ഓണ്‍ലൈന്‍ സൈറ്റ് പണിമുടക്കി; വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍ മുടങ്ങി

പന്തളം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള സൈറ്റ് പണിമുടക്കിയതിനെ തുടര്‍ന്ന് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കല്‍ തടസ്സപ്പെട്ടു. തിങ്കളാഴ്ച രാവിലെ 10 മുതലാണ് സൈറ്റ് പണിമുടക്കിയത്. രാവിലെ മുതല്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ശ്രമിച്ച രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിരാശയായിരുന്നു ഫലം. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള അവസാന ദിവസമായി കമീഷന്‍ പ്രഖ്യാപിച്ചത് തിങ്കളാഴ്ചയായിരുന്നു. രാവിലെ മുതല്‍ സൈറ്റില്‍ പ്രവേശിക്കാന്‍ കഴിയാതെ വരികയായിരുന്നു. സാധാരണ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് സമയം അനുവദിക്കുന്നത് അഞ്ചുമണി വരെയോ രാത്രി 12 മണി വരെയോ ആണ്. ഇതിന് വിപരീതമായി തിങ്കളാഴ്ച രണ്ടുമണിയോടെ ഈ സൈറ്റ് കമീഷന്‍ ക്ളോസ് ചെയ്തു. പുതിയ നഗരസഭകളില്‍ പേരുചേര്‍ക്കാന്‍ ഏഴാം തീയതിവരെ സമയം അനുവദിക്കുമെന്ന് പറഞ്ഞെങ്കിലും അതിനും ഇപ്പോള്‍ അവസരമില്ല. ഒരേ സമയം കൂടുതല്‍ ആളുകള്‍ സൈറ്റിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതാണ് പ്രശ്നത്തിന് കാരണമായി അധികൃതര്‍ പറയുന്നത്. എന്നാല്‍, ഇനി അവസരം നല്‍കുമോ എന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമീഷനാണ് തീരുമാനം എടുക്കേണ്ടത്. വാര്‍ഡുകളില്‍ പുതിയ വോട്ടര്‍ പട്ടിക തയാറാക്കിയപ്പോള്‍ പലരുടെയും വോട്ട് മറ്റ് പല വാര്‍ഡുകളിലേക്ക് മാറിയതും തിരുത്താന്‍ കഴിയാത്ത സ്ഥിതിയാണ്. എല്ലാ അപേക്ഷകളും ഓണ്‍ലൈനില്‍ മാത്രമാണ്. ഇനി അവസരം ലഭിക്കുമോ എന്ന ആശങ്കയിലാണ് രാഷ്ട്രീയ പ്രവര്‍ത്തകര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.