ജില്ലയില്‍ പോരാട്ടത്തിന് വീറും വാശിയും ഏറുന്നു

പത്തനംതിട്ട: വോട്ടെടുപ്പിന് മൂന്നുദിവസം മാത്രം അവശേഷിക്കെ ജില്ലയില്‍ പോരാട്ടത്തിന് വീറും വാശിയും ഏറുന്നു. സ്ഥാനാര്‍ഥികള്‍ വിജയം ഉറപ്പിക്കാന്‍ അവസാന അടവും പയറ്റിത്തുടങ്ങി. രാഷ്ട്രീയത്തെക്കാളുപരി മത-സാമുദായിക പരിഗണനകള്‍ നിരത്തിയാണ് എല്ലാ സ്ഥാനാര്‍ഥികളും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത്.
ശനി, ഞായര്‍ ദിവസങ്ങളിലായി എല്ലാ സ്ഥാനാര്‍ഥികളും മൈക്ക് അനൗണ്‍സ്മെന്‍റ് തുടങ്ങി. എല്ലാ വാര്‍ഡുകളിലും പാരഡി ഗാനങ്ങളുമായി പ്രചാരണ വാഹനങ്ങള്‍ ചുറ്റിത്തിരിയുന്നു. ചില വാര്‍ഡുകളിലെ സ്ഥാനാര്‍ഥികള്‍ വരെ സ്വന്തമായി  പാരഡി ഗാനങ്ങള്‍ ഇറക്കിയിട്ടുണ്ട്. അവരുടെ പേര്, മത്സരിക്കുന്ന  വാര്‍ഡിന്‍െറ പേര്, ചിഹ്നം എന്നിവയെല്ലാം വിവരിക്കുന്ന ഗാനങ്ങളുമായാണ് പ്രചാരണ വാഹനങ്ങള്‍ ചുറ്റിത്തിരിയുന്നത്. 
ഇതുവരെ നടന്നുവന്നത് വീടുവീടാന്തരമുള്ള നേരിട്ടുള്ള വോട്ടഭ്യര്‍ഥനയായിരുന്നു. സ്ഥാനാര്‍ഥികളും കൂട്ടാളികളും അത് തുടരുന്നതിനൊപ്പമാണ് പ്രചാരണ വാഹനങ്ങളും രംഗത്തിറക്കിയത്. ഗൃഹപര്യടനം പല റൗണ്ട് കഴിഞ്ഞതോടെ വോട്ടര്‍മാരുടെ മനോനില സ്ഥാനാര്‍ഥികള്‍ക്ക് മനസ്സിലായിട്ടുണ്ട്. 
 വോട്ട് നല്‍കില്ല എന്ന് പറയുന്ന വോട്ടര്‍മാര്‍ നാമമാത്രമാണ്. ബഹുഭൂരിഭാഗവും ചെയ്യാമെന്ന് ഉറപ്പ് പറയുന്നവരാണ്. ഉറപ്പ് പാലിക്കപ്പെടുമോ എന്ന ആശങ്കയിലാണ് കൂടുതല്‍ ഉറപ്പിനുവേണ്ടി മറ്റ് വഴികള്‍ തേടുന്നത്. റെബലുകളും  പാരകളും സര്‍വത്ര ഉള്ളതിനാല്‍ വിജയിക്കും എന്ന ആത്മവിശ്വാസം ഇതിനകം നേടിയവര്‍ വളരെ ചുരുക്കമാണ്.  ജാതി, മത മേലാളന്മാരെ ഉപയോഗിച്ച് സ്വാധീനിക്കാനും ബന്ധുക്കളെയും അടുപ്പക്കാരെയും കളത്തിലിറക്കി ആടി നില്‍ക്കുന്ന വോട്ടര്‍മാരെ സ്വാധീനിക്കാനുമാണ് ശ്രമിക്കുന്നത്.
പൊതുവായ രാഷ്ട്രീയ സ്ഥിതിഗതികള്‍ തങ്ങള്‍ക്ക് അനുകൂലമാവുമെന്നാണ് എല്‍.ഡി.എഫ് നേതൃത്വത്തിന്‍െറ കണക്കുകൂട്ടല്‍. സംസ്ഥാന സര്‍ക്കാറിന്‍െറ അഴിമതിക്കഥകള്‍ പ്രചരിപ്പിക്കുന്നതിനാണ് എല്‍.ഡി.എഫ് നേതാക്കള്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. അതിനിടെ ബാര്‍ കേസില്‍ മാണിക്കെതിരായ കോടതി പരാമര്‍ശം കൂടി വന്നതോടെ എല്‍.ഡി.എഫിന് പ്രതീക്ഷ വര്‍ധിച്ചിരിക്കുകയാണ്. എല്‍.ഡി.എഫ് ജില്ലാപഞ്ചായത്തിലും അടൂര്‍, പന്തളം നഗരസഭകളിലുംനടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിവരിച്ച് പ്രകടന പത്രിക പുറത്തിറക്കിയിട്ടുണ്ട്. മുന്നണി ബന്ധത്തില്‍ ഘടകകക്ഷികളില്‍നിന്ന് കാര്യമായ പ്രശ്നങ്ങള്‍ അവര്‍ അഭിമുഖീകരിക്കുന്നില്ല.
