ആണ്‍മക്കളുടെ പീഡനത്തില്‍നിന്ന് സംരക്ഷണം തേടി പിതാവ്

പത്തനംതിട്ട: ആണ്‍മക്കളുടെ പീഡനത്തില്‍നിന്ന് സംരക്ഷണം തേടി 80കാരനായ പിതാവും മകളും. കൊടുമണ്‍ ചിരണിക്കല്‍ ഐക്കാട് സൗത് ബെഥേല്‍ മന്ദിരത്തില്‍ ജോണ്‍ ചാക്കോയും ഇളയ മകളുമാണ് നീതി തേടി അലയുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി ജില്ലാ പൊലീസ് മേധാവിയുടേതടക്കം ഓഫിസുകളില്‍ കയറിയിറങ്ങുകയാണെന്ന് ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 1964 മുതല്‍ മൂന്നര പതിറ്റാണ്ടിലധികം കോഴിക്കോട് മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിലെ ജീവനക്കാരനായിരുന്നു ജോണ്‍ ചാക്കോ. സ്വന്തമായി സമ്പാദിച്ച ഏഴേക്കര്‍ പുരയിടത്തില്‍ 65 സെന്‍റ് സ്ഥലവും വീടും ഒഴിച്ചുള്ളവ മക്കള്‍ക്ക് ഇഷ്ടദാനം നല്‍കി. ഇതിനിടെ 2013ല്‍ ഭാര്യ മരിച്ചതോടെയാണ് മക്കള്‍ തന്നെ സംരക്ഷിക്കുന്നതിന് തയാറാകാതെ വന്നതെന്ന് ജോണ്‍ പറയുന്നു. ഇളയ മകളെ ഭര്‍ത്താവ് ഉപേക്ഷിച്ചിരുന്നു. ഇവരും മകനും ജോണിനൊപ്പമാണ്. മക്കള്‍ സംരക്ഷിക്കുന്നില്ളെന്ന് വന്നതോടെ ദാനാധാരം നല്‍കിയ വസ്തുക്കള്‍ തിരികെ ലഭിക്കുന്നതിനുവേണ്ടി അടൂര്‍ ആര്‍.ഡി.ഒക്കും അടൂര്‍ മുന്‍സിഫ് കോടതിയിലും പരാതി നല്‍കി. മക്കള്‍ ദേഹോപദ്രവം ഏല്‍പിക്കുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പന്തളം സി.ഐ ഇടപ്പെട്ട് പിതാവിനെ വീട്ടില്‍ ജീവിക്കുന്നതിന് സാഹചര്യം ഒരുക്കണമെന്നും ദേഹോപദ്രവം ചെയ്യരുതെന്നും കാണിച്ച് ഇളയ മകന്‍ ഷാജിക്കും മരുമകള്‍ ഐക്കാട് മുറിയില്‍ ബഥനി വില്ലയില്‍ മഹിളാമ്മക്കും നിര്‍ദേശം നല്‍കിയിരുന്നു. പൊലീസ് നിര്‍ദേശം അവഗണിച്ച് കഴിഞ്ഞ ദിവസം ജോണിനെയും മകളെയും അവരുടെ മകനെയും പുറത്താക്കി വീടുപൂട്ടിയിട്ടു. ഇതിനെ തുടര്‍ന്ന് ബന്ധുക്കളുടെ വീടുകളില്‍ അന്തിയുറങ്ങുകയാണ് ഇവര്‍ ഇപ്പോള്‍. റിയാദിലുള്ള ജര്‍മന്‍ കമ്പനിയില്‍ അക്കൗണ്ട്സ് വിഭാഗം മാനേജറായ മൂത്ത മകനും ഭാര്യയും കൃത്രിമ രേഖകള്‍ ചമച്ച് താമസിച്ചു വന്ന 65 സെന്‍റ് വീടും സ്ഥലവും കൈക്കലാക്കിയതായും ജോണ്‍ പറയുന്നു. പരാതിയുമായി ചെല്ലുമ്പോള്‍ കുടുംബപ്രശ്നങ്ങള്‍ തീര്‍ക്കുന്നതിന് ഒരു പൊലീസ് സ്റ്റേഷന്‍ രൂപവത്കരിക്കാമെന്ന് പറഞ്ഞ് പന്തളം സി.ഐ പരിഹസിക്കുന്നതായും ഈ വൃദ്ധന്‍ പറയുന്നു. മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്ക് തടവറ ഉറപ്പാക്കുന്ന വിധത്തിലുള്ള നിയമസംവിധാനങ്ങളാണ് നമ്മുടെ നാട്ടിലുള്ളത്. അതൊന്നും അറിയാത്തതുപോലെയാണ് പൊലീസ് പെരുമാറുന്നതെന്നും ജോണ്‍ പറഞ്ഞു. വൃദ്ധരായ മാതാപിതാക്കളുടെ സ്വത്തും സമ്പാദ്യവും കിട്ടിയ ശേഷം അവരെ സംരക്ഷിക്കാതിരിക്കുന്ന മക്കള്‍ക്ക് കര്‍ശന ശിക്ഷ നല്‍കാന്‍ വ്യവസ്ഥയുണ്ട്. ഇഷ്ടദാനപ്രകാരവും മറ്റും സ്വത്ത് കൈവശപ്പെടുത്തിയ ശേഷം മക്കള്‍ മാതാപിതാക്കളെ സംരക്ഷിക്കുന്നില്ളെങ്കില്‍ ആധാരം അസാധുവാക്കി പ്രഖ്യാപിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. അതുവഴി സംരക്ഷിക്കാത്ത മക്കള്‍ക്ക് നല്‍കിയ സ്വത്ത് രക്ഷിതാക്കള്‍ക്ക് തിരിച്ചുകിട്ടുമെന്ന് നിയമ വിദഗ്ധര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.