ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് തെര. കമീഷന്‍െറ അഭിനന്ദനം

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന തെരഞ്ഞെടുപ്പ് കൃത്യതയോടെയും ഫലപ്രദമായും നടത്തുന്നതിന് ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച ജില്ലയിലെ ഉദ്യോഗസ്ഥരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ കെ. ശശിധരന്‍ നായര്‍ അഭിനന്ദിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ഥിരം സമിതി അംഗങ്ങളുടെയും ചെയര്‍മാന്മാരുടെയും തെരഞ്ഞെടുപ്പിനു മുന്നോടിയായി വരണാധികാരികള്‍ക്കായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നടപടികളിലെ സങ്കീര്‍ണത കണക്കിലെടുത്ത് വരണാധികാരികള്‍ക്ക് ബോധവത്കരണം നല്‍കുന്നതിനാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലാ ജില്ലകളിലും സ്ഥിരം സമിതി അംഗങ്ങളെയും ചെയര്‍മാന്മാരെയും തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച് പരിശീലനം നല്‍കുന്നത്. വരണാധികാരികളാണ് തെരഞ്ഞെടുപ്പിന്‍െറ എല്ലാം. തെരഞ്ഞെടുപ്പ് നടത്തുകയെന്നത് വരണാധികാരിയുടെ ചുമതലയാണ്. തെരഞ്ഞെടുപ്പ് നടത്തുന്നതിന്‍െറ മേല്‍നോട്ടം, നിയന്ത്രണം, നിര്‍ദേശം എന്നിവയാണ് തെരഞ്ഞെടുപ്പ് കമീഷന്‍െറ ചുമതല. വോട്ടര്‍പട്ടിക തയാറാക്കുക, തെരഞ്ഞെടുപ്പ് മുന്നൊരുക്കം എന്നിവയില്‍ തെരഞ്ഞെടുപ്പ് കമീഷന്‍െറ ഇടപെടലുണ്ട്. എന്നാല്‍, വിജ്ഞാപനം പുറപ്പെടുവിച്ച് നാമനിര്‍ദേശം സ്വീകരിക്കുന്ന തീയതി മുതല്‍ വരണാധികാരികള്‍ക്കാണ് സുപ്രധാന ചുമതല. അര്‍ധ നീതിന്യായ സ്വഭാവത്തിലുള്ള ജോലികളാണ് വരണാധികാരികള്‍ നിര്‍വഹിച്ചിട്ടുള്ളത്. കാര്യമായ പരാതികളൊന്നും തന്നെ പത്തനംതിട്ട ജില്ലയില്‍നിന്നു ലഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് യഥാസമയം നടത്തുകയെന്നത് ഭരണഘടനാ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷന്‍െറ പ്രൈവറ്റ് സെക്രട്ടറി പി.ടി. ജോര്‍ജ് പരിശീലന ക്ളാസ് നയിച്ചു. അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് എം. സുരേഷ് കുമാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍. സുന്ദരന്‍ ആചാരി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.