പത്തനംതിട്ട, തിരുവല്ല നഗരസഭകളില്‍ പ്രകടന പത്രിക പുറത്തിറക്കാന്‍  എല്‍.ഡി.എഫ് നേതൃത്വത്തിന് കഴിയാതിരുന്നത് പോരായ്മയായി നില്‍ക്കുന്നുണ്ട്. എങ്കിലും ചിട്ടയായ പ്രചാരണ പ്രവര്‍ത്തനം അവര്‍ എല്ലായിടത്തും നടത്തുന്നു. 
അതൊന്നും യു.ഡി.എഫ് കേന്ദ്രങ്ങളെ അലട്ടുന്നില്ല. പത്തനംതിട്ട ജില്ലയില്‍ തങ്ങള്‍ക്ക് ശക്തമായ അടിത്തറ ഉണ്ടെന്ന ഉറച്ചവിശ്വാസം അവര്‍ക്ക് കരുത്തുപകരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം  തങ്ങള്‍ ഭരിച്ച തദ്ദേശ സ്ഥാപനങ്ങള്‍ കൈവരിച്ച നേട്ടമാണ് അവര്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ നിരത്തുന്നത്. ഒപ്പം 2005 മുതല്‍   2010 വരെ എല്‍.ഡി.എഫ് ഭരിച്ച തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി വിഹിതംപോലും നാമമാത്രമായാണ് ചെലവിട്ടതെന്ന കണക്കും അവര്‍ നിരത്തുന്നു. 
2005-2010 കാലത്ത് ജില്ലയില്‍ ഒരു തദ്ദേശ സ്ഥാപനം പോലും മികവിനുള്ള പുരസ്കാരത്തിന് അര്‍ഹമാകാതിരുന്നതും അവര്‍ ചൂണ്ടിക്കാട്ടുന്നു. വിമതരും റെബലുകളും മുന്നണിയിലെ പടലപ്പിണക്കവുമെല്ലാം യു.ഡി.എഫിന് ഒട്ടുമിക്കയിടത്തും തലവേദന സൃഷ്ടിക്കുന്നു. ജില്ലാപഞ്ചായത്തിലോ ഏതെങ്കിലും നഗരസഭകളിലോ തങ്ങള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിവരിച്ച് പ്രകടന പത്രിക പുറത്തിറക്കാന്‍ യു.ഡി.എഫിന് കഴിയാത്തത് പോരായ്മയായി നില്‍ക്കുന്നു. പ്രകടന പത്രികയില്ലാതെ പിന്നെന്ത് വോട്ടഭ്യര്‍ഥനയെന്ന പരിഹാസ്യത്തിനും അവര്‍ ഇരയാകുന്നു.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞത് ബി.ജെ.പിക്കാണ്. ഇത്തവണ വന്‍ മുന്നേറ്റമാണ് അവര്‍ ലക്ഷ്യമിട്ടത്. ജില്ല, ബ്ളോക് പഞ്ചായത്തുകളില്‍ അക്കൗണ്ട് തുറക്കാന്‍ അവര്‍ കിണഞ്ഞ് ശ്രമിക്കുന്നു. അതിനിടെ ദലിത് കുട്ടികളെ ചുട്ടുകൊന്ന സംഭവം, ബീഫ് വിവാദം തുടങ്ങിയവ ബി.ജെ.പിയുടെ പ്രതീക്ഷക്ക് മങ്ങലേല്‍പിച്ചിട്ടുണ്ട്. ദലിത് കൊലയും ബീഫ് വിവാദവും സ്വാധീനം ചെലുത്തിയത് യുവാക്കളിലാണെന്നത് വസ്തുതയാണെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ തന്നെ സമ്മതിക്കുന്നു. ചില സ്ഥലങ്ങളില്‍ യു.ഡി.എഫിലും എല്‍.ഡി.എഫിലും സീറ്റ് കിട്ടാതെ നിരാശയിലായവരെയും ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയിട്ടുണ്ട്.
പൊതുരാഷ്ട്രീയ സംഭവവികാസങ്ങളെക്കാള്‍ ബന്ധങ്ങളും സ്വാധീനവുമാണ് വോട്ടെടുപ്പില്‍ നിര്‍ണായകമാകുന്നതെന്നതാണ് സ്ഥാനാര്‍ഥികളെ അടവുകള്‍ പതിനെട്ടും പയറ്റാന്‍ നിര്‍ബന്ധിതരാക്കുന്നത്. പൊതു രാഷ്ട്രീയ സംഭവങ്ങള്‍ ഇഴപിരിച്ചാല്‍ ഒരു കൂട്ടര്‍ക്കും വോട്ട് കൈക്കലാക്കാന്‍ തക്കവിധം ഇമേജ് ലഭിക്കുന്നില്ല. പേരുദോഷങ്ങള്‍ ആവോളം മൂന്നുകൂട്ടര്‍ക്കുമുണ്ട്.  അതിനാലാണ് വിജയത്തിന് മറ്റ് വഴികള്‍ സ്ഥാനാര്‍ഥികള്‍ തേടി തുടങ്ങിയത്. പലവിധ സ്വാധീനങ്ങള്‍ക്ക് പരിശ്രമിക്കുന്ന സ്ഥാനാര്‍ഥികളില്‍ എവിടൊക്കെ ആരൊക്കെ വിജയിക്കും ഏത് കൂട്ടര്‍ക്ക് മേല്‍ക്കൈ ലഭിക്കും എന്നത് പ്രവചനാതീതമാക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.