മുന്‍ സെക്രട്ടറിക്കെതിരെ ശിക്ഷാ നടപടി ആവശ്യപ്പെട്ട് പ്രമേയം

പത്തനംതിട്ട: പത്തനംതിട്ട നഗരസഭാ കൗണ്‍സിലര്‍മാര്‍ക്കെതിരെ അടിസ്ഥാനരഹിത ആരോപണം ഉന്നയിച്ച നഗരസഭാ മുന്‍ സെക്രട്ടറിക്കെതിരെ അന്വേഷണം നടത്തി ശിക്ഷണ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ട് നഗരസഭാ കൗണ്‍സില്‍ പ്രമേയം പാസാക്കി. മുന്‍ സെക്രട്ടറി ആര്‍.എസ്. അനുവിനെതിരെയാണ് ഐകകണ്ഠ്യേന പ്രമേയം പാസാക്കിയത്. എല്‍.ഡി.എഫിലെ പി.കെ. അനീഷ് അവതാരകനായും യു.ഡി.എഫിലെ അഡ്വ. വത്സന്‍ ടി. കോശി അനുവാദകനായുമാണ് പ്രമേയം അവതരിപ്പിച്ചത്. പുതിയ ഭരണസമിതി അധികാരമേറ്റ ശേഷം ഭരണസമിതിയോടെ ആലോചിക്കാതെ ഏകാധിപത്യവും നിയമവിരുദ്ധവും ഭരണസമിതിയിലില്ലാത്ത ചില വ്യക്തികളുടെ താല്‍പര്യത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുകയും നിരവധി ദിവസങ്ങളില്‍ ക്രമവിരുദ്ധമായി അവധിയെടുക്കുകയും ചെയ്തു. അവര്‍ അവധിയിലായതിനാല്‍ ജനകീയാസൂത്രണ പദ്ധതി ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയും പെന്‍ഷന്‍ വിതരണം, വ്യക്തിഗത ഗുണഭോക്താക്കളുടെ ആനുകൂല്യം വിതരണം തുടങ്ങിയവ മുടങ്ങിയിരുന്നു. സെക്രട്ടറിയുടെ ക്രമവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് നഗരസഭാ വൈസ് ചെയര്‍മാന്‍ ഉള്‍പ്പെടെ കക്ഷിഭേദമന്യേ കൗണ്‍സിലര്‍മാര്‍ സെക്രട്ടറിയെ ഉപരോധിച്ചിരുന്നു. ഇതിന്‍െറ വൈരാഗ്യമായാണ് സെക്രട്ടറി നഗരസഭാ ചെയര്‍പേഴ്സണ്‍ രജനി പ്രദീപ് ഉള്‍പ്പെടെ കൗണ്‍സിലര്‍മാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് വാര്‍ത്താസമ്മേളനം നടത്തിയത്. കൗണ്‍സിലര്‍മാര്‍ക്കാര്‍ക്കും കഴിവില്ളെന്ന് പറഞ്ഞ് ആക്ഷേപിച്ചു. സെക്രട്ടറിയുടെ നടപടി ഭരണഘടനാ വിരുദ്ധവും പ്രോട്ടോകോള്‍ ലംഘനവുമാണെന്ന് പ്രമേയത്തില്‍ പറഞ്ഞു. പ്രമേയത്തെ കുറിച്ച് കൗണ്‍സിലര്‍മാര്‍ ചര്‍ച്ച ചെയ്ത ശേഷം ചെറിയ ഭേദഗതികളോടെ പ്രമേയം അംഗീകരിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.