അടൂരില്‍ പഴകിയ ഭക്ഷണം വ്യാപകം; വില തോന്നിയപോലെ

അടൂര്‍: അളവിലും ഗുണത്തിലും ഒരുമാനദണ്ഡവും പാലിക്കാത്ത അടൂരിലെ ഹോട്ടലുകളില്‍ ഈടാക്കുന്നത് തോന്നിയ വില. ചായക്ക് 10-15 രൂപയാണ് ഈടാക്കുന്നത്. നാരങ്ങവെള്ളത്തിന് 15-20 രൂപ. ബസ്സ്റ്റാന്‍ഡിലെ ബേക്കറികളില്‍ വില 25 രൂപ. ഷവര്‍മക്കും ഷാര്‍ജ ജ്യൂസ് ഉള്‍പ്പെടെയുള്ളവക്കും അനുദിനം വില കൂടുന്നു. വില അധികമാണല്ളോ എന്ന് ഉപഭോക്താക്കള്‍ ചോദിച്ചാല്‍ മറുപടി ഇവിടെ ഇങ്ങനെയാണ്, വേണമെങ്കില്‍ കഴിച്ചാല്‍മതി എന്നാണ്. വില വിവരപ്പട്ടിക മിക്ക ഹോട്ടലുകളിലും പ്രദര്‍ശിപ്പിച്ചിട്ടില്ല. ഉള്ളവ ഉപഭോക്താള്‍ക്ക് നേരാംവണ്ണം കാണത്തക്ക രീതിയിലുമല്ല. ഒരേ ഭക്ഷണസാധനങ്ങള്‍ക്ക് ഓരോയിടത്തും പല വിലയാണ്. അരി, മത്സ്യം, മാംസം, പച്ചക്കറി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വിലകൂടിയതും ജീവനക്കാരുടെ കൂലി കൂടുതലുമൊക്കെയാണ് ഹോട്ടല്‍ നടത്തിപ്പുകാര്‍ ഭക്ഷണത്തിന് വിലകൂടിയതിന് നിരത്തുന്ന ന്യായങ്ങള്‍. എന്നാല്‍, ഇവക്ക് വില കുറയുമ്പോള്‍ ഭക്ഷണത്തിന്‍െറ വില കുറക്കാന്‍ ഹോട്ടലുകാര്‍ തയാറാകാറുമില്ല. ഇറച്ചി വ്യാപാരികളില്‍നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത ഇറച്ചിയും തമിഴ്നാട്ടില്‍നിന്നുള്ള മാര്‍ഗമധ്യേ ചത്ത കോഴികളും മോശം പച്ചക്കറികളും ഒക്കെയാണ് മിക്ക ഹോട്ടലുകാരും പകുതിവിലയ്ക്ക് വാങ്ങി പാകം ചെയ്ത് വിളമ്പുന്നതെന്ന ആക്ഷേപമുണ്ട്. സാദാ ഉച്ചയൂണിന് 50 രൂപക്ക് ചെറുകിട കച്ചവടക്കാര്‍ നല്‍കുമ്പോള്‍ വന്‍കിട ഹോട്ടലുകാര്‍ സ്പെഷലിന്‍െറ പേരില്‍ രണ്ടോ മൂന്നോ കൂട്ടുകറികളും മീനിന്‍െറ മുള്ളും നല്‍കി 125 രൂപ വരെ ഈടാക്കുന്നു. ചെറുകിട ഹോട്ടലുകാര്‍ 10-20 ശതമാനം വില കൂട്ടിയപ്പോള്‍ എ.സി റസ്റ്റാറന്‍റുകളും വന്‍കിട ഹോട്ടലുകളും 50 ശതമാനം വരെയാണ് കൂട്ടിയത്. ദോശക്കൊപ്പം സാമ്പാറും ചമ്മന്തിയും നല്‍കുന്ന പതിവ് പല കടക്കാരും നിര്‍ത്തി. സാധാരണ കടകളില്‍ ചായക്ക് ആറ്-എട്ട് രൂപയും കാപ്പിക്ക് എട്ട്-10 രൂപയും വടക്ക് ആറ്-എട്ട് രൂപയും ദോശ, അപ്പം, പൊറോട്ട എന്നിവക്ക് ഏഴ്-10 രൂപ വീതവുമാണ് വില. വെജിറ്റേറിയന്‍ ഭക്ഷ്യശാലകളില്‍ ചില