ജനറല്‍ ആശുപത്രിയില്‍ കെ.എസ്.യു –എസ്.എഫ്.ഐ സംഘര്‍ഷം

പത്തനംതിട്ട: കാതോലിക്കറ്റ് കോളജില്‍ നടന്ന എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ ജനറല്‍ ആശുപത്രിയില്‍ ഏറ്റുമുട്ടി. വ്യാഴാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. പരിക്കേറ്റ കെ.എസ്.യു പ്രവര്‍ത്തകനായ പി.ജി വിദ്യാര്‍ഥി പേട്ട പഴയവീട്ടില്‍ അജ്മലിനെ (23) ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ കെ.എസ്.യു-എസ്.എഫ്.ഐ നേതാക്കള്‍ തമ്മില്‍ ഒത്തുതീര്‍പ്പുചര്‍ച്ച നടക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടുകയായിരുന്നു. മാരകായുധങ്ങളുമായി പുറത്തുനിന്ന് കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തിയാണ് ഏറ്റുമുട്ടിയത്. ആശുപത്രിക്കുള്ളില്‍ വിദ്യാര്‍ഥികള്‍ ഇടിച്ചുകയറിയത് പരിഭ്രാന്തി പരത്തി. അഞ്ചു മിനിറ്റോളം ആശുപത്രിവളപ്പില്‍ സംഘര്‍ഷാവസ്ഥയിലായിരുന്നു. പിന്നീട് നേതാക്കള്‍ ഇടപെട്ടാണ് വിദ്യാര്‍ഥികളെ പിന്തിരിപ്പിച്ചത്. പിരിഞ്ഞുപോയ വിദ്യാര്‍ഥികള്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിലും കലക്ടറേറ്റ് വളപ്പിലും ഏറ്റുമുട്ടി. ആശുപത്രിയില്‍ സംഘര്‍ഷം സൃഷ്ടിച്ചവര്‍ക്കെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു. കാതോലിക്കറ്റ് കോളജില്‍ മാഗസിന്‍ ഇറക്കുന്നത് താമസിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം കെ.എസ്.യു പ്രവര്‍ത്തകര്‍ കോളജ് വളപ്പില്‍ പ്രകടനം നടത്തിയിരുന്നു. ഒരു കെ.എസ്.യു പ്രവര്‍ത്തകന്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ എസ്.എഫ്.ഐയുടെ ബോര്‍ഡില്‍ വാക്കുകള്‍ എഴുതിയെന്ന് ആരോപിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്ളാസില്‍ കയറി വിദ്യാര്‍ഥികളെ മര്‍ദിച്ചെന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ പറയുന്നു. ഇതിനെ തുടര്‍ന്ന് വ്യാഴാഴ്ച വീണ്ടും ഏറ്റുമുട്ടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.