ബാറ്ററി മോഷണം: കൂടുതല്‍പേര്‍ അറസ്റ്റില്‍

പന്തളം: മൊബൈല്‍ ടവറുകളെ കേന്ദ്രീകരിച്ച് ബാറ്ററി മോഷണം നടത്തിയ കേസില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റില്‍. 2013 മുതല്‍ നടന്നുവന്ന മോഷണങ്ങളിലെ പ്രതികളെയാണ് കഴിഞ്ഞ ദിവസം പന്തളം പൊലീസ് പിടികൂടിയത്. ഇലവുംതിട്ട വലിയകാലായില്‍ വീട്ടില്‍ തമ്പി മകന്‍ തിലക് (23), മെഴുവേലി ഞാറമൂട്ടില്‍ കിഴക്കേതില്‍ ഭദ്രന്‍െറ മകന്‍ വിഷ്ണു (23), മെഴുവേലി മുട്ടേയത്തില്‍ എന്നറിയപ്പെടുന്ന സുരാജ് ഭവനില്‍ സുരേഷിന്‍െറ മകന്‍ രഞ്ചു എന്നു വിളിക്കുന്ന സുരാജ് (21), ചെറുകോല്‍ കാട്ടൂര്‍പേട്ട ചൗക്കയില്‍ വീട്ടില്‍ കനിക്കുട്ടി മകന്‍ മെഴുവേലിയില്‍ ആക്രിക്കട നടത്തുന്ന അഹമ്മദ് സലീം (53) എന്നിവരാണ് കഴിഞ്ഞ രണ്ടുദിവസങ്ങളായി പൊലീസ് വലയിലായത്. തിലകിനെയും അഹമ്മദ് സലീമിനെയും പൊലീസ് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നതിങ്ങനെ: മെഴുവേലി, ഇലന്തൂര്‍ ഭാഗങ്ങളിലെ വൊഡാഫോണ്‍, ഐഡിയ ടവറുകളിലെ ബാറ്ററികള്‍ കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. പൊലീസ് ടവര്‍ അറ്റകുറ്റപ്പണി നടത്തുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. വോഡഫോണ്‍, ഐഡിയ തുടങ്ങിയ കമ്പനികളുടെ ടവറിന്‍െറ അറ്റകുറ്റപ്പണി ഇന്‍ഡസ് ടവേഴ്സ് ലിമിറ്റഡ് എന്ന കമ്പനിയാണ് നടത്തുന്നത്. കമ്പനിക്കുവേണ്ടി അറ്റകുറ്റപ്പണി നടത്തുന്ന യൂനിടെക് എന്ന സ്വകാര്യ കമ്പനിയില്‍ 2013-14 കാലയളവിലെ ടെക്നീഷ്യനായിരുന്നു ഒന്നാം പ്രതി തിലക്. കൂട്ടുകാരനായ വിഷ്ണു, സുരാജ് എന്നിവരുമായി ചേര്‍ന്നാണ് തിലക് 2013 മുതല്‍ ടവറുകളില്‍നിന്ന് ബാറ്ററികള്‍ അഴിച്ചുമാറ്റി ആക്രിക്കട നടത്തുന്ന അഹമ്മദ് സലീമിന് വിറ്റിരുന്നത്. വാഴക്കുന്ന്, മടുക്കക്കുന്ന്, ഇലന്തൂര്‍, ഇലന്തൂര്‍ മാര്‍ക്കറ്റ്, ചെന്നീര്‍ക്കര, ഇലവുംതിട്ട എന്നിവിടങ്ങളിലെ ടവറുകള്‍ കേന്ദ്രീകരിച്ചാണ് ബാറ്ററികളുടെ മോഷണം നടത്തിയിരുന്നത്. തിരുവന്തപുരം, കോഴഞ്ചേരി, ചുനക്കര, അയത്തില്‍ ഭാഗങ്ങളില്‍നിന്നായി അഞ്ചോളം ബാറ്ററികള്‍ പൊലീസ് കണ്ടെടുത്തു. പന്തളം സി.ഐ എ. സുരേഷ്കുമാര്‍, എസ്.ഐമാരായ എ. അയൂബ്ഖാന്‍, ബി. രമേശന്‍, സൂഫി, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശിവപ്രസാദ്, അനൂജ്, രാജേഷ് ചെറിയാന്‍, ശ്രീരാജ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. ഇലവുംതിട്ടയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ അനീഷിന്‍െറ കൈവെട്ടുകേസിലെ പ്രതിയാണ് പിടിയിലായ വിഷ്ണു. ഈ സംഭവത്തിനുശേഷം വിഷ്ണു ഒളിവിലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.