പ്രത്യേകതകളുടെ പേരില്‍ അന്യായ വില ഈടാക്കുമ്പോള്‍ ഭക്ഷണത്തിന്‍െറ അളവ് കുറവാണ്. മിക്ക ഹോട്ടലുകളിലുംനിന്ന് മലിനജലവും വിസര്‍ജ്യങ്ങളും ഓടകളിലേക്കാണ് ഒഴുക്കുന്നത്. ഇത് അടിയുന്നത് വലിയ തോട്ടിലാണ്. പാത്രങ്ങള്‍ കഴുകുന്നത് മിക്കയിടത്തും വെറും നിലത്താണ്. മിക്ക സ്ഥിരം കടകളിലും തട്ടുകടകളിലും പലഹാരങ്ങള്‍ പൊതിഞ്ഞുനല്‍കുന്നത് പത്രത്താളുകളിലാണ്. തുറസ്സായ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ രോഗം വിതക്കുകയാണ്. കളര്‍ ചേര്‍ത്ത് പലഹാരങ്ങള്‍ ഉണ്ടാക്കുന്നതും അജിനോമോട്ടോ പോലുള്ള കൃത്രിമ രുചിവര്‍ധനവസ്തുക്കള്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്നതും മായം ചേര്‍ക്കല്‍ നിരോധ നിയമപ്രകാരം കുറ്റകരമാണ്. എന്നാല്‍, അടൂരിലെ മിക്ക സ്ഥിരം കടകളിലും തട്ടുകടകളിലും ഇത്തരത്തിലാണ് ഭക്ഷണമുണ്ടാക്കുന്നത്. ഗുണനിലവാരമില്ലാത്തതും വിഷമയവുമായ പാക്കറ്റ് പാലാണ് സ്ഥിരം കടകളിലും തട്ടുകടകളിലും ഉപയോഗിക്കുന്നത്. തുറന്ന സ്ഥലത്ത് ഷവര്‍മ വില്‍ക്കുന്ന ബേക്കറി ഉടമകള്‍ക്ക് പരിശോധകസംഘം നോട്ടീസ് നല്‍കിയെങ്കിലും അതിനേക്കാള്‍ മോശമായി നിരത്തുകളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ക്കെതിരെ നടപടിയെടുക്കാന്‍ തയാറായില്ല. ഭക്ഷണശാല ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഏര്‍പ്പെടുത്തണമെന്ന ആവശ്യവും അധികൃതര്‍ കേട്ട മട്ടില്ല. വന്‍കിട ഹോട്ടലുകളിലും ആശുപത്രി, ഹോസ്റ്റല്‍ കാന്‍റീനുകളിലും സ്വകാര്യ സ്ഥാപനങ്ങളുടെ മെസുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിക്കുന്നില്ളെന്ന് ആക്ഷേപമുണ്ട്. നഗരത്തില്‍ മാത്രമല്ല, ഏനാദിമംഗലം, ഏഴംകുളം, ഏറത്ത്, കടമ്പനാട്, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പരിധികളിലെ ചില ഭക്ഷണശാലകളെക്കുറിച്ചും ഇത്തരത്തില്‍ പരാതികള്‍ ഉയര്‍ന്നെങ്കിലും എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോള്‍ മാത്രം പേരിന് പരിശോധന ഉണ്ടാകുമെന്നു മാത്രം. കാലാവധി കഴിഞ്ഞ ബേക്കറിസാധനങ്ങള്‍ വില്‍ക്കുന്ന കടകളും പരിശോധിക്കാറില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.