നിര്‍മാണോദ്ഘാടനം കഴിഞ്ഞ് മാസങ്ങളായി; അനുബന്ധ പണികള്‍ ആരംഭിക്കാതെ സുബല പാര്‍ക്ക്

പത്തനംതിട്ട:  നഗരവാസികളുടെ സായാഹ്നങ്ങള്‍ക്ക് ചാരുത പകരാന്‍ വേണ്ടിയുള്ള സുബല പാര്‍ക്കിന്‍െറ നിര്‍മാണോദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും  അനുബന്ധ പണി  ആരംഭിക്കാനായില്ല. കഴിഞ്ഞ മേയിലാണ്  ഉദ്ഘാടനം മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിച്ചത്. 
 നഗരത്തിലെ ചില വമ്പന്‍ പദ്ധതികള്‍ ശിലാഫലകത്തില്‍ ഒതുങ്ങിയതുപോലെ ഇതിനും ആ സ്ഥിതിയുണ്ടാകുമോ എന്ന് നാട്ടുകാര്‍ സംശയിക്കുന്നു.
 പട്ടികജാതി വികസന വകുപ്പിന് കീഴില്‍ വനിതകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണ് സുബല പാര്‍ക്ക്. പാര്‍ക്കിനായി അഞ്ചു കോടിയുടെ  മാസ്റ്റര്‍ പ്ളാനാണ് തയാറാക്കിയിട്ടുള്ളത്. 
തടാകം നവീകരിച്ച് ബോട്ടിങ് നടത്താനാണ് പദ്ധതി. കൂടാതെ കുട്ടികളുടെ പാര്‍ക്ക്, തടാകത്തിന് മുകളിലൂടെ യാത്ര ചെയ്യാന്‍ കോണ്‍ക്രീറ്റ് പാലം, ആകര്‍ഷകമായ തടിപ്പാലങ്ങള്‍, തടാകത്തിനുചുറ്റും ചെറിയ  നടപ്പാതകള്‍, ഓപണ്‍ എയര്‍ തിയറ്റര്‍, വിശ്രമിക്കാനായി കോണ്‍ക്രീറ്റ് ബെഞ്ചുകള്‍, പൂന്തോട്ടം, ഓഡിറ്റോറിയം, കളിസ്ഥലം, പച്ചക്കറിത്തോട്ടം, റസ്റ്റാറന്‍റ്, റീഡിങ് റൂം, ടോയ്ലറ്റുകള്‍, ഹൈമാസ്റ്റ്, സോളാര്‍ ലൈറ്റുകള്‍, ത്രീഡി തിയറ്ററുകള്‍ എന്നിവയൊക്കെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
നിലവിലുള്ള ഓഡിറ്റോറിയം നവീകരിക്കുന്നതിന് 10.50 ലക്ഷം, ഭക്ഷണശാല നിര്‍മാണത്തിന് 11.05 ലക്ഷം, ബോട്ടിങ് ഓഫിസ്, റിക്രിയേഷന്‍ സെന്‍റര്‍ 10.08 ലക്ഷം, ബോട്ടുകളും മറ്റ് ഉപകരണങ്ങളും വാങ്ങുന്നതിന് 60 ലക്ഷം, ഓപണ്‍ എയര്‍ തിയറ്റര്‍ നിര്‍മാണം 12.69 ലക്ഷം, കുട്ടികളുടെ പാര്‍ക്ക് അഞ്ചു ലക്ഷം, കായിക വിനോദ ഉപകരണങ്ങള്‍ക്ക് നാലു ലക്ഷം, നടപ്പാത നിര്‍മാണം 6.88 ലക്ഷം എന്നിങ്ങനെയാണ് തുകകള്‍ വകയിരുത്തിയിട്ടുള്ളത്. തിരുവന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവ. ഏജന്‍സി  ജിറ്റ്പാക്കാണ് മാസ്റ്റര്‍ പ്ളാന്‍ തയാറാക്കിയത്. പത്തനംതിട്ട നഗരത്തില്‍നിന്ന് ഒന്നര കി.മീ. വടക്ക്  മാറി  മേലേവെട്ടിപ്പുറത്താണ് നിര്‍ദിഷ്ട പാര്‍ക്ക്. 
ഏഴേക്കര്‍ സ്ഥലമാണ് ഇവിടെയുള്ളത്. സ്ഥലം കാടുകയറി കിടക്കുകയാണിപ്പോള്‍. സുബല പാര്‍ക്കിനായുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 20 വര്‍ഷം മുമ്പ് ആരംഭിക്കാന്‍ പദ്ധതിയിട്ടെങ്കിലും അന്നത്തെ കലക്ടറുടെ പെട്ടെന്നുള്ള സ്ഥലം മാറ്റത്തോടെ പദ്ധതി നിലക്കുകയായിരുന്നു. 
പാര്‍ക്കിന്‍െറ വികസനം സാധ്യമാകുന്നതോടെ ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക്  തൊഴില്‍ അവസരങ്ങളും ലഭിക്കും. 
ഈ ലക്ഷ്യത്തില്‍ പട്ടികജാതി വകുപ്പ് ഇത്തരമൊരു പദ്ധതി സംസ്ഥാനത്ത് ആദ്യമായാണ് നടപ്പാക്കുന്നത്. 
പദ്ധതി യാഥാര്‍ഥ്യമായാല്‍ അത് ടൂറിസ്റ്റുകളെ ഇവിടേക്ക് ആകര്‍ഷിക്കാനും ഇടയാക്കും. ആലപ്പുഴ, വയനാട്, കുമരകം എന്നീ സ്ഥലങ്ങളില്‍ ടൂറിസം അവിടുത്തെ ജനങ്ങളുടെ വരുമാന സ്രോതസ്സായി മാറിയിട്ടുണ്ട്.  സുബല പാര്‍ക്കും ഇത്തരത്തില്‍ സംസ്ഥാനത്തിനും പത്തനംതിട്ട ജില്ലക്കും മാതൃകയായി ഏറ്റവും വലിയ ആകര്‍ഷണ കേന്ദ്രമാക്കി മാറ്റാനുംകഴിയും. 
 ആദ്യഗഡുവാായി 4.96 കോടിയാണ് അനുവദിച്ചിട്ടുള്ളത് . നിലവിലുള്ള ഓഡിറ്റോറിയം വികസന പദ്ധതിക്ക് അനുയോജ്യമല്ലാത്തതിനാല്‍ കൂത്തമ്പലം മാതൃകയില്‍ കലാപരിപാടികള്‍ നടത്താന്‍ കഴിയുന്ന രീതിയിലേക്ക് പുനര്‍നിര്‍മിക്കണമെന്നും ആവശ്യമുണ്ട്. 
ഇതിനൊപ്പം പട്ടികജാതി വിഭാഗത്തില്‍പെട്ടവരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് സ്റ്റാള്‍, സജ്ജീകരിക്കണമെന്നും ആവശ്യമുണ്ട്. 
1995ല്‍ ചാരിറ്റബ്ള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനം ആരംഭിച്ച സുബല പദ്ധതി പിന്നീട് മന്ദീഭവിക്കുകയായിരുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.