അപ്രോച്ച് റോഡ് നിര്‍മാണം വൈകുന്നു; എം.സി റോഡില്‍ വന്‍ ഗതാഗതക്കുരുക്ക്

തിരുവല്ല: വീതികുറഞ്ഞ പന്നിക്കുഴി പാലത്തിലൂടെ ഒറ്റവരിയായി വാഹനങ്ങള്‍ കടന്നുപോകുന്നത് എം.സി റോഡില്‍ വന്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. ശബരിമല തീര്‍ഥാടനം കൂടി ആരംഭിച്ചതോടെ പാലത്തിലൂടെയുള്ള വാഹനങ്ങളുടെ തിരക്കും വര്‍ധിച്ചു. പുതിയ പാലത്തിന്‍െറ പണി പൂര്‍ത്തീകരിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചിട്ടും പാലം നിര്‍മാണം മാത്രമേ പൂര്‍ത്തീകരിക്കാന്‍ നിര്‍മാണകമ്പനിക്ക് കഴിഞ്ഞിട്ടുള്ളൂ. അപ്രോച്ച് റോഡിന്‍െറ നിര്‍മാണം വൈകുന്നതാണ് യാത്രക്കാരെ വലക്കുന്നത്. അപ്രോച്ച് റോഡിന്‍െറ നിര്‍മാണം എന്ന് പൂര്‍ത്തീകരിക്കാനാകുമെന്ന് കരാറുകാര്‍ക്കും പറയാനാകുന്നില്ല. എട്ടുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന ഉറപ്പിന്മേല്‍ 2014 സെപ്റ്റംബര്‍ 16ന് ആരംഭിച്ച പാലം നിര്‍മാണം കരാര്‍ കാലാവധി കഴിഞ്ഞ് ആറുമാസം പിന്നിട്ടിട്ടും പൂര്‍ത്തിയാക്കാനായില്ല. അധികൃതരുടെ തുടര്‍ച്ചയായ സമ്മര്‍ദത്തേതുടര്‍ന്ന് നാലുമാസം മുമ്പ് പാലത്തിന്‍െറ പണി പൂര്‍ത്തിയാക്കിയെങ്കിലും അപ്രോച്ച് റോഡ് നിര്‍മാണം ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഒറ്റവരി ഗതാഗതം മാത്രമുള്ള വീതികുറഞ്ഞ പന്നിക്കുഴി പാലത്തിലൂടെ തന്നെ തീര്‍ഥാടക വാഹനങ്ങള്‍ കൂടി കടന്നുപോകേണ്ടിവരുന്നത് എം.സി റോഡില്‍ വന്‍കുരുക്കിനാണ് ഇടയാക്കുന്നത്. തകര്‍ന്ന് തരിപ്പണമായ എം.സി റോഡില്‍ പെരുന്തുരുത്തി മുതല്‍ തിരുവല്ലയിലേക്കു സാധാരണ നിലയില്‍തന്നെ മണിക്കൂറുകള്‍ നീളുന്ന നീണ്ടനിരയാണ് പ്രത്യക്ഷപ്പെടുന്നത്. പെരുന്തുരുത്തിയില്‍നിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് വാഹനങ്ങള്‍ തിരിയുന്നതും തിരിച്ചിറങ്ങുന്നതും മൂലം ഈ ഭാഗത്തും ഗതാഗതക്കുരുക്ക് പതിവാണ്. റോഡിലെ ഗതാഗതക്കുരുക്ക് ദീര്‍ഘദൂര യാത്രക്കാരെയും ഇതര സംസ്ഥാന തീര്‍ഥാടകരെയുമാണ് ഏറെയും വലക്കുന്നത് ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസുകളെയും ഇതുവഴിയുള്ള യാത്ര പ്രതികൂലമായി ബാധിക്കുന്നുണ്ട്. റോഡ് നിര്‍മാണം കണക്കി ലെടുത്ത് സമാന്തര പാതയിലൂടെ ഗതാഗതം തിരിച്ചുവിടാനോ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്താനോ പൊലീസോ ബന്ധപ്പെട്ട അധികൃതരോ തയാറാകാത്തതാണ് ഇതുവഴിയുള്ള യാത്രക്കാരെ വലക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.