അടൂരില്‍ കുടിവെള്ളം പാഴാകുന്നത് പതിവ്

അടൂര്‍: വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി അടൂരിലെ പാതകള്‍ തകരുന്നു. കായംകുളം-പത്തനാപുരം സംസ്ഥാന പാതയാണ് ഇത്തരത്തില്‍ വ്യാപകമായി തകരുന്നത്. ഏഴംകുളം നാല്‍കവലയിലും പറക്കോട്, കോട്ടമുകള്‍, മരിയ ആശുപത്രികവല, അടൂര്‍ കരുവാറ്റ-തട്ട-കൈപ്പട്ടൂര്‍ പാത എന്നിവിടങ്ങളില്‍ പൈപ്പ് പൊട്ടിയത് പരിഹരിക്കാതെ ടാര്‍ വീപ്പകളും പൊട്ടിയ പൈപ്പുകളുംവെച്ച് കുഴികള്‍ മൂടാതെയിട്ടിട്ട് ആഴ്ചകളായി. അടൂര്‍ ഗേള്‍സ് ഹൈസ്കൂള്‍കവല അമ്മകണ്ടകര റെസിഡന്‍സി കോളനി വഴിയില്‍ ഗാര്‍ഹിക കണക്ഷന്‍ പൈപ്പ് പൊട്ടി പാത തകര്‍ന്ന് ഒരാഴ്ചയായ കുടിവെള്ളം പാഴാകുകയാണ്. ജലപ്രവാഹം നിര്‍ത്താന്‍പോലും അധികൃതര്‍ തയാറായില്ല. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാട്ടര്‍ അതോറിറ്റി അസി. എന്‍ജിനീയറെ ഉപരോധിച്ചിരുന്നു. പരാതി പറയാന്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കാറില്ളെന്നും കാലപ്പഴക്കം വന്ന പൈപ്പുകള്‍ മാറ്റി പുതിയ പൈപ്പുകള്‍ സ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഏഴംകുളം കവലയില്‍ പൈപ്പ് പൊട്ടല്‍ പതിവാണ്. കൈപ്പട്ടൂര്‍, ഏനാത്ത്, കായംകുളം-പത്തനാപുരം പാതകളുടെ സംഗമസ്ഥാനമായ ഇവിടെ ട്രാഫിക് സിഗ്നല്‍ ലൈറ്റ് നിര്‍ദേശമനുസരിച്ച് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ബുദ്ധിമുട്ടായിരിക്കുകയാണ്. മുമ്പ് തൊട്ടടുത്തുതന്നെ ഏനാത്ത് പാത തുടങ്ങുന്നിടത്ത് കിഴക്കുഭാഗത്ത് പൈപ്പ് പൊട്ടിയത് അറ്റകുറ്റപ്പണിക്കായി കുഴിച്ചപ്പോള്‍ പൊതുമരാമത്ത് അധികൃതര്‍ എത്തി തടഞ്ഞത് വിവാദമായിരുന്നു. പൊതുമരാമത്ത് നിരത്ത് വിഭാഗം അടൂര്‍ അസി. എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തിന് സമീപം പാതക്കടിയിലെ പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴാകുകയും 20 ച.മീ. പാത പൂര്‍ണമായി തകരുകയും ചെയ്തു. അടുത്തിടെ പറക്കോട് ചന്തക്കവലയിലും ഇളമണ്ണൂര്‍ കെ.പി.പി.എം.യു.പി.എസിന് മുന്നിലും സബ്രജിസ്ട്രാര്‍ ഓഫിസിന് സമീപവും അടൂര്‍ പൊതുമരാമത്ത് കാര്യാലയത്തിന് മുന്നിലും പൈപ്പ് പൊട്ടി പാത തകര്‍ന്നിരുന്നു. അടൂര്‍ സെന്‍ട്രല്‍ കവല മുതല്‍ പുതുവല്‍വരെ പൈപ്പ് പൊട്ടലും പാത തകരലും പതിവാണ്. തകരുന്ന പാതയുടെ ഭാഗം സാധാരണ രീതിയില്‍ ടാര്‍ ചെയ്യുന്നതിനാല്‍ പൊങ്ങിയും താഴ്ന്നുമാണ് പാതയുടെ സ്ഥിതി. ഒന്നര വര്‍ഷം മുമ്പാണ് ദേശീയ പാത നിലവാരത്തില്‍ വികസനം നടത്തി ഈ പാത ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കിയത്. എന്നാല്‍, പാതയോരത്ത് മണ്ണിനടിയില്‍ ഉള്ള വാട്ടര്‍ അതോറിറ്റി പൈപ്പുകളും ബി.എസ്.എന്‍.എല്‍ കേബ്ളുകളും മാറ്റി സ്ഥാപിക്കാതെയാണ് വീതികൂട്ടി ടാര്‍ ചെയ്തത്. ടാറിങ് കഴിഞ്ഞാണ് ഇവ മാറ്റി സ്ഥാപിക്കാന്‍ ടെന്‍ഡര്‍ ആയത്. ഇതിനാല്‍ ഗുണനിലവാരം കുറഞ്ഞ പൈപ്പുകള്‍ പൊട്ടി പാത തകരുന്നത് പതിവാകുകയും ചെയ്യുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.