പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചതോടെ തെരഞ്ഞെടുപ്പിന്‍െറ കേളികൊട്ട് തുടങ്ങി. ശബരിമല സീസണ്‍ ആരംഭിക്കുന്ന നവംബര്‍ 17ന് മുമ്പ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് തീരുമാനം. വാര്‍ഡ് പുനര്‍നിര്‍ണയവും ഉടനെയുണ്ടാകും. ഒക്ടോബര്‍ ആദ്യ ആഴ്ച തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിലുമാണ്. ഇതിന് മുമ്പ് വാര്‍ഡുകളില്‍ മത്സരിക്കുന്നത് അടക്കമുള്ള തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പൂര്‍ത്തിയാക്കേണ്ടതുണ്ട്. കീഴ്ഘടകങ്ങളെ സജ്ജമാക്കാന്‍ യു.ഡി.എഫും എല്‍.ഡി.എഫും ബി.ജെ.പിയും വിവിധ പരിപാടികള്‍ ഇതിനകം ആസൂത്രണം ചെയ്തുകഴിഞ്ഞു. സി.പി.എം നേരത്തേ തന്നെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. പല സ്ഥലത്തും പാര്‍ട്ടി മേഖലാ യോഗങ്ങളും ജനറല്‍ ബോഡികളും നടന്നുകഴിഞ്ഞു. ബൂത്തുതല പാര്‍ട്ടി യോഗങ്ങളും ഇടക്കിടെ കൂടി അണികളെ സജ്ജമാക്കി നിര്‍ത്തുന്നു. വരും ദിവസങ്ങളില്‍ ആര്‍.എസ്.എസ്-ബി.ജെ.പി കടന്നുകയറ്റത്തെ പ്രതിരോധിക്കാനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളും ശക്തമാക്കാനാണ് തീരുമാനം. എസ്.എന്‍.ഡി.പിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉണ്ടായിട്ടുള്ള പ്രശ്നങ്ങളും തന്ത്രപരമായി നേരിടാന്‍ അണിയറയില്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. ജില്ലയില്‍ കുളനട ബ്ളോക് പഞ്ചായത്തും ഏനാത്ത്, പെരിങ്ങനാട്, കൂടല്‍ ഗ്രാമപഞ്ചായത്തുകളും പുതുതായി രൂപവത്കരിച്ച് വിജ്ഞാപനം ഇറങ്ങിയിരുന്നെങ്കിലും ഹൈകോടതി ഉത്തരവോടെ റദ്ദായവയുടെ പട്ടികയില്‍ ഇവയും ഉള്‍പ്പെട്ടിരുന്നു. അതിനാല്‍ അവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഏതുവിധമാകുമെന്നതില്‍ അവ്യക്തതയുണ്ട്. സമീപ പഞ്ചായത്തുകളില്‍നിന്ന് അടര്‍ത്തിയെടുത്ത വാര്‍ഡുകള്‍ സംയോജിപ്പിച്ചാണ് പുതിയ ഗ്രാമപഞ്ചായത്തുകള്‍ രൂപവത്കരിച്ചത്. പുതിയ പഞ്ചായത്ത് രൂപവത്കരണം റദ്ദായതിനാല്‍ പഴയ പഞ്ചായത്തുകളില്‍ തന്നെയാകും അടര്‍ത്തിയെടുത്ത വാര്‍ഡുകള്‍ തുടരാന്‍ സാധ്യത. പന്തളം ഗ്രാമപഞ്ചായത്ത് നഗരസഭയാക്കിയത് റദ്ദായിട്ടില്ല. അതിനാല്‍ അവിടെ നഗരസഭാ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്. യു.ഡി.എഫിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും വാര്‍ഡുതോറും പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കിയിട്ടുണ്ട്. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനങ്ങളും തറക്കല്ലിടലുമൊക്കെ തകൃതിയായിട്ടാണ് വിവിധ പഞ്ചായത്തുകളില്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഇതിന് കഴിയാത്തതിനാലും ഉദ്ഘാടനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.പത്തനംതിട്ട ജില്ലയില്‍ ആകെ വോട്ടര്‍മാര്‍ 996171 ആണ്. ഇതില്‍ സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍ പേരും 529730, പുരുഷ വോട്ടര്‍മാര്‍ 466441. ജില്ലാ, ബ്ളോക് ഗ്രാമപഞ്ചായത്തുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സീറ്റ് നിര്‍ണയ ചര്‍ച്ച ഇക്കുറിയും കീറാമുട്ടിയാകാനാണ് സാധ്യത. ഇതിനായുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും. യു.ഡി.എഫില്‍ കോണ്‍ഗ്രസും എല്‍.ഡി.എഫില്‍ സി.പി.എമ്മും ജയസാധ്യതയുള്ള കൂടുതല്‍ സീറ്റുകളും കൈയടക്കാനാണ് സാധ്യത. ഘടക കക്ഷികളിലെ ഈര്‍ക്കില്‍ പാര്‍ട്ടികള്‍ ഇപ്പോള്‍ തന്നെ സീറ്റ് ലക്ഷ്യമാക്കി രംഗത്തിറങ്ങിയത് വല്യേട്ടന്മാര്‍ക്ക് ഇഷ്ടമായിട്ടില്ല. കഴിഞ്ഞ തവണ സി.പി.എമ്മും സി.പി.ഐയും തമ്മില്‍ പല സ്ഥലത്തും സീറ്റുതര്‍ക്കം നിലനിന്നിരുന്നു. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലുള്ള ഭിന്നതയും രൂക്ഷമായിരുന്നു. ഇതൊക്കെ പലയിടത്തും വിമതന്മാരെ സൃഷ്ടിക്കാനും ഇടയാക്കിയിരുന്നു. 15ഓളം പഞ്ചായത്തുകളില്‍ വിമതശല്യം കാരണം എല്‍.ഡി.എഫിനും യു.ഡി.എഫിനും വ്യക്തമായ ഭൂരിപക്ഷം കിട്ടാതെ പോയി. നഗരസഭകളിലും വിമതന്‍ രംഗത്തിറങ്ങിയിരുന്നു. നിലവില്‍ ജില്ലാ പഞ്ചായത്ത് 17 ഡിവിഷനുകളിലായി യു.ഡി.എഫില്‍ കോണ്‍ഗ്രസിന് 10ഉം കേരള കോണ്‍ഗ്രസിന് ഒന്നും സീറ്റുകളാണുള്ളത്. എല്‍.ഡി.എഫില്‍ സി.പി.എമ്മിന് ആറും സി.പി.ഐക്ക് രണ്ടും സീറ്റുകളുണ്ട്. നഗരസഭകളില്‍ പത്തനംതിട്ട, അടൂര്‍ യു.ഡി.എഫും തിരുവല്ല എല്‍.ഡി.എഫുമായി ഭരിക്കുന്നത്. ഇക്കുറി പന്തളം ഗ്രാമപഞ്ചായത്ത് പുതിയതായി നഗരസഭയാകാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.