, ഇലന്തൂര്‍ ബ്ളോക് മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷിബു ജയരാജ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വി.സി. കോശി എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.