തിരുവല്ല: ജലവിതരണക്കുഴല്‍, കേബ്ള്‍ എന്നിവ സ്ഥാപിക്കാനായി തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയില്‍ 20 കിലോമീറ്റര്‍ ദൂരത്തോളം എടുത്ത കുഴികള്‍ അപകടത്തിനിടയാകുന്നു. പൊടിയാടി മുതല്‍ നീരേറ്റുപുറം വരെ സ്വകാര്യ കമ്പനിയുടെ ടെലിഫോണ്‍ കേബ്ളുകള്‍ സ്ഥാപിക്കുന്നതിനും നീരേറ്റുപുറം മുതല്‍ എടത്വവരെ ജലവിതരണക്കുഴലുകള്‍ സ്ഥാപിക്കുന്നതിനും എടുത്ത കുഴികളാണ് അപകടത്തിന് ഇടയാക്കുന്നത്. ഒരാഴ്ചക്കകം പത്ത് കെ.എസ്.ആര്‍.ടി.സി ബസുകളാണ് റോഡില്‍നിന്ന് തെന്നിമാറി കുഴികളില്‍ താഴ്ന്ന് അപകടത്തില്‍പെട്ടത്. തലവടി ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം ചൊവ്വാഴ്ച രാവിലെ ഉണ്ടായ അപകടമാണ് അവസാനത്തേത്. ഇവിടെ കുഴിയില്‍ വീണ കെ.എസ്.ആര്‍.ടി.സി ബസ് ഇതുവരെ കരക്കുകയറ്റാന്‍ കഴിഞ്ഞിട്ടില്ല. ഇതിന് സമീപത്തായി കഴിഞ്ഞ ദിവസം താഴ്ന്ന വേണാട് ബസ് ചൊവ്വാഴ്ചയാണ് കരക്കുകയറ്റിയത്. തകഴി പാലത്തിന് സമീപം നെല്ല് കയറ്റിവന്ന ലോറി പാടത്തേക്ക് മറിഞ്ഞിരുന്നു. പാടത്ത് വെള്ളം വറ്റിച്ചിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. വീയപുരം ഭാഗത്ത് തലകീഴായി മറിഞ്ഞ കാറില്‍നിന്ന് മാതാവും മകനും അദ്ഭുതകരമായി രക്ഷപ്പെട്ടതും കഴിഞ്ഞ ദിവസമായിരുന്നു. പൊടിയാടി മുതല്‍ നീരേറ്റുപുറം വരെ സ്വകാര്യ കമ്പനികള്‍ ടെലിഫോണ്‍ കേബ്ളുകള്‍ സ്ഥാപിക്കുന്നതിന് റോഡിന്‍െറ ഒരുവശത്ത് കുഴിച്ച കുഴി മൂടിയതിന് തൊട്ടുപിന്നാലെ മറുവശത്ത് വീണ്ടും കുഴിയെടുത്ത് തുടങ്ങിയിട്ടുണ്ട്. ഇതുമൂലം ഈ പ്രദേശം അപകടമേഖലയായി മാറിയിട്ടുണ്ട്. കുഴിയെടുത്തപ്പോള്‍ റോഡില്‍ കോരിയിട്ട മണ്ണ് പൂര്‍ണമായും നീക്കംചെയ്യാത്തതിനാല്‍ രൂപപ്പെട്ട ചളിയില്‍ വാഹനങ്ങള്‍ കയറുമ്പോള്‍ തെന്നിനീങ്ങുന്നതാണ് ആപകടങ്ങള്‍ക്ക് കാരണമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.