ഞായറാഴ്ച ട്രിപ് മുടക്കുന്ന ബസുകളുടെ എണ്ണം പെരുകുന്നു

വടശേരിക്കര: ഞായറാഴ്ച ട്രിപ് മുടക്കുന്ന ബസുകളുടെ എണ്ണം പെരുകുന്നു. ഇതുകാരണം മലയോരമേഖലയില്‍ യാത്രാദുരിതം വര്‍ധിക്കുന്നു. കിഴക്കന്‍ മേഖലയായ റാന്നി, പെരുനാട്, ചിറ്റാര്‍, സീതത്തോട്, ആങ്ങമൂഴി, വടശേരിക്കര തുടങ്ങിയ സ്ഥലങ്ങളില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യബസുകളാണ് നിയമവിരുദ്ധമായി ട്രിപ് മുടക്കി ജനങ്ങളെ വലുക്കുന്നതെങ്കില്‍ അടുത്തകാലത്തായി കെ.എസ്.ആര്‍.ടി.സിയും അതേവഴി പിന്‍തുടരുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം റാന്നിയില്‍ പുതിയ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ സ്ഥാപിതമായപ്പോള്‍ മലയോര മേഖലകളിലേക്ക് നിരവധി സര്‍വിസുകള്‍ ആരംഭിച്ചിരുന്നു. നാട്ടുകാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഈ സര്‍വിസുകളില്‍ പലതും ഇപ്പോള്‍ പേരിന് മാത്രമേയുള്ളൂ. ഞായറാഴ്ച ദിവസങ്ങളില്‍ സ്വകാര്യബസുകള്‍ കൂടി സര്‍വിസ് മുടക്കുന്നതുമൂലം പുറത്തേക്ക് യാത്രക്കൊരുങ്ങുന്ന ഇവിടുത്തുകാര്‍ വന്‍തുക മുടക്കി ടാക്സികളെ ആശ്രയിക്കുകയോ കിലോമീറ്ററുകളോളം നടന്നുപോകുകയോ ചെയ്യേണ്ടുന്ന അവസ്ഥയിലാണ്. മറ്റു സ്ഥലങ്ങളില്‍നിന്ന് കിഴക്കന്‍ മേഖലയിലേക്ക് പോകാന്‍ പത്തനംതിട്ടയിലെയും റാന്നിയിലെയും ബസ് സ്റ്റാന്‍ഡിലത്തെുന്ന യാത്രക്കാര്‍ മണിക്കൂറുകളോളം കാത്തുനിന്ന് കഴിയുമ്പോഴാണ് ബസുകള്‍ സര്‍വിസ് നടത്തുന്നില്ളെന്ന കാര്യം അറിയുന്നത്. റാന്നി, സീതത്തോട് തുടങ്ങിയ പ്രദേശങ്ങളിലെ പല ഉള്‍ഗ്രാമങ്ങളിലേക്കുമുള്ള ഏക യാത്രാമാര്‍ഗമായ സ്വകാര്യബസുകള്‍ ട്രിപ്മുടക്കുന്നത് പലതരത്തിലുള്ള ബുദ്ധിമുട്ടുണ്ടാക്കുന്നു. മിക്ക പ്രദേശങ്ങളിലും എത്തിച്ചേരണമെങ്കില്‍ കിലോമീറ്ററുകളോളം വനത്തില്‍ കൂടി സഞ്ചരിക്കേണ്ടതുണ്ട്. ഈ ഭാഗങ്ങളിലേക്ക് ഒന്നോ രണ്ടോ സ്വകാര്യ ബസുകള്‍ മാത്രമാണ് സര്‍വിസിനുണ്ടാകുക. ഇതു മുടങ്ങിയാല്‍ പല ഗ്രാമങ്ങളും ഒറ്റപ്പെടും. വന്‍ലാഭത്തിലോടുന്ന ബസുകള്‍ ഞായറാഴ്ച ദിവസങ്ങളില്‍ നഷ്ടക്കണക്കു നിരത്തി അവധി പ്രഖ്യാപിക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമായതിനു പിന്നാലെ കെ.എസ്.ആര്‍.ടി.സിയും ട്രിപ് മുടക്കം പതിവാക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.