വിദ്യാര്‍ഥികള്‍ ക്ളാസ് കട്ട് ചെയ്താല്‍ ഇനി വീട്ടിലറിയും

പത്തനംതിട്ട: സ്കൂള്‍ വിദ്യാര്‍ഥികള്‍ ക്ളാസില്‍ ഹാജരായില്ളെങ്കില്‍ മാതാപിതാക്കളെ എസ്.എം.എസ് മുഖേന അറിയിക്കുന്ന പദ്ധതി ജില്ലയിലെ ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ നടപ്പാക്കുന്നത് ജില്ലാ ഭരണകൂടത്തിന്‍െറ പരിഗണനയില്‍. വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള സോഫ്റ്റ്വെയര്‍ അധിഷ്ഠിത എസ്.എം.എസ് പദ്ധതി ജില്ലയിലെ 10 സ്കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിവരുന്നു. തിരുവല്ല എം.ജി.എം, അടൂര്‍ പി.ജി.എം, തിരുവല്ല ബാലികാമഠം, പ്രമാടം നേതാജി, ചെങ്ങരൂര്‍ സെന്‍റ് തെരേസാസ്, കലഞ്ഞൂര്‍ ജി.എച്ച്.എസ്, കിടങ്ങന്നൂര്‍ എസ്.വി.ജി.എച്ച്.എസ്, കാരംവേലി എസ്.എന്‍.ഡി.പി.എച്ച്.എസ്, പത്തനംതിട്ട ഗവ.എച്ച്.എസ്, പത്തനംതിട്ട ഗവ. വൊക്കേഷനല്‍ എച്ച്.എസ്.എസ് എന്നീ സ്കൂളുകളിലാണ് നിലവില്‍ നടപ്പാക്കിയത്. ഇതു വിജയകരവും ഫലപ്രദവുമാണെന്ന് ബോധ്യപ്പെട്ടതോടെ കൂടുതല്‍ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ എസ്. ഹരികിഷോര്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.വി. രാമചന്ദ്രന് നിര്‍ദേശം നല്‍കി. കോന്നി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മൂന്നു വിദ്യാര്‍ഥിനികളെ കാണാതാകുകയും പിന്നീട് മരിക്കുകയും ചെയ്ത സംഭവത്തിന്‍െറ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിന്‍െറ സഹായത്തോടെ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് മാതാപിതാക്കളെ ഹാജരറിയിക്കുന്ന പദ്ധതി. എന്‍ജിനീയറിങ് ബിരുദധാരികളായ അനീഷ് എസ്. നായര്‍, കെ.വി. പ്രണവ്, ജി. ഗോപീകൃഷ്ണന്‍, എസ്. സൂരജ്, വിഷ്ണു വി. കുമാര്‍, ബിനോ മാത്യു വര്‍ഗീസ്, എറിക് ജോസഫ്, തോംസണ്‍, അമ്പാടി എന്നിവര്‍ ചേര്‍ന്നു രൂപം നല്‍കിയ സ്റ്റാര്‍ട്ട്അപ് സംരംഭമായ ലോജിക്സ് സ്പേസ് ടെക്നോളജീസ് എന്ന കമ്പനി തയാറാക്കിയിട്ടുള്ള സേഫ് കിഡ്സ് എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. അധ്യാപകര്‍ ഹാജരെടുത്ത ശേഷം ക്ളാസില്‍ എത്താത്തവരുടെ വിവരം കമ്പ്യൂട്ടറിലെ സേഫ് കിഡ്സ് സോഫ്റ്റ്വെയറില്‍ ആബ്സന്‍ഡ് എന്ന് രേഖപ്പെടുത്തിയാല്‍ ഉടന്‍ മാതാപിതാക്കളുടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് എസ്.എം.എസ് എത്തും. എസ്.എം.എസ് സന്ദേശം ബ്ളോക് ചെയ്യപ്പെട്ടാല്‍ കാരണം സഹിതം സ്കൂള്‍ അധികൃതര്‍ക്ക് അറിയുന്നതിനും സംവിധാനമുണ്ട്. എസ്.എം.എസ് സന്ദേശത്തിന് പുറമെ ഫോണ്‍ കാളായി വിവരം അറിയിക്കുന്ന സംവിധാനവും സമീപഭാവിയില്‍ ലഭ്യമാക്കും. സ്കൂളുകള്‍ക്ക് സൗജന്യമായാണ് സേഫ് കിഡ്സ് സോഫ്റ്റ്വെയര്‍ നല്‍കുന്നത്. ഓരോ സ്കൂളിനും ഒരു മാസം 1000 എസ്.എം.എസ് സൗജന്യമാണ്. അതിനു ശേഷമുള്ള ഓരോ എസ്.എം.എസിനും 25 പൈസ വീതം സ്റ്റാര്‍ട്ട് അപ് സംരംഭകര്‍ക്ക് നല്‍കണം. മലയാളത്തിലും ഇംഗ്ളീഷിലും എസ്.എം.എസ് സന്ദേശം അയക്കുന്നതിന് സോഫ്റ്റ്വെയറില്‍ സംവിധാനമുണ്ട്. ഇതോടനുബന്ധമായി സ്മാര്‍ട്ട്ഫോണ്‍ ഉള്ളവര്‍ക്കായി ആന്‍ഡ്രോയ്ഡ് അധിഷ്ഠിത ആപ്ളിക്കേഷനും ലഭ്യമാണ്. ആപ്സ്റ്റോറില്‍നിന്ന് ഇതു സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. വിദ്യാര്‍ഥികളുടെ ഹാജര്‍, മാര്‍ക്ക്, പ്രോഗ്രസ് കാര്‍ഡ്, സ്കൂള്‍ അറിയിപ്പുകള്‍ എന്നിവയും മൊബൈല്‍ ആപ്ളിക്കേഷന്‍ മുഖേന മാതാപിതാക്കള്‍ക്ക് ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.