വി.കോട്ടയത്തെ പാറമടക്കും ക്രഷറിനും താല്‍ക്കാലിക നിയന്ത്രണം

പത്തനംതിട്ട: തെരഞ്ഞെടുപ്പ് കഴിയുംവരെ നാട്ടുകാരെ പറ്റിക്കാന്‍ വി. കോട്ടയത്തെ പാറമടയുടെയും ക്രഷറിന്‍െറയും പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കലക്ടറുടെ ഉത്തരവ്. ഇത്രയും നാള്‍ കലക്ടര്‍ നാടകം കളിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍. വി. കോട്ടയത്തെ അനധികൃത പാറമടയുടെയും ക്രഷറിന്‍െറയും പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ഗ്രാമരക്ഷാ സമിതി നേതൃത്വത്തില്‍ ഇവിടെ സമരം നടന്നുവരികയാണ്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ‘പെണ്‍കരുത്തിന്‍ സമരകാഹളം’ എന്ന പേരില്‍ വനിതകളും കുട്ടികളും ചേര്‍ന്ന് സമരം ശക്തമാക്കിയിരുന്നു. സമരം ശക്തമായാല്‍ പ്രമാടം പഞ്ചായത്തിലെ ഭരണം യു.ഡി.എഫിന് നഷ്ടമാകുമെന്ന ഭീതിയാണ് ഉടന്‍ ക്രഷറിന്‍െറ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കാന്‍ ഇടയായതെന്ന് പറയുന്നു. മന്ത്രി അടൂര്‍ പ്രകാശ് ഇടപെട്ടാണ് കലക്ടര്‍ ഉത്തരവിട്ടിരിക്കുന്നതെന്നാണ് സമരക്കാര്‍ ആരോപിക്കുന്നത്.പാറമടയും ക്രഷറും ഉള്‍പ്പെടുന്ന പ്രമാടം പഞ്ചായത്തിലെ 14ാം വാര്‍ഡിലാണ് സമരം നടക്കുന്നത്. ഈ വാര്‍ഡില്‍നിന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് മന്ത്രി അടൂര്‍ പ്രകാശിന്‍െറ അടുത്ത അനുയായി റോബിന്‍ പീറ്ററാണ്. യു.ഡി.എഫിന് ഭരണം കിട്ടിയാല്‍ റോബിന്‍ പീറ്ററാകും പ്രസിഡന്‍റ്. വനിതകളുടെ നേതൃത്വത്തില്‍ സമരം ശക്തമായാല്‍ റോബിന്‍െറ വോട്ടുകളെ അത് പ്രതികൂലമായി ബാധിക്കുമെന്നറിഞ്ഞാണ് ഇപ്പോള്‍ കലക്ടറെക്കൊണ്ട് ഈ പൊടിക്കൈ പ്രയോഗിച്ചിരിക്കുന്നത്. വി. കോട്ടയത്തെ അമ്പാടി ക്രഷറിനെതിരെ രണ്ടു വര്‍ഷമായി നാട്ടുകാര്‍ സമരത്തിലാണ്. നാട്ടുകാരുടെ സമരത്തിന് എതിരായിരുന്നു മന്ത്രിയും കൂട്ടരും. ഗ്രാമപഞ്ചായത്തും പാറമടക്ക് ഒത്താശ ചെയ്യുകയായിരുന്നു. സ്ഥലം അളന്ന് പുറമ്പോക്ക് തിട്ടപ്പെടുത്തി കൈയേറ്റം ഒഴിപ്പിക്കണമെന്ന് റവന്യൂ മന്ത്രിയോട് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. തുടിയുരുളിപ്പാറയുടെ നല്ളൊരു ഭാഗവും ഇതിനകം പൊട്ടിച്ചു കഴിഞ്ഞു. ക്രഷര്‍ യൂനിറ്റിന്‍െറ ഓഫിസ് പ്രവര്‍ത്തിക്കുന്നത് വനഭൂമിയിലും ഡീസല്‍ പ്ളാന്‍റ് റവന്യൂ ഭൂമിയിലുമാണ്. ഇതിന് പുറമെ ഏക്കര്‍ കണക്കിന് പുറമ്പോക്ക് ഭൂമിയിലെ പാറ പൊട്ടിക്കുകയാണ്. ഇതെല്ലാം റവന്യൂ വകുപ്പ് നടത്തിയ സര്‍വേയില്‍ കണ്ടത്തെിയതാണെങ്കിലും നടപടി ഉണ്ടായില്ല.പാറമട പ്രവര്‍ത്തനം പരിസ്ഥിതി പ്രശ്നവും രൂക്ഷമാക്കിയിരുന്നു. സഹികെട്ടാണ് നാട്ടുകാര്‍ സമരത്തിനിറങ്ങിയത്. ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് സ്ഥലം അളന്നപ്പോള്‍ രണ്ടര ഏക്കറോളം ക്രഷര്‍ യൂനിറ്റ് കൈയേറിയതായി കണ്ടത്തെിയിരുന്നു. ഗ്രാമരക്ഷാ സമിതി സമരം ശക്തമാക്കിയതോടെ തിങ്കളാഴ്ച കോന്നി തഹസില്‍ദാര്‍ ക്രഷര്‍ യൂനിറ്റ് ഉടമയോട് സര്‍ക്കാര്‍ ഭൂമിയില്‍നിന്ന് ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് അടൂര്‍ ആര്‍.ഡി.ഒ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്ന് കലക്ടറുടെ നേതൃത്വത്തില്‍ റവന്യൂ സംഘം സ്ഥലം സന്ദര്‍ശിക്കുകയും സമരക്കാരുമായി ചര്‍ച്ച നടത്തുകയും ചെയ്യുകയായിരുന്നു. പാറമട പ്രവര്‍ത്തനം ജനങ്ങള്‍ക്ക് വലിയ ദുരിതമുണ്ടാകുന്ന കാര്യം നാട്ടുകാര്‍ കലക്ടറെ ധരിപ്പിച്ചു. 28വരെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിട്ടുള്ളതെന്നറിയുന്നു. കെയേറ്റം നടന്നതായി വ്യക്തമായ രേഖകള്‍ ഉള്ളപ്പോഴും കലക്ടര്‍ നാടകം കളിക്കുന്നതില്‍ നാട്ടുകാര്‍ക്കുള്ള പ്രതിഷേധം ശക്തമായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.