നീര്‍ത്തട പദ്ധതിയുടെ മറവില്‍ ഉല്ലാസയാത്ര

അടൂര്‍:  കടമ്പനാട് ഗ്രാമപഞ്ചായത്ത് നീര്‍ത്തട പദ്ധതിയുടെ മറവില്‍ സുഖവാസകേന്ദ്രങ്ങളില്‍ ഉല്ലാസയാത്ര. കടമ്പനാട് ഗ്രാമപഞ്ചായത്ത് നിലമേല്‍ തോട് പശ്ചിമഘട്ട നീര്‍ത്തട പദ്ധതി പ്രകാരം കൃഷിയെക്കുറിച്ചും കാര്‍ഷികമേഖലകളിലെ പ്രതിസന്ധികളെക്കുറിച്ചും പഠിക്കുന്നതിനുവേണ്ടി കര്‍ഷകര്‍ക്കായി നടത്തേണ്ട പഠനയാത്രയുടെ തുക ഉപയോഗിച്ചാണ് ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഉല്ലാസയാത്ര നടത്തിയത്. 2,36,665 രൂപ ഈ ഇനത്തില്‍ ചെലവഴിച്ചതായാണ് കണക്ക്. 
പഠനയാത്ര എന്ന പേരില്‍ സുഖവാസകേന്ദ്രങ്ങളായ ഊട്ടി, കൊടൈക്കനാല്‍, കുറ്റാലം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും തീര്‍ഥാടന കേന്ദ്രങ്ങളായ പഴനി, മധുര എന്നീ സ്ഥലങ്ങളിലുമാണ് യാത്ര നടത്തിയത്. 
ഇതിനെതിരെ പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ പ്രസിഡന്‍റ്  അവിനാഷ് പള്ളീനഴികത്ത് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി. പ്രദേശത്തെ കാര്‍ഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്താനായി സര്‍ക്കാര്‍ അനുവദിച്ച 43,46,962  രൂപ ചെലവഴിച്ചതായി വ്യാജരേഖകള്‍ ചമച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത് എന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ആരോപിച്ചു. കര്‍ഷകര്‍ക്ക് ആട്, കോഴി എന്നിവ വിതരണം ചെയ്യുന്നതിനും  വാഴ, കിഴങ്ങ്, വെറ്റില, കുരുമുളക് കൃഷിക്കും മഴക്കുഴി, കിണര്‍ എന്നിവ നിര്‍മിക്കുന്നതിനും കുളം പുനരുദ്ധാരണത്തിനായും 12,37,966 രൂപ നല്‍കിയതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നു. ബാക്കി തുക ഏതുരീതിയില്‍ ചെലവഴിച്ചു എന്ന് മറുപടിയില്‍ വ്യക്തമാക്കിയിട്ടില്ല. 
പദ്ധതിയുടെ ഇംപ്ളിമെന്‍റ് ഏജന്‍സി സര്‍വേ നടത്തിയ പഠന റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ്  നല്‍കാനും പഞ്ചായത്ത് അധികൃതര്‍  തയാറായിട്ടില്ല. പദ്ധതിയുടെ ഭരണപരമായ ചെലവിനായി 2,13,000 രൂപ ചെലവാക്കിയതായി രേഖകള്‍ പറയുന്നു. നിലമേല്‍ തോട് നീര്‍ത്തട പദ്ധതി പ്രദേശമായ സ്ഥലങ്ങളിലെ അര്‍ഹരായ കൃഷിക്കാര്‍ക്ക് ഈ പദ്ധതിയുടെ ഒരു ഗുണവും ലഭിച്ചിട്ടില്ല എന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി കുറ്റപ്പെടുത്തി. കടമ്പനാട് ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നടത്തിയ റോഡുപണികളിലെയും എസ്.സി/എസി.ടി ഫണ്ടിലെയും തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ചും നീര്‍ത്തട പദ്ധതിപ്രകാരം ‘ഭൂവസ്ത്രം’ എന്ന പേരില്‍ കയര്‍ പായ വാങ്ങിയതും വികലാംഗര്‍ക്കുള്ള മുച്ചക്രവാഹനം വാങ്ങിയതുമായും ബന്ധപ്പെട്ട് നടത്തിയ അഴിമതികള്‍ക്കെതിരെ വിജിലന്‍സ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ പ്രസിഡന്‍റ് അവിനാഷ് പള്ളീനഴികത്തും സെക്രട്ടറി  റെജി മലയാലപ്പുഴയും പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.