പത്തനംതിട്ട നഗരസഭയിലെ ചില വാര്‍ഡുകളില്‍ ധാരണയായി

പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിലെ ചില വാര്‍ഡുകളില്‍ സ്ഥാനാര്‍ഥി ധാരണയായി. യു.ഡി.എഫില്‍ അഴൂര്‍ വെസ്റ്റ് 26ാം വാര്‍ഡില്‍ സഫിയകുമാരി, അഴൂര്‍ 27ാം വാര്‍ഡില്‍ ശാന്തകുമാരി, കൊടുന്തറ 28ാം വാര്‍ഡില്‍ രജനി പ്രദീപ്, കോളജ് വാര്‍ഡായ 29ല്‍ സുശീല പുഷ്പന്‍, കുമ്പഴ നോര്‍ത് വാര്‍ഡില്‍ കെ.ആര്‍. അരവിന്ദാക്ഷന്‍നായര്‍, കുമ്പഴ ഈസ്റ്റ് വാര്‍ഡില്‍ അംബികാ വേണു എന്നിങ്ങനെയാണ് ഏകദേശ ധാരണയായത്. കല്ലറകടവ് 25ാം വാര്‍ഡില്‍ ചെയര്‍മാന്‍ എ. സുരേഷ്കുമാര്‍ സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. കോണ്‍ഗ്രസിലെ എം.സി. ഷരീഫ് വിജയിച്ച ചുട്ടിപ്പാറ 23ാം വാര്‍ഡില്‍ ഷരീഫിന്‍െറ ഭാര്യ റെജീന ഷരീഫായിരിക്കും സ്ഥാനാര്‍ഥി. പേട്ട സൗത് വാര്‍ഡില്‍ കെ. ജാസിംകുട്ടി, വല്‍സന്‍ ടി.കോശി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. അറബി കോളജ് വാര്‍ഡില്‍ മിനി വില്‍സനാണ് മുന്‍ഗണന. നഗരസഭയില്‍ മുസ്ലിം ലീഗ് മൂന്ന് വാര്‍ഡുകളില്‍ മത്സരിക്കും. പട്ടംകുളം ഒമ്പതാം വാര്‍ഡില്‍ എസ്. ബീന, സുധീന എന്നിവരുടെ പേരുകള്‍ ലീഗിന്‍െറ സാധ്യതാ പട്ടികയിലുണ്ട്. 13ാം വാര്‍ഡില്‍ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.എം. ഹമീദ്, സ്വതന്ത്ര കര്‍ഷകസംഘം ആക്ടിങ് പ്രസിഡന്‍റ് മുഹമ്മദ്സാലി, യൂത്ത്ലീഗ് ജില്ലാ ജോയന്‍റ് സെക്രട്ടറി നിയാസ് റാവുത്തര്‍, ചുട്ടിപ്പാറ 22ാം വാര്‍ഡില്‍ ലീഗ് മണ്ഡലം സെക്രട്ടറി കെ.പി. നൗഷാദ്, യൂത്ത്ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. സഗീര്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. കഴിഞ്ഞതവണ ചുട്ടിപ്പാറ ഈസ്റ്റ് വാര്‍ഡില്‍നിന്ന് മത്സരിച്ച റഷീദാബീവി വീണ്ടും മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അനുയോജ്യമായ സീറ്റ് ലഭിച്ചാല്‍ അവര്‍ വീണ്ടും മത്സരിക്കാനാണ് സാധ്യത. കഴിഞ്ഞതവണ എ. സുരേഷ്കുമാര്‍ വിജയിച്ച വലഞ്ചുഴി വാര്‍ഡ് ആര്‍.എസ്.പി ആവശ്യപ്പെട്ടിട്ടുണ്ട്. നഗരസഭയില്‍ എല്‍.ഡി.എഫിലെ ഘടകകക്ഷിയായ സി.പി.ഐ അഞ്ച് സീറ്റില്‍ മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. മുണ്ടുകോട്ടക്കല്‍ ആറാംവാര്‍ഡില്‍ ബിജിനോ, പേട്ട നോര്‍ത് 11ല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അബ്ദുല്‍ ഷുക്കൂര്‍, കുമ്പഴ വെസ്റ്റ് 21ല്‍ ജില്ലാ കമ്മിറ്റി അംഗം ബെന്‍സി തോമസ്, ചുട്ടിപ്പാറ 23ാം വാര്‍ഡില്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ല. അഴൂര്‍ 27ാം വാര്‍ഡില്‍ അവിടുത്തെ ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യ ശുഭ എന്നിവരാണ് മത്സരിക്കാന്‍ സാധ്യതയുള്ളവരുടെ പട്ടികയിലുള്ളത്. 30ാം വാര്‍ഡില്‍ സി.പി.എമ്മിലെ വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി കൂടിയായ അബ്ദുല്‍ മനാഫ് മത്സരിക്കാനുള്ള സാധ്യത വര്‍ധിച്ചിട്ടുണ്ട്. ഇവിടെ യു.ഡി.എഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസിലെ ജേക്കബ് വിഭാഗം സീറ്റിനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.